മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് പ്രവർത്തിക്കുന്ന സംസ്ഥാന റഫറൽ ലാബായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നും ഇനിപറയുന്ന സേവനങ്ങൾ ക്ഷീരകർഷകർക്ക് ലഭ്യമാണ്.
· പേവിഷബാധയുടെ നിർണയം 24 മണിക്കൂറിനുള്ളിൽ നടത്തി നൽകുന്നു.
· അകിടുവീക്കം നിർണ്ണയിക്കുവാനും അനുയോജ്യമായ ആന്റിബയോട്ടിക്കുകൾക്ക് നിർദ്ദേശം നൽകുന്നതിനുമുള്ള കൾച്ചർ ആൻഡ് സെന്സിറ്റിവിറ്റി ടെസ്റ്റ് ലഭ്യമാണ്.
· ഉരുക്കളിൽ കാണുന്ന പനി, വിളർച്ച, ക്ഷീണം, രക്തം കലർന്ന മൂത്രം, എഴുന്നേറ്റു നിൽക്കുവാൻ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളോടെ പരക്കെ കാണുന്ന തയ്ലേറിയാസിസ്, ബബിസിയോസിസ്, അനാപ്ലാസ്മോസിസ് എന്നീ രോഗങ്ങൾ രക്ത സാമ്പിളുകളുടെ പരിശോധനയിലൂടെ നിർണയിക്കുന്നു.
· കാലിത്തീറ്റയിലെ പൂപ്പൽ വിഷബാധ, യൂറിയയുടെ അളവ് എന്നിവയും നിർണയിക്കുന്നു
· ഉരുക്കളുടെ മരണത്തിന് കാരണമാകുന്ന തീറ്റപ്പുല്ലിലെ നൈട്രേറ്റ് അംശം നിർണയിക്കുന്നതിനുള്ള പരിശോധനയും നടത്തിവരുന്നു.
· പക്ഷിമൃഗാദികളുടെ പെട്ടെന്നുള്ള മരണം, കൂട്ടത്തോടെയുള്ള മരണം, അസ്വാഭാവിക മരണം എന്നിവയുടെ കാരണം കണ്ടെത്തുന്നതിനുള്ള പോസ്റ്റ്മോർട്ടം പരിശോധന സൗകര്യം ലഭ്യമാണ്.
· പക്ഷിമൃഗാദികളിലെ ക്യാൻസർ രോഗനിർണയം നടത്തുന്നു.
· പക്ഷിമൃഗാദികളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ രോഗനിർണയത്തിനുള്ള പിസിആർ സൗകര്യം നടത്തിവരുന്നു.
· ജന്തുജന്യരോഗങ്ങൾ ആയ ആന്ത്രാക്സ്, എലിപ്പനി, ക്ഷയം, ബ്രൂസല്ലോസിസ് എന്നിവ നിർണയിക്കുന്നു
· കുരങ്ങുപനി, പക്ഷിപ്പനി എന്നിവയുടെ പ്രാഥമിക പരിശോധന നടത്തിവരുന്നു
· വലിയതോതിൽ രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ രോഗനിർണയത്തിനും നിയന്ത്രണത്തിനും വിദഗ്ധ സേവനം ലഭ്യമാക്കുന്നു.
മേൽപ്പറഞ്ഞതിൽ പേവിഷബാധ നിർണയവും പ്രൈവറ്റ് ഫാമിൽ നിന്നുള്ള തീറ്റയിലെ പൂപ്പൽ നിർണയവും ഒഴികെ ബാക്കിയെല്ലാ സേവനവും സൗജന്യമാണ്. പേവിഷബാധ നിർണ്ണയത്തിന് 335 രൂപയും പ്രൈവറ്റ് ഫാമിൽ നിന്നുള്ള തീറ്റയിലെ പൂപ്പൽ നിർണ്ണയത്തിന് 160 രൂപയുമാണ്. കർഷകർ സാമ്പിളുകൾ പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ അതാത് മൃഗാശുപത്രിയിലെ ഡോക്ടറുടെയോ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടറുടെയോ കത്ത് എല്ലാ പരിശോധനകൾക്കും ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് ലഭ്യമാക്കേണ്ടതാണ്.
Discussion about this post