പ്രോട്ടീനുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ലാമിയേസിയെ കുടുംബാംഗമായ ചിയ ചെടികളുടെ വിത്തുകളാണിവ. കറുത്ത നിറത്തിലുള്ള ചെറു വിത്തുകൾ. കാപ്പി, വെളുപ്പ്, എന്നീ നിറങ്ങളും വിത്തുകളിൽ കാണാം. ഭാരത്തിന്റെ പന്ത്രണ്ട് മടങ്ങിൽ കൂടുതൽ വെള്ളം വലിച്ചെടുക്കാനുള്ള കഴിവുണ്ട് ചിയ വിത്തുകൾക്ക്. മെക്സികോ ആണ് ചിയ ചെടികളുടെ ജന്മദേശം.
പ്രോട്ടീനുകളും ശരീരത്തിന് ആവശ്യമായ ‘നല്ല’ കൊഴുപ്പുകളും ഒത്തിരിയുണ്ട് ചിയ വിത്തിൽ. ശരീരത്തിൽ നിർമ്മിക്കാനാവാത്ത, എന്നാൽ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിന് അത്യന്താപേക്ഷിതമായ രണ്ട് ഫാറ്റി ആസിഡുകളാണ് ലിനോലെയിക് ആസിഡ്, ലിനോലെനിക് ആസിഡ് എന്നിവ. ഇവ രണ്ടും ഒത്തിരിയുണ്ട് ചിയ വിത്തിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ വിത്തുകൾ. യോഗർട്ട്, ബ്രെഡ്, പുഡ്ഡിംഗ്, എന്നിവയിലെല്ലാം ചേർത്ത് ഉപയോഗിക്കാവുന്ന ചേരുവയാണ് ചിയ വിത്ത്.
സാൽവിയ ഹിസ്പാനിക എന്നാണ് ചിയ ചെടികളുടെ ശാസ്ത്രനാമം. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കും. പർപ്പിൾ നിറത്തിലുള്ള പൂക്കളാണ്. ഒത്തിരി ഇനങ്ങളുണ്ട് ചിയ ചെടികളിൽ. ഇനങ്ങൾക്കനുസരിച്ച് വിത്തുകളുടെ ഗുണവും മാറിക്കൊണ്ടിരിക്കും. ചിയ ചെടികളുടെ ഇലയിൽ നിന്നെടുക്കുന്ന എണ്ണയ്ക്ക് കീടങ്ങളെ അകറ്റാനുള്ള കഴിവുമുണ്ട്.
Discussion about this post