നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ പച്ചമുളകുണ്ടോ? മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചു നിര്‍ത്താനാകാത്ത വിളയാണ് പച്ചമുളക്. കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം പച്ചമുളക് വിളയിക്കാം. കറികള്‍ക്ക് എരിവ് പകരുന്നു എന്ന ദൗത്യം മാത്രമല്ല പച്ചമുളകിനുള്ളത്, ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്‌സെസിന്‍ ‘ എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.
തമിഴ് നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളകെന്നാണ്
കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലം വ്യക്തമാക്കുന്നത്. അവിടെയാണ് പച്ചമുളക് നമ്മുടെ സ്വന്തം അടുക്കളത്തോട്ടങ്ങളില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം.
4 ഗ്രാം വിത്താണ് ഒരു സെന്റ് സ്ഥലത്ത് മുളക് നടാന്‍ ആവശ്യം. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക് , മാലിമുളക് എന്നിവയാണ് പ്രധാന മുളക് ഇനങ്ങള്‍. മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.
വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ് മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് . ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്.അതിന് പുറമെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു.
ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഇവ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്‌ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
Content summery : Chilly farming tips
Discussion about this post