ഇന്ന് സെപ്റ്റംബർ 2 ലോക നാളികേര ദിനം. അന്താരാഷ്ട്ര നാളികേര സമൂഹത്തിൻറെ സ്ഥാപകദിനം എന്ന നിലയിലാണ് ഈ ദിവസം ലോക നാളികേര ദിനമായി ആചരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ തന്നെയാണ് ഭാരതം. ഭാരതത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്നത് കല്പ വൃക്ഷങ്ങളുടെ നാടായ കേരളമാണ്. നമ്മുടെ കേരളത്തിൻറെ കാർഷിക സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന വൃക്ഷമാണ് തെങ്ങ്. നമ്മുടെ ഭക്ഷണവിഭവങ്ങളിൽ തുടങ്ങി ആചാരാനുഷ്ഠാനങ്ങളിൽ വരെ സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് നാളികേരം. അത്രത്തോളം പ്രാധാന്യം നാളികേരത്തിന് ഉണ്ടായിട്ടും നമ്മുടെ നാട്ടിലെ കേരകർഷകർ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു. വിസ്തൃതിയിലും ഉൽപാദനത്തിലും കേരളം ഒന്നാമത് ആയിട്ടും ഉല്പാദനക്ഷമത താരതമ്യേന ഇവിടെ കുറവാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളും ഗവേഷണങ്ങളും ഈ മേഖലയിൽ നടക്കുന്നുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അതിൻറെ മുറയ്ക്ക് തന്നെ നടക്കട്ടെ. ഈ മേഖലയിൽ നിന്ന് ആദായം ലഭ്യമാക്കുവാൻ കർഷകർക്ക് ചില കാര്യങ്ങൾ ചെയ്യാം
കേരോല്പാദനം മെച്ചപ്പെടുത്തുവാൻ ഉൽപ്പാദനക്ഷമത കൂടിയ ഇനങ്ങൾ തിരഞ്ഞെടുക്കാം.കൃഷിയിടങ്ങളിൽ ബഹുവിള സമ്പ്രദായം അനുവർത്തിക്കാം.ഉൽപ്പാദനക്ഷമത കൂട്ടുന്ന കൃഷി ചെലവുകൾ കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ പരിചയപ്പെടാം. അതിലെ ആദ്യത്തെ ഘടകം തെങ്ങിലെ മികച്ച ഇനങ്ങൾ പരിചയപ്പെടുക എന്നതാണ്. സി.പി.സി.ആർ.ഐ പുറത്തിറക്കിയ മികച്ച തെങ്ങിൻ ഇനങ്ങൾ ഏതൊക്കെയെന്ന് നമുക്ക് ആദ്യം പരിശോധിക്കാം.
അറിയാം തെങ്ങിലെ മികച്ച ഇനങ്ങൾ
ഉയരം കൂടിയ ഇനങ്ങൾ, ഉയരം കുറഞ്ഞ ഇനങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തെങ്ങിനെ നമുക്ക് തരംതിരിക്കാം.
ഉയരം കൂടിയ ഇനങ്ങൾ അഥവാ നെടിയ ഇനങ്ങൾ
നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്ന ഒരിനമാണ് നെടിയ ഇനങ്ങൾ. സാധാരണ രീതിയിൽ ഇവ നട്ടു ഏകദേശം 5 മുതൽ 7 വർഷം കഴിയുമ്പോൾ കായ്ഫലം ലഭ്യമാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് പശ്ചിമതീരം നെടിയ ഇനവും പൂർവ്വതീര നെടിയ ഇനവും ആണ്. ചന്ദ്രകല്പ, കേരചന്ദ്ര, കല്പപ്രതിഭ, കല്പതരു, കല്പമിത്ര, കല്പശതാബ്ദി തുടങ്ങിയവയാണ് സി.പി.സി.ആർ.ഐ യിൽ നിന്ന് പുറത്തിറക്കിയ നെടിയ ഇനങ്ങൾ.
കുറിയ ഇനങ്ങൾ
ആയുർദൈർഘ്യം കുറഞ്ഞ കുറിയ ഇനങ്ങൾ പ്രധാനമായും ഇളനീർ ആവശ്യത്തിനു വേണ്ടിയും, സങ്കര ഇനങ്ങളുടെ ഉത്പാദനത്തിനുമാണ് കൃഷിചെയ്യുന്നത്. കുറിയ ഇനങ്ങൾ നട്ടു കഴിഞ്ഞ് ഏകദേശം മൂന്ന് മുതൽ നാല് വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. ചാവക്കാട് ഓറഞ്ച് കുറിയ ഇനം, കല്പശ്രീ, കല്പരക്ഷ, കല്പജ്യോതി, കല്പസൂര്യ തുടങ്ങിയവയാണ് സി.പി.സി.ആർ.ഐ യിൽ നിന്ന് പുറത്തിറക്കിയ കുറിയ ഇനങ്ങളിൽ പ്രധാനം. ഇവയിൽ കല്പശ്രീയും കല്പരക്ഷയും കാറ്റുവീഴ്ച രോഗബാധയുള്ള പ്രദേശങ്ങളിൽ അനുയോജ്യമാണ്. ചാവക്കാട് ഓറഞ്ച് കുറിയ ഇനം ഇളനീർ ആവശ്യങ്ങൾക്ക് വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം.
സങ്കരയിനങ്ങൾ
നെടിയ ഇനങ്ങളും കുറിയ ഇനങ്ങളും തമ്മിലുള്ള വർഗ്ഗസങ്കരണത്തിലൂടെയാണ് സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുന്നത്. സങ്കരയിനങ്ങൾ ഉൽപ്പാദനക്ഷമത കൂടിയവയും നേരത്തെ കായ്ക്കാൻ തുടങ്ങുന്നതും ആണ്. വളപ്രയോഗം ജലസേചനം തുടങ്ങി വിള പരിപാലനമുറകൾ നന്നായി അനുവർത്തിക്കാൻ കഴിയുന്ന സാഹചര്യത്തിൽ സങ്കരയിനങ്ങളിൽ നിന്ന് മികച്ച വിളവ് തന്നെ ലഭ്യമാക്കാം. കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പശ്രേഷ്ഠ തുടങ്ങിയവയാണ് സി.പി.സി.ആർ. ഐയിൽ നിന്ന് പുറത്തിറക്കിയ പ്രധാന സങ്കരയിനങ്ങൾ.
വിവരശേഖരണം – തെങ്ങ് കൃഷി രീതികൾ, (പ്രസിദ്ധീകരണം), നാളികേര വികസന ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
Discussion about this post