സ്വാദുള്ള ഇലക്കറിയാണ് മെക്‌സിക്കോയില്‍ നിന്നുള്ള ചായമന്‍സ എന്ന സസ്യം. മരച്ചീരയെന്നും ഇതിന് പേരുണ്ട്. കുറ്റിച്ചെടി പോലെ വളരുന്ന ചായമന്‍സ ജൈവവേലിയായും അലങ്കാരസസ്യമായും വളര്‍ത്തുന്നവരുണ്ട്. മറ്റ് ഇലക്കറികളേക്കാള്‍ മൂന്നിരട്ടിയോളം പോഷകഗുണങ്ങളുണ്ട് ചായമന്‍സയില്‍. രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാനും, ദഹനത്തെ സഹായിക്കാനും, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും, വെരികോസ് വെയിന്‍ രോഗത്തിനു മരുന്നായും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും, ചുമയ്ക്കും, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും, ഓര്‍മ്മശക്തിയ്ക്കും, വാത ജന്യ രോഗങ്ങള്‍ നിയന്ത്രിക്കാനും, കിഡ്‌നി സ്‌റ്റോണ്‍ നിയന്ത്രിക്കാനും, മൂലക്കുരു നിയന്ത്രിക്കാനും, മുഖക്കുരു തടയാനുമെല്ലാം ഉത്തമ ഔഷധമാണ് ചായമന്‍സ.
ചായ മന്‍സ കൃഷിരീതി
വളര്‍ത്താനും പരിപാലിക്കാനും എളുപ്പമുള്ള ചെടിയാണ് ചായമന്‍സ. കേരളത്തില്‍ നന്നായി വളരുന്നതാണ് ചായ മന്‍സ. ഈ മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാല്‍ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാന്‍ സഹായിക്കും. ധാരാളമായുണ്ടാകുന്ന ശാഖകള്‍ 6-8 ഇഞ്ച് നീളത്തില്‍ മുറിച്ചതോ വിത്തുകളോ നടീല്‍ വസ്തുവായിട്ടുപയോഗിക്കാം.
ഇലകള്‍ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. ചായ മന്‍സ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരള്‍ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മന്‍സ ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെളളം ചേര്‍ത്ത് ചെറു ചൂടില്‍ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോള്‍ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേര്‍ത്താല്‍ ചായ മന്‍സ ടീ തയ്യാര്‍. ദിവസവും മൂന്ന് ഗ്ലാസ് വരെ കുടിക്കാം.
ചായ മന്‍സ ഇലകള്‍ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകള്‍ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേര്‍ത്ത് ചെറു ചൂടില്‍ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകള്‍ കൊണ്ട് സാധാരണ ചീരവര്‍ഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.
ചായ മന്‍സ ഇലകള്‍ കൊണ്ട് സാധാരണ ചീരവര്‍ഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം കറികളും ഉണ്ടാക്കാവുന്നതാണ്. കറികള്‍ 15 മുതല്‍ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത.
Discussion about this post