കൃഷിവകുപ്പ് ഫാമുകള്‍ കാര്‍ബണ്‍ തുലിതമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം ആലുവ പാലസില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വിവിധ മാര്‍ഗങ്ങളിലൂടെ കാര്‍ബണ്‍ ബഹര്ഗമനം കുറക്കുക എന്ന ആശയത്തില്‍ കാര്‍ബണ്‍ തുലിതമായ ഇന്ത്യയിലെ ആദ്യ ഫാമായി ആലുവ വിത്തുല്പാദന കേന്ദ്രത്തെ ഉയര്‍ത്തുകയും തുടര്‍ന്ന് സംസ്ഥാനത്തെ 13 ഫാമുകളെ കൂടി കാര്‍ബണ്‍ തുലിതമാക്കുവാന് തീരുമാനിക്കുകയും ചെയ്തു.
കേരളജനതയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി കാര്‍ഷിക മേഖലയെ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷന് രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദന മേഖല മുതല്‍ വിപണന മേഖല വരെ സമഗ്രമായി സംയോജിപ്പിച്ചു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതും പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമാണ്.
കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കേരളാഗ്രോ ബ്രാന്‍ഡിന് കീഴില്‍ വിവിധ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. പ്രാദേശിക തലങ്ങളില്‍ സംസ്കരണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഗ്രാമീണ – നഗര കേന്ദ്രങ്ങളിലെ വിപണികളില്‍ ചെറുധാന്യങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിലൂടെയും വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മൂല്യവര്‍ധനയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും കേരളത്തില്‍ ചെറുധാന്യങ്ങളുടെ ലഭ്യതയും ഉപഭോഗവും വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ധാരണ പത്രം ഒപ്പ് വയ്ക്കുന്നത് വഴി ചെറുധാന്യങ്ങളുടെ സംസ്കരണം, മൂല്യവര്‍ധന, വിപണനം കൂടാതെ ബ്രാന്‍ഡിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ചടങ്ങില്‍ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കൃഷി വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചുമായി ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണപത്രം കൃഷി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജുവും ഐഐഎംആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി ദയാകര്‍ റാവുവും ചേര്‍ന്ന് ഒപ്പുവച്ചു.
Discussion about this post