അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ് എരുക്ക്. കലോട്രോപ്പിസ് പ്രൊസീറ എന്നാണ് ശാസ്ത്രനാമം. സോഡം ആപ്പിൾ, കിംഗ്സ് ക്രൗൺ, റബ്ബർ ബുഷ്, എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേര്. ആഫ്രിക്കയും തെക്കുപടിഞ്ഞാറൻ ഏഷ്യയുമാണ് ജന്മദേശം.
രണ്ടര മീറ്റർ മുതൽ അഞ്ച് മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറിയ മരങ്ങളാണിവ. ഏതുതരം മണ്ണും എരുക്കിന് അനുയോജ്യമാണ്. പെട്ടെന്ന് വളരാനുള്ള കഴിവുണ്ടിവയ്ക്ക്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ എരുക്കിനെ കാണാം. വരണ്ട പ്രദേശങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. അഞ്ച് ഇതളുകളുള്ള ചെറിയ പൂക്കളാണ്. ഇതളുകളുടെ അടിഭാഗത്ത് ക്രീം നിറവും അഗ്രഭാഗത്ത് പർപ്പിൾ നിറവും. ശലഭങ്ങളും വണ്ടുകളും വഴിയാണ് പരാഗണം. പൂക്കളിലുള്ള പൊളീനിയ എന്ന അവയവത്തിനുള്ളിലാണ് പൂമ്പൊടികൾ ഉള്ളത്. ശലഭങ്ങൾ വന്നിരിക്കുമ്പോൾ പൊളീനിയത്തിലുള്ള പൂമ്പൊടികൾ അവയുടെ ശരീരത്തിൽ പറ്റിപ്പിടിക്കുന്നു. അങ്ങനെയാണ് പരാഗണം നടക്കുന്നത്.
അപ്പോസയനേസിയയിലെ എല്ലാ അംഗങ്ങളെയും പോലെ ഇവയുടെ തണ്ടിൽ നിന്നും പാല് പോലുള്ള ദ്രാവകം പുറത്തു വരും. കാർഡിയാക് എഗ്ലൈക്കോൺ എന്ന ഘടകമാണ് അതിലുള്ളത്. വിഷ വസ്തുവാണ് അത്. ഇതുകൂടാതെ കലോട്രോപ്പിൻ, കലോടോക്സിൻ, കലാക്റ്റിൻ, എന്നീ ഘടകങ്ങളും ഇവയിലുണ്ട്. മണ്ണൊലിപ്പ് തടയാനുള്ള കഴിവുണ്ട് എരുക്കിന്. വനവൽക്കരണത്തിനും എരുക്ക് ഉപയോഗിക്കാറുണ്ട്.
Discussion about this post