തെങ്ങിന്റെ പ്രധാന ശത്രുവായ ചെല്ലികളെ നശിപ്പിക്കാൻ കർഷകർ ഇന്ന് നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. ചിലത് ഒക്കെ വിജയിക്കുന്നുമുണ്ട്. എന്നാൽ വളരെ ചിലവ് കുറഞ്ഞതും ,എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതുമായ ഒരു ചെല്ലി കെണിയെക്കുറിച്ച് മനസ്സിലാക്കാം.
അതിനായി വേണ്ടത് ആവണക്കിൻ കുരു ആണ്. പണ്ട് നമ്മുടെ പാടവരമ്പിലും ഒക്കെ യഥേഷ്ടം ആവണക്കിൻ മരങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അങ്ങിനെയൊന്നും കാണുമെന്നും തോന്നുന്നില്ല. ആവണക്കിൻ കുരു ഇപ്പോൾ വിപണിയിൽ വാങ്ങാന്‍ കിട്ടുന്നുണ്ട്. രണ്ട് കിലോ ആവണക്കിൻ കുരു പൊടിച്ച് ഒരു ബക്കറ്റിൽ രണ്ട് ലിറ്റർ വെള്ളം ചേർത്ത് ഇളക്കി മൂടി കെട്ടി വയ്ക്കുക.
പതിനഞ്ച് ദിവസത്തിന് ശേഷം ഇവ നന്നായി പുളിച്ചിട്ടുണ്ടാകും , അതോടൊപ്പം രൂക്ഷമായ ഗന്ധവും ഉണ്ടാകും. അതിലേക്ക് രണ്ട് ലിറ്റർ വെള്ളം കൂടി ചേർത്ത് തെങ്ങിൻ തോപ്പിൽ തുറന്ന് വയ്ക്കാം. ഇതിൽ നിന്നുള്ള രൂക്ഷമായ ഗന്ധത്തിൽ ആകൃഷ്ടരായി ചെല്ലികൾ ഇതിൽ അകപ്പെടും.
ചെല്ലികളോട് ഒപ്പം മിത്രകീടങ്ങളായ കരിവണ്ട് പോലുള്ള ജീവികൾ അകപ്പെടാതെ നോക്കുകയും വേണം. ഒരു കെണി രണ്ട് മാസത്തിൽ കൂടുതൽ ഉപയോഗിക്കുവാൻ കഴിയും. ഒരു ഏക്കർ സ്ഥലത്ത് രണ്ടോ ,മൂന്നോ കെണികൾ മതിയാകും. ആവണക്കിന്റെ കുരുവിൽ അടങ്ങിയിരിക്കുന്ന റയ്സിൻ എന്ന വിഷവസ്തു ആണ് ചെല്ലികളുടെ മരണത്തിന് കാരണമാകുന്നത്. ഈ കെണിയിലെ ദ്രാവകം മറ്റ് വളർത്തുമൃഗങ്ങൾ ഭക്ഷിക്കാതെ നോക്കുകയും വേണം.
ഒരു കീടനാശിനി എങ്ങിനെ കൈകാര്യം ചെയ്യുന്നോ അതുപോലെ തന്നെ വേണം ഇതും കൈകാര്യം ചെയ്യുവാൻ. ആവണക്കിൻ ചെടി ഒരു ഔഷധച്ചെടി ആയിട്ടാണ് കരുതുന്നത് എങ്കിലും അതിന്റെ കുരുവിൽ ജീവജാലങ്ങൾക്ക് മരണകാരണം ആകുന്ന വിഷവും ഉണ്ട്. ആവണക്കിൻ കുരുവിൽ നിന്നും എടുക്കുന്ന എണ്ണ പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. കെണിയിൽ വീഴുന്ന ചെല്ലികളെ യഥാസമയം എടുത്ത് കളയുവാൻ ശ്രമിക്കുക.
Discussion about this post