പ്രതീക്ഷകളുടെ പൊൻ പ്രഭ ചൊരിഞ്ഞു ചിങ്ങമെത്തിയിരിക്കുന്നു. ഗൃഹാതുരത്വമേറുന്ന ഓർമ്മകളുടെ വസന്ത കാലത്തേക്കാണ് ചിങ്ങ പുലരി നമ്മെ നയിക്കുന്നത്. കെടുതിയുടെയും വറുതിയുടെയും കാലത്തിൽ നിന്ന് പ്രതീക്ഷയുടെ കാലത്തിലേക്കുള്ള ചുവടുവെപ്പ്. മഴയുടെ പുതപ്പുമാറ്റി പ്രകൃതിയും ചിങ്ങത്തെ വരവേൽക്കാൻ നമുക്ക് ഒപ്പം കൂടുന്നു. ഇന്ന് മലയാളികൾക്ക് പുതുവർഷാരംഭം കൂടിയാണ്. കർക്കിടകമാസത്തിന്റെ കറുത്ത കാർമേഘങ്ങൾ അകറ്റി സമ്പൽ സമൃദ്ധിയുടെ നാളുകളിലേക്ക് പ്രതീക്ഷയോടെ എല്ലാവരും ഉറ്റു നോക്കുന്നു. നമ്മുടെ കാർഷിക ഉത്സവമായ ഓണത്തെ വരവേൽക്കാൻ എല്ലാവരും തയ്യാറായി കഴിഞ്ഞിരിക്കുന്നു. അത്തം പിറക്കാൻ ഇനി അധികനാൾ ഇല്ല. വീട്ടുമുറ്റത്ത് വിവിധ നിറഭേദങ്ങളിൽ ഇനി പൂക്കൾ കളം വരയ്ക്കും. രാമായണ ശീലുകളുടെ ഈരടികളിൽ നിന്ന് മലയാളി മങ്കമാരുടെ തിരുവാതിര പാട്ടിൻറെ അലയൊലികൾ ചുറ്റും മുഴങ്ങും. തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയുമായി നാടാകെ ആഘോഷ ആരവങ്ങൾ ഉയരും.
പുതുവർഷാരംഭത്തിന്റെ നാന്ദി കുറിക്കുന്ന ഈ ദിനം കർഷക ദിനം കൂടിയാണ്. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻറെ മഹത്വത്തെ ഓർമ്മപ്പെടുത്തുന്ന സുദിനം. നമ്മുടെ നാടിൻറെ നട്ടെല്ലാണ് കർഷകർ. രാജ്യത്തിൻറെ സമഗ്ര വളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർഷികമേഖല. എന്നാൽ പ്രകൃതിയുടെ ഭാവമാറ്റവും, മഹാമാരിയുടെ കടന്നുവരവും ഈ മേഖലയിലും കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചു. അതിജീവനത്തിന്റെ പാതയിലാണ് ഇപ്പോഴും കാർഷിക മേഖല. കലി തുള്ളി വന്ന കാലവർഷം ഇത്തവണയും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യാൻ ആരംഭിച്ച പലർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്. വിളനാശം സംഭവിക്കുന്ന കർഷകർക്ക് പലപ്പോഴും സഹായഹസ്തങ്ങൾ ഉയരാത്തതും, അവരുടെ ദുഃഖങ്ങൾ കടലാസുകളിൽ ഒതുങ്ങി പോകുന്നതും തിരാവേദന തന്നെയാണ്. എത്രതന്നെ ദുരന്തക്കയത്തിലാണെങ്കിലും കർഷകർ പിന്നെയും പ്രകൃതിയോടും മണ്ണിനോടും മല്ലിട്ടു വിജയം വരിക്കാൻ ഒരുങ്ങുന്നു. കാരണം മണ്ണിലാണ് അവരുടെ ജീവനും ജീവിതവും. ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണുവാൻ ഈ സമൂഹം പഠിക്കണം . കർഷകർക്ക് അവർ ആഗ്രഹിക്കുന്ന പരിഗണന തന്നെ ലഭ്യമാക്കണം. ഈ ദിനം കർഷക കരിദിനമായല്ല ആചരിക്കപ്പെടേണ്ടത്. മറിച്ച് നമ്മുടെ കാർഷിക സംസ്കൃതിയെ തിരികെ കൊണ്ടുവരുന്ന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്ന ദിവസമായാണ് മാറേണ്ടത്. കാർഷിക സ്വയം പര്യാപ്തതയിലേക്ക് നാം എത്തുന്ന ഒരു നല്ല നാളെയുടെ തുടക്കമാകട്ടെ ഇന്ന്.
Discussion about this post