കാർഷിക സ്വയംപര്യാപ്തത എന്നത് ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തമായി കൂടി ഏറ്റെടുത്താൽ മാത്രമേ നമ്മൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കാർഷിക മുന്നേറ്റം കൈവരിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷക അവാർഡ് വിതരണവും കതിർ ആപ്പ് ലോഞ്ചിംഗും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാർഷിക സ്വയംപര്യാപ്തത നമ്മുടെ സമ്പദ്ഘടനയുടെ സുസ്ഥിരമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന് നമ്മുടെ അയൽ രാജ്യങ്ങളുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തരവാദിത്വപൂർണ്ണമായി ഏറ്റെടുക്കാൻ കൂടി ഈ കർഷകദിനാചരണം ഉപകരിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നമുക്കെല്ലാവർക്കും അറിയുന്നതുപോലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ അടിസ്ഥാന കാരണം കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്ന മേഖലയാണല്ലോ കാർഷികമേഖല. ഇത് കാർഷികമേഖലയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുമാകണം ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യേണ്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ രാജ്യത്ത് മഴയെ ആശ്രയിച്ചുള്ള നെല്ലിന്റെ വിളവ് 2050 ൽ 20 ശതമാനവും 2080 ൽ 47 ശതമാനവും കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗോതമ്പിന്റെ വിളവാകട്ടെ 2050 ൽ 19.3 ശതമാനവും 2080 ൽ 40 ശതമാനവും കുറയുമെന്നും, ഖാരിഫ്, ചോളം എന്നിവയുടെ വിളവ് ഇതേ വർഷങ്ങളിൽ യഥാക്രമം 18 ഉം 23 ഉം ശതമാനമായി കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഭാവിയിൽ ഭക്ഷ്യലഭ്യതാ കുറവും പോഷകാഹാര കുറവും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നർത്ഥം.
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് നമ്മുടെ കാർഷിക കലണ്ടറിലും സമൂലമായ മാറ്റങ്ങൾ ആവശ്യമായി വരികയാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലെ വിദഗ്ധർക്ക് പലതും ചെയ്യാനാകും. പുതിയ കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കൃഷിരീതികൾ വികസിപ്പിക്കാനും അവ കൃത്യമായ സമയങ്ങളിൽ നടപ്പാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. .
ഈ കാഴ്ചപ്പാടോടെയാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നത്. കേരളത്തിലെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2024-25 സാമ്പത്തിക വർഷം മുതൽ ഒരു പുതിയ പദ്ധതി നടപ്പാക്കുകയാണ്. കാർഷിക – കാലാവസ്ഥാ പ്രതിരോധ – മൂല്യവർദ്ധിത ശൃംഖലാ നവീകരണം (കെ ഇ ആർ എ). പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവർദ്ധനയ്ക്കായി ചെറുകിട കർഷകരുടെ വാണിജ്യവത്ക്കരണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാന പഠനം, അഗ്രോ ഇക്കോളജിക്കൽ സോൺ അടിസ്ഥാനമാക്കിയുള്ള കൃഷി, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ ശാക്തീകരണം, അഗ്രോപാർക്കുകളുടെ രൂപീകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ചെറുകിട തോട്ടവിള കർഷകർക്ക് സുസ്ഥിരമായ സാമ്പത്തിക വർദ്ധനവ് ലഭിക്കുംവിധം, റീ-പ്ലാന്റിംഗിനുള്ള ധനസഹായം നൽകാനും ഇതുവഴി സാധിക്കും.
കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുക, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുക, കാർഷികോൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, ഉൽപ്പന്ന സംഭരണം, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരികയാണ്. അതിൽ എടുത്തു പറയേണ്ടതാണ് മൂല്യവർദ്ധന ലക്ഷ്യം വച്ച് രൂപീകരിച്ച മൂല്യവർദ്ധിത കാർഷിക മിഷൻ.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് വിള ഇൻഷുറൻസ് പദ്ധതികൾ കർഷക സൗഹൃദവും ആകർഷകവുമാക്കുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ 33 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഫാം പ്ലാൻ പദ്ധതി പ്രകാരം മൂല്യവർദ്ധിത സംരംഭങ്ങൾക്കായി 2 കോടി രൂപ നീക്കിവച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പ്രകാരം രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിൽ മൂല്യവർധന മേഖലയിൽ ഇടപെടുന്നതിനായി ധനസഹായം ലഭ്യമാക്കി. കൂടാതെ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കേരളത്തിലെ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി ‘കേരളാഗ്രോ’ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു.
മൂല്യവർദ്ധനവ് ലക്ഷ്യമാക്കി കൃഷി വകുപ്പ് നടപ്പിലാക്കിവരുന്ന പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യു അഡിഷൻ പദ്ധതിയായ എസ് എഫ് എ ഡി മുഖേന, സൂക്ഷ്മ – ചെറുകിട സംരംഭങ്ങൾക്കും എഫ് പി ഒകൾക്കുമായി 2023-24 സാമ്പത്തിക വർഷത്തിൽ 6 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) രൂപീകരിച്ചിട്ടുണ്ട്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡിംഗ് നടപ്പാക്കുക, അവയ്ക്ക് ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള വിപണികളെ കണ്ടെത്താൻ സഹായിക്കുക, അഗ്രിപാർക്കുകൾ, അഗ്രി ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കുക, വിപണികളെ പരമാവധി നവീകരിക്കുകയും സംസ്‌കരണ വിപണനത്തിന് സജ്ജീകരിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കാർഷിക നവീകരണം, ഉത്പന്നങ്ങളുടെ വിപണനം, മൂല്യവർദ്ധന തുടങ്ങിയ മേഖലകളിൽ ഏകോപിത ഇടപെടലുകളിലൂടെ കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധനവ് സൃഷ്ടിക്കുക എന്നതാണ് സുപ്രധാന ലക്ഷ്യം. അതിനായി സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റങ്ങളെ കാർഷിക മേഖലയിലേക്ക് സ്വാംശീകരിച്ച് നവീനമായ കൃഷിമാതൃകകൾ പിന്തുടരുകയാണ്. നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 45 ടണ്ണായി ഉയർത്തിയും നാളികേരത്തിന്റെ ശരാശരി ഉത്പാദനം വർദ്ധിപ്പിച്ചും മറ്റു വിളകൾക്ക് കൃത്യമായ ടാർജറ്റ് നിശ്ചയിച്ചുമാണ് കാർഷികോത്പാദനരംഗത്ത് സർക്കാർ ഇടപെടൽ നടത്തിവരുന്നത്.
മൂല്യവർധിത ഉൽപ്പന്നങ്ങളടക്കമുൾക്കൊള്ളുന്ന ദ്വിതീയ കാർഷികമേഖലക്ക് പ്രാധാന്യം നൽകിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കിയും കർഷക സൗഹൃദ മൊബൈൽ ആപ്ലിക്കേഷന് തുടക്കം കുറിക്കുകയും ചെയ്യുകയാണ്. കേരള ഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ 14 ജില്ലകളിലും എത്തുകയാണ്. വിഷരഹിതമായ വ്യാപക പച്ചക്കറി കൃഷിയിട പദ്ധതിയിലേക്ക് സംസ്ഥാനം കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുതിർന്ന കർഷകനായ പി ഗംഗാധരൻ, കർഷക തൊഴിലാളി പി നെൽസൻ എന്നിവരെ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു.
Discussion about this post