ആലപ്പുഴ: ‘അഗ്രികൾച്ചർ’ എന്ന വാക്കിൽ തന്നെ സംസ്കാരം ഉണ്ടെന്നും എപ്പഴോ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരത്തിലേക്ക് കേരളം കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും കേരള നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. ചേര്‍ത്തല നിയോജകമണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് സംഘടിപ്പിക്കുന്ന ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024 പ്രദര്‍ശത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു സ്പീക്കർ.
കേരളത്തിൻറെ ചരിത്രം കർഷക സമരങ്ങളുടെ ചരിത്രം കൂടിയാണ്. യുവാക്കൾ കൂടുതലായി കൃഷിയിലേക്ക് കടന്നു വരുന്നുണ്ട്.മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണിയിലേക്ക് അവരെ ആകർഷിക്കുന്നതിന് കൃഷിവകുപ്പും കൃഷിമന്ത്രിയും പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്ന് സ്പീക്കർ പറഞ്ഞു. കാലാവസ്ഥ മാറ്റം കാർഷിക മേഖലയെ കാര്യമായി ബാധിക്കുന്നു. കാർഷിക സർവകലാശാലകളും കൃഷി പഠനകേന്ദ്രങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകളിൽ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനുള്ള കഠിനമായ പരിശ്രമം നടത്തേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ കാർഷിക മേഖലയിൽ നാം സ്വയം പര്യാപ്തിയിലേക്കെത്തണം. അതിനുള്ള ശ്രമം കൂടിയാണ് കരപ്പുറം കാർഷിക കാഴ്ച. കൃഷി മന്ത്രിയുടെ ഈ ശ്രമം ചേർത്തലയുടെ കാർഷിക വളർച്ചയ്ക്ക് ഇത് പുതിയ ദിശാബോധം നൽകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രാഥമിക കാർഷിക മേഖലയ്ക്കൊപ്പം ദ്വീതീയ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകിവരുകയാണെന്ന് മന്ത്രി പറഞ്ഞു.പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്ത ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വകുപ്പ് കൊണ്ടുവരുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
Content summery : Cherthala Polima-Karappuram agricultural started
Discussion about this post