ഫോമോപ്സിസ് വിഭാഗത്തിൽപെട്ട കുമിൾ മൂലമാണ് വഴുതനയിൽ ചെടി കരിച്ചിലും കായ് ചീയലുമുണ്ടാക്കുന്നത്. ഈ രോഗം ആദ്യം ഇലകളെയും തണ്ടുകളേയുമാണ് ബാധിക്കുന്നത്. ഇലകളിലും തണ്ടുകളിലും ചാര നിറത്തിലോ തവിട്ടു നിറത്തിലോ ഉള്ള പുള്ളികൾ കാണാം. ഇവ പിന്നീട് വലുതാകുകയും കൂടിച്ചേരുകയും ചെയ്യും. ക്രമേണ ഇല കൊഴിയുന്നതും തണ്ടുകൾ ഉണങ്ങുന്നതും കാണാം. കുമിളിന്റെ വളർച്ച കറുത്ത കുത്തുകളായി കാണപ്പെടുന്നു. ഫോംമോപ്സിസ് ഫംഗസിന്റെ ആക്രമണത്താൽ കായകളിലും തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള പാടുകൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കായകളുടെ ഉൾഭാഗത്തെ ബാധിക്കുകയും കായകൾ മൊത്തമായി ചീഞ്ഞ് പോകുകയും കൊഴിയുകയും ചെയ്യുന്നു. രോഗംബാധിച്ച കായലുകളിലും കുമിളിന്റെ വളർച്ച കാണാം. മണ്ണിനോട് ചേർന്നു നിൽക്കുന്ന കായകളിലും കായ്തുരപ്പന്റെ ആക്രമണം ബാധിച്ച കായകളിലും ഈ രോഗം വളരെ തീവ്രമായി കണ്ടുവരുന്നു
നിയന്ത്രണ മാർഗങ്ങൾ
രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം. ഒപ്പം കൊഴിഞ്ഞുവീണ ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരേയിടത്ത് സ്ഥിരമായി വഴുതന കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. ഒപ്പം വിള പരിക്രമണവും നടത്തണം. വെള്ളരി വർഗ്ഗത്തിൽപ്പെട്ട വിളകളോ പയർ വർഗ്ഗത്തിൽപെട്ട വിളകളോ പരിക്രമണത്തിന് തിരഞ്ഞെടുക്കാം. വിത്ത് പാകുന്നതിന് മുൻപ് മിത്ര സൂക്ഷ്മാണുക്കളായ ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്തിൽ പുരട്ടി നടുന്നതും വളരെ നല്ലതാണ്. ഈ സൂക്ഷ്മാണുക്കൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം രണ്ടാഴ്ചയിലൊരിക്കൽ ഈ ലായനി ചെടികളിലും കായലുകളിലും തളിച്ചു കൊടുക്കുന്നതും രോഗത്തെ ചെറുക്കാൻ സഹായിക്കും. രോഗബാധ തീവ്രമാകുകയാണെങ്കിൽ രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കാം. അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50WP രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതിയാകും. കായകൾ ഭാരം കൊണ്ടും മറ്റും മണ്ണിലേക്ക് തട്ടി നിൽക്കാറുണ്ട്. ഇത് രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ അത്തരം കായകൾ മുകളിലേക്ക് കെട്ടിവയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം ചെടികളുടെ ചുവട്ടിൽ മാത്രം ഒഴിക്കാൻ ശ്രദ്ധിക്കാം. ഇലകളും തണ്ടുകളും കായകളും നനയുന്നത് ഒഴിവാക്കാം. രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഹരിത, പൂസ് വൈഭവ് എന്നിവ കൃഷി ചെയ്യുന്നത് നല്ലതാണ്.
Discussion about this post