തിരുവനന്തപുരത്ത് വളർത്തുമൃഗങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധി രോഗമായ ബ്രൂസെല്ലോസിസ് രോഗം രണ്ടുപേരിൽ സ്ഥിരീകരിച്ചു. വട്ടപ്പാറ വേറ്റിനാട് ജോബി ഭവനിൽ ജോബി, പിതാവ് ജോസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രൂസെല്ല വിഭാഗത്തിലുള്ള ബാക്ടീരിയകൾ മൂലം ഉണ്ടാകുന്ന ഈ രോഗം പശു,ആട്, നായ തുടങ്ങി വളർത്തുമൃഗങ്ങളെയെല്ലാം ബാധിക്കുന്ന രോഗമാണ്. പശുക്കളിലാണ് ഏറ്റവും കൂടുതൽ ഈ രോഗം കാണാറുള്ളത്. അണുബാധയെ ഉള്ള പശുക്കളുടെ മരണനിരക്ക് താരതമ്യേനെ കുറവാണെങ്കിലും രോഗം മൂലം ഉണ്ടാകുന്ന വന്ധ്യത, പാലുൽപാദനത്തിൽ ഉണ്ടാകുന്ന കുറവ് തുടങ്ങിയവ ക്ഷീര കർഷകർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. രോഗബാധ ഉള്ള പശുക്കളിൽ നിന്ന് ജനനസമയത്ത് പശു കിടാക്കളിലേക്കും രോഗം വ്യാപിക്കും എന്നുള്ളത് ക്ഷീരകർഷകരെ സംബന്ധിച്ച് ഏറെ ദുഷ്കരമായ കാര്യമാണ്. രോഗബാധയേറ്റാൽ അകിടുവീക്കം, തീറ്റ എടുക്കാതിരിക്കാൻ, ഗർഭധാരണം നടക്കാതിരിക്കൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പശുക്കളിൽ ഉണ്ടാകുന്നു.
ഗർഭ കാലഘട്ടത്തിന്റെ അവസാനഘട്ടത്തിൽ ഗർഭം അലസി പോകുന്നതു പോലും ഈ രോഗത്തിൻറെ ഗുരുതരമായ ലക്ഷണമാണ്. അണുബാധയേറ്റ പശുക്കളിൽ നിന്ന് മറ്റു പശുക്കളിലേക്കും രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അണുബാധയുള്ള പശുക്കളുടെ വിസർജ്യങ്ങളിലൂടെയും, പാലിലൂടെയും, ഗർഭ അവശിഷ്ടങ്ങളിലൂടെയും ബ്രൂസെല്ല ബാക്ടീരിയകൾ പുറത്തെത്തുന്നു. രോഗബാധയേറ്റ ജന്തുക്കളുടെ മാംസം ശരിയായി വേവിക്കാതെ ഉപയോഗിക്കുന്നതിലൂടെയും, ഇത്തരത്തിൽ പശുക്കളുടെ പാൽ അണുവിമുക്തമാക്കാതെ ഉപയോഗിക്കുകയും ചെയ്യുമ്പോൾ രോഗാണുക്കൾ മനുഷ്യരിലേക്കും പകരുന്നു. ഇത്തരത്തിൽ ബ്രൂസെല്ലോസിസ് രോഗം ബാധിക്കുന്ന വ്യക്തികളിൽ പനി, ചുമ, അമിതമായ ക്ഷീണം, തലവേദന, ഗർഭമലസൽ, വന്ധ്യത തുടങ്ങിയ നിരവധി രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അമിതമായ വിയർപ്പ്, തലവേദന,ശക്തമായ പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടുക. കന്നുകാലി വളർത്തൽ കൂടുതലായി കണ്ടുവരുന്ന മേഖലയിൽ അധികമായി കാണുന്ന ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
വളർത്തുമൃഗങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ദയാവധത്തിന് വിധേയമാക്കുക എന്നത് മാത്രമാണ് ഫലപ്രദമായ പോംവഴി. ഇതുകൂടാതെ പശുക്കിടാക്കൾക്കും എരുമക്കിടാക്കൾക്കും അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് രോഗത്തിന് പ്രതിരോധിക്കുന്നതിനുള്ള വാക്സിനേഷൻ നടത്തുക. പശുക്കിടാകൾക്ക് സാധാരണഗതിയിൽ കാഫ് ഫുഡ് വാക്സിനേഷനാണ് നൽകാറുള്ളത്. തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചതിനാൽ ക്ഷീരകർഷകരും, ഫാം തൊഴിലാളികളും വെറ്റിനറി ഡോക്ടർമാർ അടക്കം അതീവ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.
Discussion about this post