ചെമ്പാവിന്റെ ഷൂട്ടിങിന് തുടക്കമായി.ചേറുണ്ടെങ്കിലും ചെളിയുണ്ടെങ്കിലും കർഷകരെ ചേർത്ത് നിർത്തണമെന്ന് പറയുന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് നിർവഹിച്ചത്. സിനിമയെക്കുറിച്ച് മാധ്യമപ്രവർത്തകൻ തയ്യാറാക്കിയ രസകരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ മാന്നാനൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്
“ചെമ്പാവ് പാടത്തെ ” പുത്തരി കതിര് കൊയ്യാൻ കൃഷി മന്ത്രിയെത്തി..
നടൻ ശ്രീനിവാസൻ്റെ ഉപദേശത്തിൽ കഥാകൃത്ത് കർഷകനായ കഥയാണിത്.
കർഷകൻ്റെ കഥ പറയാൻ കഥാകൃത്ത് വയലിൽ ഇറങ്ങി ചേറ്റനുഭവങ്ങളെ കുഴച്ച് സ്വന്തമാക്കി. ആ കൃഷി അനുഭവങ്ങളെ ഒരു കഥയാക്കി അതിന് പേരിട്ടു. ഒരു പഴയ നെൽവിത്തിൻ്റെ പേര്.
” ചെമ്പാവ് ” അത് കഥയായി, കലയായി, സിനിമയായി വളരുന്നതാണ് ചെമ്പാവ്.
ചെമ്പാവിൻ്റെ കഥ കേട്ട നടൻ ശ്രീനിവാസൻ്റെ ഉപദേശമാണ് വയലിലേയ്ക്കുള്ള വഴികൾ കാട്ടികൊടുത്തത്.
സിദ്ധീക്ക് വളളത്തോൾ നഗറിൻ്റെ
ചേറിൻ്റെ മണമുള്ള “ചെമ്പാവ് ” സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവ്വഹിച്ചു.
ചെറുതുരുത്തി താഴപ്ര പാടശേഖരത്തിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ചടങ്ങ്. ഉദ്ഘാടകനായി എത്തിയ
കൃഷിമന്ത്രി സുനിൽ കുമാറിൻ്റെ വാക്കുകളിലൂടെ …
” ചേറിൽ കൈ കുത്തിയവനേ, ചോറിൽ കൈ കുത്താൻ അവകാശമുള്ളൂ… ” എന്നൊരു പ്രയോഗമുണ്ട്. അത് എല്ലാവർക്കും പാലിക്കാനായില്ലെങ്കിലും ചേറിൽ കൈ കുത്തുന്നവരെ മാനിക്കാനെങ്കിലും നമ്മൾ തയ്യാറാവണം. ”
അട്ടപ്പാടിയിലെ ഒരു വേറിട്ട അനുഭവവും മന്ത്രി പങ്കിട്ടു.
“ഒരിക്കൽ മന്ത്രി എന്ന നിലയിൽ അട്ടപ്പാടിയിൽ ഒരു കാർഷിക പരിപാടിക്ക് ചെന്നു. ആദിവാസികൾ അവരുടെ സംസ്ക്കാര മര്യാദകളോടെ സ്വീകരിച്ചു.
വയലിലേക്കിറങ്ങാൻ നേരം ഊര് മൂപ്പൻ ചെരുപ്പുകൾ ഊരിവെക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു.
“തായ (അമ്മ, ദൈവം )ആണ് മണ്ണ്, വയൽ എന്നും ചെരുപ്പിട്ട് ചവിട്ടരുതെന്നും ‘ പറഞ്ഞ്.
നമ്മൾ ചെരുപ്പൂരിവെയ്ക്കുന്നതോ …? ആരാധനാലയങ്ങൾക്ക് മുന്നിൽ മാത്രം ..
മൂന്ന് ദിനം വ്രതമെടുത്ത ശേഷമാണ് ആദിവാസികൾ പാടത്ത് വിത്തെറിയുന്നത്. പ്രാർത്ഥനയോടെ നാലു ദിശയിലേക്കും, ആകാശത്തേക്കും വിത്തെറിയും.
എന്താണ് ആ പ്രാർത്ഥന എന്ന് ഞാനവരോട് തിരക്കി. അവർ പറഞ്ഞു – ” എല്ലാ മനുഷ്യർക്കും, പക്ഷിമൃഗാദികൾക്കും അന്നം കിട്ടാൻ നല്ല വിളവ് ഉണ്ടായി അനുഗ്രഹിക്കട്ടെ, എന്ന മണ്ണിനോടുള്ള, പ്രകൃതിയോടുള്ള പ്രാർത്ഥന ”
അന്ന് അട്ടപ്പാടിയിൽ നിന്ന് അങ്ങിനെ പലതും പഠിച്ചു. അവർ പഠിപ്പിച്ചു.
“ചെമ്പാവി” ൽ മന്ത്രിയായി തന്നെ ഒരു വേഷം ചെയ്യണമെന്ന അപേക്ഷ അംഗീകരിച്ചാണ് മന്ത്രി സുനിൽ കുമാർ വേദി വിട്ടത്.
“ചേറുണ്ടാവും, ചേറ്റു മണമുണ്ടാവും…
എങ്കിലും ചേർത്ത് നിർത്തണം, ചോറ് തരുന്നവരാണ് കർഷകർ ..” ആ ചേറ്റ് മണത്തിൻ്റെ കഥയാണ് ചെമ്പാവ്.
Discussion about this post