2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ പ്രകൃതി സൗഹൃദ വികസനത്തിനും, കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് ഒരുക്കിയതാണ്. കാർഷിക മേഖലയിൽ കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുവാൻ ‘അഗ്രികൾച്ചർ ആക്സിലേറ്റർ ഫണ്ട്’ എന്ന പ്രത്യേക ഫണ്ടിന് രൂപം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം ബാങ്കുകൾ വഴി ലഭ്യമാകുന്ന കാർഷിക വായ്പ അനുവദിക്കുന്നതിനുള്ള പരിധി 20 ലക്ഷം കോടിയായി ഉയർത്തി. നിലവിൽ വായ്പാ പരിധി 18 ലക്ഷം കോടി രൂപയാണ്. ഏകദേശം 7% പലിശയിൽ മൂന്നുലക്ഷം രൂപ വരെ കർഷകന് വായ്പ ലഭ്യമാകും എന്നർത്ഥം. ഒരു കോടി കർഷകർക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കാനുള്ള സഹായങ്ങളും നൽകും.പി എം മത്സ്യസമ്പദ് യോജനയുടെ കീഴിൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് 6000 കോടി രൂപയുടെ പദ്ധതിയും നടപ്പിലാക്കും. അണുവിമുക്ത പഴം, പച്ചക്കറി തുടങ്ങിയവയുടെ തൈകൾ കർഷകർക്ക് ലഭ്യമാകുവാൻ 2200 കോടി രൂപയുടെ ‘ആത്മനിർഭർ ക്ലീൻ പ്ലാന്റ്’ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ഇതുകൂടാതെയുള്ള മറ്റു പ്രഖ്യാപനങ്ങൾ.
1. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിലെ മികവിന്റെ കേന്ദ്രമായി ഉയർത്തും. ചെറു ധാന്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കും.
2. മത്സ്യ ക്ഷീര സഹകരണ സംഘങ്ങൾ രാജ്യത്തുടനീളം അഞ്ചുവർഷത്തിനകം സ്ഥാപിക്കും. കാർഷികവിളകൾ കേടുകൂടാതെ സംഭരിക്കാൻ സഹകരണ മന്ത്രാലയത്തിന് കീഴിൽ സംഭരണ സംവിധാനവും ഒരുക്കും.
3. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുവാൻ പി എം പ്രണാ പദ്ധതി സംസ്ഥാനങ്ങളിൽ നടപ്പിലാക്കും.
4. ഒരു കോടി കർഷകരെ മൂന്ന് വർഷം കൊണ്ട് ജൈവകൃഷിയിലേക്ക് കൊണ്ടുവരാൻ 10000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻററുകൾ ആരംഭിക്കും.
5. ഗോബർ ധൻ പദ്ധതി പ്രകാരം 500 പുതിയ ‘മാലിന്യത്തിൽ നിന്ന് ധനം’ പ്ലാന്റുകൾ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കും.
6. സംയുക്ത റബറിന്റെയും പ്രകൃതിദത്ത റബറിന്റെയും ഇറക്കുമതി തീരുവ 25% ആക്കി. ഇതോടെ പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതി കുറയും എന്നാണ് കണക്കുകൂട്ടുന്നത്.
7. കണ്ടൽക്കാടുകളുടെയും നീർത്തടങ്ങളുടെയും സംരക്ഷണത്തിന് പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുന്നു.
കേന്ദ്ര ബഡ്ജറ്റിൽ സ്ത്രീശക്തികരണം ലക്ഷ്യമിട്ടും നിരവധി പദ്ധതികൾ ഉണ്ട്. ഇതിനായി 5% നീക്കി വച്ചിരിക്കുന്നു. പി എം കിസാൻ സമ്മാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 3 കോടി വനിതകൾക്ക് നേട്ടമുണ്ടായതായി ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post