അടുക്കളത്തോട്ടത്തിൽ എല്ലാവരും വെച്ച് പിടിപ്പിക്കുന്ന ഒന്നാണ് വഴുതന. എന്നാൽ വഴുതന കൃഷി ചെയ്യുന്നവർക്ക് ഒരു തലവേദനയായി മാറുന്ന രോഗമാണ് കായ് ചീയൽ. ഇതൊരു കുമിൾ രോഗമാണ്. ഫോമോപ്സിസ് വിഭാഗത്തിൽപ്പെടുന്ന കുമിളുകൾ കായകളിൽ തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള പാടുകൾ ഉണ്ടാക്കുകയും ക്രമേണ വലുതായി അത് കായകളുടെ ഉൾഭാഗത്തെ ബാധിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച കായ്കൾ പിന്നീട് ചീഞ്ഞു പോവുകയാണ് ചെയ്യുന്നത്.
ഈ രോഗത്തെ പ്രതിരോധിക്കാൻ കൃഷിക്കിറക്കുന്ന വിത്തുകൾ ട്രൈക്കോഡർമ അല്ലെങ്കിൽ സുഡോമോണസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരുകിലോ വിത്തിന് എന്നതോതിൽ വിത്തിൽ പുരട്ടി നടുന്നത് നല്ലതാണ്. ഈ സൂക്ഷ്മാണുക്കൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴുക്കുന്നതും രോഗ നിയന്ത്രണത്തിനും മികച്ചതാണ്. ഇതുകൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ഈ ലായനി ചെടികളിലും കായ്കളിലും തളിച്ചു കൊടുക്കണം. രോഗം തീവ്രമാകുന്ന സാഹചര്യത്തിൽ രോഗം ബാധിച്ച സസ്യ ഭാഗങ്ങൾ മുറിച്ചുമാറ്റി ഒരു ശതമാനം വീര്യമുള്ള ബോർഡ്രോ മിശ്രിതം തളിക്കാം. രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ രോഗപ്രതിരോധശേഷി കൂടിയ ഇനങ്ങൾ അതായത് ഹരിത, പൂസ് വൈഭവ് തുടങ്ങിയവ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കൊഴിഞ്ഞുവീഴുന്ന ഇലകളും കായകളും ശേഖരിച്ച് നശിപ്പിക്കാനും മറക്കരുത്. ഇത്തരത്തിൽ രോഗം ബാധിച്ച സസ്യ ഭാഗങ്ങൾ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം. ഒരേ ഇടത്ത് സ്ഥിരമായി വഴുതന കൃഷി ചെയ്യാതിരിക്കാനും ശ്രമിക്കണം. വഴുതന കൃഷി ചെയ്യുമ്പോൾ വെള്ളരി വർഗ്ഗത്തിൽപ്പെട്ട വിളകളോ പയർ വർഗ്ഗത്തിൽപ്പെട്ട വിളകളോ ഇടവിള എന്ന രീതിയിൽ കൃഷി ചെയ്യുന്നതും നല്ലതാണ്.
Discussion about this post