ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലയളവാണ്. മണ്ണിലോ ഗ്രോബാഗുകളിലോ കവറുകളിലോ ചീര കൃഷി അനായാസം ചെയ്യാം. ഇലക്കറികളിൽ വച്ച് ധാരാളം പോഷകാംശങ്ങൾ നിറഞ്ഞിരിക്കുന്ന ചീര എല്ലാവർക്കും കുറഞ്ഞ പരിപാലനം കൊണ്ട് വളർത്തിയെടുക്കാവുന്ന ഒന്നാണ്. ജീവകങ്ങളായ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവയും ധാതുക്കളായ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയും സമ്പന്നമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചീര പകർന്നുനൽകുന്ന ആരോഗ്യഗുണങ്ങൾ വാക്കുകൾക്കതീതമാണ്. ഇത്രത്തോളം പോഷകാംശമുള്ള ചീര കൃഷി ചെയ്യുവാൻ ഒരുങ്ങിക്കോളൂ.
ചീരകൃഷി അറിയേണ്ടതെല്ലാം
ഏറ്റവും കൂടുതൽ വിളവ് തരുന്നതും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷിചെയ്യാവുന്ന ഇനങ്ങളാണ് അരുൺ, കണ്ണാറ നാടൻ, രേണു ശ്രീ, മോഹിനി, CO-1, CO-2, CO-3 തുടങ്ങിയവ. കിളച്ചു ഒരുക്കിയ സ്ഥലത്ത് നേരിട്ട് വിത്തുകൾ പാകിയും, തൈകളുണ്ടാക്കി പറിച്ചു നടുന്ന രീതിയും ഈ കൃഷിയിൽ അവലംബിക്കാം. പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി കൃഷി ചെയ്താൽ ഒരു പരിധിവരെ കീടരോഗ സാധ്യത കുറയും. വെള്ളം അധികം കെട്ടിനിൽക്കാത്ത സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമാണ് ചീര കൃഷിക്ക് ഏറ്റവും അനുയോജ്യം.
ഏകദേശം ഒരു സെൻറ് സ്ഥലത്തേക്ക് 5 ഗ്രാം വിത്ത് വേണ്ടി വരുന്നു ചീരവിത്ത് പാകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിനൊപ്പം മണൽ പൊടിയും, അരിപ്പൊടി കലർത്തി പാകണമെന്നതാണ്. ഇങ്ങനെ ചെയ്താൽ ഉറുമ്പ് ശല്യം ഇല്ലാതാക്കാം. വിത്ത് പാകിയതിനുശേഷം രണ്ടുനേരവും ചെറു നന നൽകണം. ചെടി മുളച്ച് ഏകദേശം നാലില പ്രായമാകുമ്പോൾ മാറ്റി നടാം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി വേണം തൈകൾ നടുവാൻ. ചാലുകളിൽ ഒരടി ഇടവിട്ട് തൈകൾ നടാം. തൈകൾ നടുന്നതിന് മുൻപ് സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആ ലായനിയിൽ ചെടിയുടെ വേരുകൾ ഇരുപതുമിനിറ്റ് മുക്കി വച്ചതിനുശേഷം നടുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നല്ലതാണ്.
അടിവളമായി ചാണക പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവ നൽകുന്നതാണ് ഉത്തമം. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ഗോമൂത്രം എട്ടരടി വെള്ളംചേർത്ത് മേൽവളമായി ഉപയോഗിക്കുന്നത് മികച്ച വിളവ് ലഭ്യമാക്കുവാൻ കാരണമാകും. ഇതുകൂടാതെ പത്ത് ദിവസത്തിലൊരിക്കൽ ജീവാമൃതം നൽകുന്നതും ചീര കൃഷിക്ക് നല്ലതാണ്. കൂടാതെ ഒരു കിലോഗ്രാം ചാണകസ്ലറി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചുവട്ടിൽ തളിക്കുന്നതും നല്ലതാണ്. ചാണകസ്ലറി കിട്ടാത്ത പക്ഷം കടലപ്പിണ്ണാക്ക് ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് ആഴ്ചതോറും സ്പ്രേ ചെയ്താൽ മതി. ചീര വിളവെടുപ്പ് കഴിഞ്ഞതിനുശേഷം ഗോമൂത്രം നേർപ്പിച്ച് ചെടികളിൽ തളിക്കുന്നത് അടുത്തതവണ നല്ല വിളവ് ലഭ്യമാക്കുവാൻ കാരണമാകും. ചീര കൃഷി ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് കള നീക്കം ചെയ്യലും പുതിയിടലും. ചീര തടങ്ങളിൽ പച്ചിലകൊണ്ട് പുതിയിട്ട് നൽകുന്നതും നല്ലതാണ്.
ചീര കൃഷിയിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന് സ്യൂഡോമോണസ് ലായനി (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത്) രണ്ടാഴ്ചത്തെ ഇടവേളകളിൽ തളിച്ചു കൊടുത്താൽ മതി. ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കുന്നതും രോഗ സാധ്യതകൾ ഇല്ലായ്മ ചെയ്യും. ചീര കൃഷിയിൽ അധികമായി ചാരം ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടാതെ നല്ല വിളവ് ലഭ്യമാക്കുവാൻ ആട്ടിൻ കാഷ്ഠവും കുമ്മായവും ചേർത്തു പൊടിച്ച് ചുവട്ടിൽ ഇട്ടു നൽകിയാൽ മതി.
Discussion about this post