തെങ്ങിന്റെ ഏറ്റവും അപകടകാരിയായ ശത്രുവാണ് ചെമ്പൻ ചെല്ലി. ചെമ്പൻ ചെല്ലിയുടെ ആക്രമണം തുടക്കത്തിൽതന്നെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക പ്രയാസമായിരിക്കും. കൂർത്ത വദന ഭാഗമുള്ള വീവിൽ വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ചെമ്പൻ ചെല്ലി. തെങ്ങുകളിലുണ്ടാകുന്ന മുറിവുകളിൽ നിന്ന് വരുന്ന നീരിന്റെ ഗന്ധത്തിൽ ആകൃഷ്ടരായാണ് ചെമ്പൻ ചെല്ലികളെത്തുന്നത്. മുറിവുകളിലൂടെ ഉള്ളിൽ കടന്ന് തെങ്ങിനുള്ളിൽ മുട്ടയിട്ട് ഇവ പെരുകുന്നു. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കാലില്ലാത്ത പുഴുക്കൾ തെങ്ങിന്റെ ഉൾഭാഗം തിന്ന് ജീവിക്കും. പിന്നീട് തെങ്ങിനുള്ളിലെ നാരു കൊണ്ട് തന്നെ കൂടുണ്ടാക്കി അതിൽ സമാധി ദശയും പൂർത്തിയാക്കും. ഇതിനുശേഷമാണ് പൂർണ്ണവളർച്ചയെത്തിയ ചെമ്പൻ ചെല്ലികൾ പുറത്തേക്ക് വരുന്നത്. 5 മുതൽ 20 വർഷം വരെ പ്രായമായ തെങ്ങുകളിലാണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം കൂടുതലായി കണ്ടു വരുന്നത്.
ആക്രമണ ലക്ഷണങ്ങൾ
തടിയിൽ കാണുന്ന ദ്വാരങ്ങൾ ശ്രദ്ധിച്ചാൽ അവയിലൂടെ പുറത്തേക്ക് വരുന്ന അവശിഷ്ടങ്ങളും കറുത്തുകൊഴുത്ത ദ്രാവകവും കാണാം. മടലിന്റെ കവിൾ ഭാഗത്ത് വിള്ളലുകൾ വരുന്നതായും മടലുകൾ ഒടിഞ്ഞു തൂങ്ങുന്നതായും കാണാം. ഇലകളിൽ മഞ്ഞളിപ്പും പ്രകടമാകും.
ചെമ്പൻ ചെല്ലികൾ തെങ്ങിനെ മൂന്ന് രീതിയിൽ ആക്രമിക്കാം. തെങ്ങിന്റെ കൂമ്പുചീയൽ രോഗം, കൊമ്പൻചെല്ലിയുടെ ആക്രമണം എന്നിവകൊണ്ടുണ്ടാകുന്ന മുറിവിലൂടെ അകത്തുകടന്ന് തെങ്ങിന്റെ മണ്ട മറിച്ചിടുന്നതാണ് ഒരു രീതി. തെങ്ങിന്റെ തടിയിൽ ഉണ്ടാകുന്ന മുറിവുകളിലൂടെ അകത്തുകടന്ന് തെങ്ങ് ഒടിച്ചു വീഴ്ത്താറുമുണ്ട്. ചിലയിടങ്ങളിൽ ചുവടുവച്ച് തന്നെ മറിച്ചിടുന്നതായും കാണാം.
ചെമ്പൻ ചെല്ലിയുടെ ആക്രമണവിധേയമായ ഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഉൾഭാഗം ചവച്ചുതുപ്പിയതുപോലെ കാണാം. ഒപ്പം പുഴുക്കളും സമാധി ദശകളുമുണ്ടാകും.
നിയന്ത്രണ മാർഗങ്ങൾ
തോട്ടം വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. തെങ്ങിന്റെ ചുവടിനോട് ചേർത്ത് ചകിരിച്ചോറ്, തൊണ്ട് മുതലായവ ഇടരുത്. ചെമ്പൻ ചെല്ലിയുടെ ആക്രമണത്താൽ നശിച്ചുപോയ തെങ്ങുകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി കത്തിച്ചു കളയണം. തെങ്ങു കയറുന്നതിനുള്ള എളുപ്പത്തിനായി തടിയിൽ പടവുകൾ പോലുള്ള മുറിവുകൾ ഉണ്ടാക്കുന്ന പ്രവണത ഒഴിവാക്കണം. ഓലമടൽ തെങ്ങിൽ തന്നെ അവശേഷിപ്പിച്ച് ബാക്കിയുള്ള ഭാഗം മാത്രം വെട്ടാം. മടലിലുണ്ടാകുന്ന മുറിപ്പാടിലൂടെ ചെമ്പൻചെല്ലികൾ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. മടലിന് നീളം കൂടുതലാണെങ്കിൽ ഇവ തുരന്ന് തെങ്ങിനുള്ളിലേക്ക് എത്തുന്നതിനു മുൻപുതന്നെ മടൽ കൊഴിഞ്ഞു വീണു കൊള്ളും.കൊമ്പൻ ചെല്ലിയുടെ ആക്രമണം മൂലമുണ്ടാകുന്ന മുറിവുകളിലൂടെ ചെമ്പൻചെല്ലി തെങ്ങിനുള്ളിലേക്ക് പ്രവേശിക്കുമെന്നതിനാൽ കൊമ്പൻചെല്ലിയുടെ നിയന്ത്രണ മാർഗങ്ങളെല്ലാം തീർച്ചയായും സ്വീകരിക്കണം. ഫെറോലൂർ എന്നറിയപ്പെടുന്ന ചെമ്പൻ ചെല്ലിയുടെ ഫിറമോൺ കെണികൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം കെണികളെ തോട്ടത്തിന് പുറത്ത് വേണം സ്ഥാപിക്കാൻ. കെണിയിലകപ്പെടുന്ന ചെല്ലികളെ കൃത്യമായി ശേഖരിച്ച് നശിപ്പിക്കുകയും വേണം.
ഫെറോലൂർ വയ്ക്കുന്ന ബക്കറ്റ് കെണിയിൽ കീടനാശിനി അടങ്ങിയ വെള്ളമൊഴിക്കണം. ചെല്ലിയുടെ ആക്രമണം കൂടുതലുള്ള പ്രദേശങ്ങളിൽ നാമ്പോലക്ക് ചുറ്റുമുള്ള നാലോ അഞ്ചോ ഓലക്കവിളുകളിൽ ക്ലോറാൻട്രാനിലിപ്രോൾ എന്ന തരി രൂപത്തിലുള്ള കീടനാശിനി 20 ഗ്രാം 200ഗ്രാം മണലുമായി ചേർത്ത് നിറയ്ക്കാം. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ ഇമിടാക്ലോപ്രിഡ് എന്ന കീടനാശിനി 1ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ഫണൽ ഉപയോഗിച്ച് ചെല്ലി പ്രവേശിച്ച മുറിവുകളിലൂടെ തെങ്ങിനുള്ളിലേക്ക് ഒഴിച്ചു കൊടുക്കാം. കീടനാശിനികൾ ഉപയോഗിക്കുന്ന സമയത്ത് ഗ്ലൗസ്, മാസ്ക് മുതലായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തീർച്ചയായും ശ്രദ്ധിക്കണം.
Discussion about this post