ശീതകാല പച്ചക്കറികളിൽ പ്രധാനിയാണ് കോളിഫ്ലവർ. വൈറ്റമിൻ സി, ബി-6, കാൽസ്യം, മെഗ്നീഷ്യം എന്നിവകൊണ്ട് സമ്പുഷ്ടമാണ് കോളിഫ്ലവർ. ഒപ്പം നാരുകളും അടങ്ങിയിട്ടുണ്ട്. പൊതുവേ തണുപ്പുള്ള ഇടങ്ങളിൽ കൃഷിചെയ്യാൻ യോജിച്ച പച്ചക്കറിയാണിത്. എന്നാൽ അതിശീഘ്ര, ബസന്ത് എന്നീ ഇനങ്ങൾ കേരളത്തിലെ സമതലപ്രദേശങ്ങളിൽ സാമാന്യം നല്ല വിളവ് തരുന്നു. പൂസ കാർത്തിക് ശങ്കർ എന്ന ഹൈബ്രിഡ് ഇനവും കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്.
ഒക്ടോബർ- നവംബർ മാസങ്ങളിൽ വിത്തു വിതയ്ക്കാം. നല്ല വളക്കൂറും നീർവാർച്ചയുമുള്ള ജൈവാംശം ഉള്ള മണ്ണ് വേണം. കടുകുമണിയോളം മാത്രം വലിപ്പമുള്ള കോളിഫ്ലവറിന്റെ വിത്തുകൾ ഒരു സെന്റിൽ കൃഷിചെയ്യാൻ 2 ഗ്രാം മതിയാകും. ഹൈബ്രിഡ് ഇനമാണെങ്കിൽ ഒരു സെന്റിന് ഒരു ഗ്രാം വിത്തുമതി. തവാരണകളിലോ പ്രോട്രേകളിലോ ഗ്രോബാഗുകളിലോ വിത്ത് വിതയ്ക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. തവാരണയിൽ ഒരു സെന്റീമീറ്റർ താഴ്ചയിലും 5 സെന്റീമീറ്റർ അകലത്തിലും വരിവരിയായി വിത്തിടുക. തൈകൾ ചീഞ്ഞു പോകാതിരിക്കാനായി ബാവിസ്റ്റിൻ പോലെയുള്ള കുമിൾനാശിനി ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്ത് അരമണിക്കൂറോളം മുക്കിവച്ചശേഷം വിതയ്ക്കാം. ഒരു കിലോഗ്രാം വിത്തിന് 4 ഗ്രാം എന്നതോതിൽ ട്രൈക്കോഡർമ ഉപയോഗിച്ച് വിത്ത് പരിചരണം നടത്തുന്നതും നല്ലതാണ്.ജൈവ കുമിൾനാശിനികളായ ട്രൈക്കോഡർമ, സ്യൂഡോമോണാസ് ഫ്ളൂറസൻസ് ഇവയിൽ ഏതെങ്കിലും 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കുന്നതും ഫലപ്രദമാണ്. വിത്ത് പാകിയ ശേഷം ഈർപ്പം നിലനിർത്താനായി വൈക്കോലോ പുല്ലോ കൊണ്ട് പുത ഇടാം.
നാല് മുതൽ ആറ് ആഴ്ച വരെ പ്രായമായ തൈകൾ പറിച്ചു നടാം. 10 മുതൽ 12 സെന്റീമീറ്റർ വരെ നീളവും 6 മുതൽ 7 ഇലകളുമുള്ള തൈകളാണ് ചാലുകളിലേക്ക് പറിച്ചു നടേണ്ടത്. ചാലുകൾ തമ്മിൽ 60 സെന്റീമീറ്റർ ഇടയകലവും ചെടികൾ തമ്മിൽ 45 സെന്റീമീറ്റർ ഇടയകലവും വേണം. ഹൈബ്രിഡ് ഇനങ്ങൾക്ക് കൂടുതൽ ഇടയകലം നൽകാം.
കോളിഫ്ലവർ ജൈവ വെള്ളത്തിനോട് ഏറെ പ്രിയമുള്ള വിളയാണ്. അടിവളമായി ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം നൽകാം. തുടക്കത്തിൽ വേപ്പിൻപിണ്ണാക്ക് ചുവട്ടിൽ ഇടുന്നത് കീട ശല്യം ഒഴിവാക്കാൻ സഹായിക്കും. വളരുന്ന സമയത്ത് കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവകൊണ്ടുള്ള ജൈവവളകൂട്ടുകൾ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് നല്ലതാണ്.
മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും വായുസഞ്ചാരം ഉണ്ടാക്കുന്നതിനും കളകളെ നശിപ്പിക്കുന്നതിനും ഇടയിളക്കുന്നത് നല്ലതാണ്. വേരുകൾ കൂടുതലായും ഉപരിതലത്തിൽ ആണ് കാണപ്പെടുന്നത്. അതിനാൽ ഇടയിളക്കുമ്പോൾ വേര് പൊട്ടാതെ സൂക്ഷിക്കണം.പറിച്ചുനട്ട് ഉടനെ നന നൽകണം. പിന്നീട് മൂന്നു നാല് ദിവസത്തെ ഇടവേളയിൽ ജലസേചനം നൽകാം
മൂന്നു-നാല് മാസത്തിനുള്ളിൽ കോളിഫ്ലവർ വിളവെടുക്കാം. മൂപ്പെത്തിയ ഉടൻ തന്നെ വിളവെടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കോളിഫ്ലവറിന്റെ വെൺമ നഷ്ടപ്പെട്ട് മഞ്ഞ നിറമായി മാറും. പൂന്തണ്ടിൽ നിന്നും ഇലകൾ ഉണ്ടാവുകയും ചെയ്യും. കോളിഫ്ലവർ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മൂന്നാഴ്ച വരെ സൂക്ഷിച്ചുവയ്ക്കാനാകും.
രോഗ കീട നിയന്ത്രണ മാർഗങ്ങൾ
വേരു വീക്കം
രോഗം ബാധിച്ച ചെടികളുടെ ഇലകൾ വാടി ഇളം പച്ച നിറത്തിലോ മഞ്ഞനിറത്തിലോ കാണാം. രാത്രി കാലങ്ങളിൽ ഇത്തരം ഇലകൾ പൂർവ്വ സ്ഥിതിയിലാകും. ഇത്തരം ചെടിയുടെ വേരുകൾ അസാധാരണമാംവിധം വീർത്തിരിക്കുന്നത് കാണാം. ക്രമേണ ഇത് ചീഞ്ഞു പോവുകയും ചെയ്യും. രോഗത്തെ നിയന്ത്രിക്കാനായി വിള പരിക്രമണം നടത്തണം. തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പുവരുത്തണം. രോഗകീടബാധ ഏൽക്കാത്ത ചെടികൾ മാത്രം നടാനായി ഉപയോഗിക്കാം. അടിവളമായി കുമ്മായം ചേർക്കാൻ മറക്കരുത്. രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതുമാറ്റി നശിപ്പിക്കുകയും വേണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഈ രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.
കരുംകാലുരോഗം
ചെടിയുടെ കട ഭാഗത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതും അവ ചെടിയിൽ മുഴുവനായി വ്യാപിച്ചു ചെടി നശിച്ചു പോകുന്നതും കാണാം. ഇതാണ് കരുംകാലുരോഗം . രോഗം നിയന്ത്രിക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചുവട്ടിൽ ചേർത്തുകൊടുക്കാം.
കോളിഫ്ലവർ കരിച്ചിൽ
കോളിഫ്ലവറിൽ കറുത്ത പാടുകളുണ്ടായി ക്രമേണ ചീഞ്ഞഴുകുന്ന രോഗമാണിത്. കോളിഫ്ലവർ ഉണ്ടായി വരുമ്പോൾ തന്നെ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.
ഇലകരിച്ചിൽ
ഇലകളിൽ ചാരനിറത്തിലുള്ള നനഞ്ഞ പുള്ളികൾ ഉണ്ടാവുകയും അവ ആകൃതികൾ ഇല്ലാതെ വലുതാവുകയും ക്രമേണ പുള്ളികൾ ചേർന്ന് ഇലകരിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. മണ്ണിനോട് അടുത്ത് നിൽക്കുന്ന ഇലകളിൽ രോഗബാധ കൂടുതലായിരിക്കും. ഇലകളിൽ വെള്ളനാര് പോലെയുള്ള കുമിൾ വളർച്ച കാണാം. രോഗം വരാതിരിക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചുവട്ടിൽ ഇട്ടുകൊടുക്കാം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ രണ്ടാഴ്ചത്തെ ഇടവേളയിൽ തളിക്കുന്നതും നല്ലതാണ്
ഇല ചീയൽ
ഇലയുടെ അഗ്രഭാഗത്ത് നനഞ്ഞ പാടുകൾ ഉണ്ടാകുകയും പിന്നീട് അത് ഞരമ്പുകളിൽ പടരുകയും ചെയ്യുന്ന രോഗമാണ് ഇല ചീയൽ. വി ആകൃതിയിലാണ് മഞ്ഞളിപ്പ് കാണുന്നത്. ക്രമേണ ഈ ഭാഗം കറുത്ത് ചീയും . അഴുകി ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഈ ബാക്ടീരിയ രോഗത്തെ നിയന്ത്രിക്കാനായി രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം. ഏർലി സ്നോബോൾ, ഔട്ടം കിംഗ് എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. രോഗം ബാധിച്ച ചെടികളിൽ സ്ട്രെപ്റ്റോസൈക്ലിൻ അര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. 500 മില്ലി ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഈ ലായനിയിൽ വിത്ത് 30 മിനിറ്റ് മുക്കിവച്ചശേഷം നടാൻ ഉപയോഗിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.
കീടനിയന്ത്രണം
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പിൻകുരു സത്ത്, കാന്താരി മിശ്രിതം എന്നിങ്ങനെയുള്ള ജൈവകീടനാശിനികൾ കൃത്യമായ അളവിൽ രണ്ടാഴ്ച ഇടവിട്ട് ചെടികളിൽ തളിച്ചു കൊടുക്കുന്നതും കീടാക്രമണങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതും ഒരു പരിധിവരെ ക്യാബേജിനെ ആക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും
Discussion about this post