അപൂര്‍വ സസ്യങ്ങളിലൊന്നാണ് വിശുദ്ധവിത്ത് അഥവാ കൊക്കോ ഡി മെര്‍. ഇരട്ടത്തെങ്ങ് എന്നും ഇതറിയപ്പെടുന്നു. ലൊഡൊ ഐസീയേമാള്‍ഡിവിക്ക എന്നാണ് ശാസ്ത്രനാമം. തെങ്ങും പനയും ഒന്നായ പോലെയാണ് കൊക്കോ ഡി മെര്‍. യൂറോപ്യന്‍ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നല്‍കുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയിലാണ് ഇരട്ടവിത്ത് പ്രസിദ്ധമായത്.
വിശുദ്ധ വിത്തിനെ കുറിച്ചൊരു കഥയുണ്ട്. പണ്ട് കടല്‍ സഞ്ചാരികളാണ് വിശുദ്ധവിത്ത് കണ്ടെത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്നുവേ്രത ഇത്. ആകൃതിയും ഉള്ളിലെ കാമ്പിന്റെ സ്വാദുമാണ് ഇരട്ടത്തെങ്ങ് സഞ്ചാരികളെ ആകര്‍ഷിച്ചത്. ഈ സഞ്ചാരികള്‍ ഇതിന്റെ കായ കപ്പലില്‍ പെറുക്കിക്കൂട്ടി പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും വിറ്റഴിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഇരട്ടത്തെങ്ങിന്റെ കായ വീടുകളിലും മറ്റും സൂക്ഷിച്ചാല്‍ ഭാഗ്യം വരുമെന്നു വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവുമുള്ളത്. സീഷെല്‍സ്, ശ്രീലങ്ക, മാലി ദ്വീപ്, തായ്‌ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. എന്നാല്‍ ലോകമാകമാനം ഇന്ന് ഏകദേശം 4000 ഇരട്ടത്തെങ്ങുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ക്യാപ്റ്റന്‍ ഡഷ്മിന്‍ എന്ന നാവികന്‍ സെഷല്‍സില്‍ നിന്ന് ഇരട്ടത്തേങ്ങ മുംബയില്‍ കൊണ്ടു വന്നതായി പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ വളരുന്ന അദ്ഭുതശക്തിയുള്ള വിത്തായാണ് കൊകോ ഡിമെറിനെ കണ്ടിരുന്നത്. ഇതിന്റെ വിത്തിന് വലിയ വിലയായിരുന്നു. അതിന് കാരണം ആകൃതിയിലുള്ള സവിശേഷതയും, അത് ലഭിക്കാനുള്ള പ്രയാസവുമായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ കൊടുത്ത് ഇരട്ടത്തെങ്ങിന്റെ വിത്ത് സ്വന്തമാക്കിയ സംഭവം ചരിത്ര രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
പണ്ടുകാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ സിഷെല്‍സിലെ പ്രസ്ലിന്‍, ക്യൂരിയോസ് ദ്വീപുകളില്‍ മാത്രമാണ് ഇരട്ടത്തെങ്ങുകളുണ്ടായിരുന്നത്. ഈ ദ്വീപുകളില്‍ അന്ന് ആള്‍ത്താമസം ഉണ്ടായിരുന്നില്ല. ആ സമയത്ത് മരങ്ങളില്‍നിന്നു കായകള്‍ കടലിലേക്കു വീണിപോയിരുന്നു.കടലിന്റെ അടിത്തട്ടിലേക്ക് പോകുന്ന കായകള്‍ അവിടെക്കിടന്ന് ചകിരി അഴുകി വിത്ത് പുറത്തുവരും. പിന്നീട് മുകള്‍ത്തട്ടില്‍ പൊങ്ങുന്ന വിത്തുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ മാലദ്വീപിലെ സുല്‍ത്താന് നല്‍കണമെന്നായിരുന്നു അന്നത്തെ നിയമം. ആരെങ്കിലും അനധികൃതമായി അത് കൈവശംവെച്ചാല്‍ അവര്‍ക്ക് വധശിക്ഷയാണേ്രത നല്‍കിയിരുന്നത്.
കായ്ക്കാനും മൂക്കാനും മുളയ്ക്കാനും വര്‍ഷങ്ങളാണ് ഇതിന് വേണ്ടത്. ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്‍ മരവും പെണ്‍ മരവും ഉണ്ടെന്നതാണ്. വിത്ത് മുളയ്ക്കാന്‍ രണ്ടു വര്‍ഷവും പെണ്‍മരങ്ങള്‍ കായ്ക്കാന്‍ ഏകദേശം 50 വര്‍ഷത്തിലധികവും തേങ്ങ മൂക്കാന്‍ 6-7 വര്‍ഷവും വേണം.
ഇരട്ടത്തെങ്ങിന്റെ തേങ്ങയ്ക്ക് 15-30 കിലോഗ്രാം ഭാരമുണ്ടാകും. രണ്ട് തേങ്ങകള്‍ ഒട്ടിച്ചുവെച്ചത് പോലെയാണ് ഇരട്ടത്തെങ്ങിന്റെ ഫലത്തിന്റെ രൂപം.
Discussion about this post