ഗ്രാമങ്ങളില്‍ ഇന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ശീമച്ചക്ക എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഔഷധസമ്പുഷ്ടമായ കടച്ചക്ക ശാഖോപശാഖകളായി ഏകദേശം 18 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്നു.
ലോകത്ത് മിക്കവാറും എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇപ്പോള്‍ കടച്ചക്ക വളര്‍ത്താറുണ്ട്. ഡയബറ്റിസ്, ത്വക്ക് രോഗങ്ങള്‍, വയറിളക്കം, ആസ്തമ, വാതസംബന്ധമായ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കാന്‍ കഴിവുള്ള പ്രകൃതിദത്ത ഔഷധമായി കടച്ചക്കയെ കരുതി വരുന്നു. പോഷകഗുണത്തില്‍ ചക്കയെക്കാള്‍ മുന്നിലാണ് കടച്ചക്ക.
കേരളത്തിലെ കാലാവസ്ഥയില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂങ്കുലകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. ആണ്‍പൂങ്കുലകള്‍ ഒരടിയോളം നീളത്തില്‍ സിലിന്‍ഡര്‍ രൂപത്തിലാണുണ്ടാവുക. പെണ്‍പൂങ്കുലകള്‍ കായ്കളായിമാറി പാകമെത്താന്‍ മൂന്നുമാസമെടുക്കും.
കടച്ചക്ക സമൃദ്ധമായി വളരാന്‍ നല്ല സൂര്യപ്രകാശമേല്‍ക്കുന്ന പ്രദേശങ്ങളിലെ ജൈവവളാംശവും നീര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണും ഉത്തമമാണ്. വേരില്‍നിന്ന് പൊട്ടിക്കിളുര്‍ത്തുവരുന്ന തൈകളും ഗ്രാഫ്റ്റ് തൈകളും നടാനായി ഉപയോഗിക്കാം. ഇതിനായി ഒരുമീറ്റര്‍ നീളം, വീതി, ആഴം ഉള്ള സമചതുരക്കുഴികള്‍ 15 മീറ്റര്‍ ഇടവിട്ടു എടുക്കാവുന്നതാണ്.
കാലിവളമോ കമ്പോസ്റ്റോ അടിവളമായിചേര്‍ത്ത് കുഴികള്‍ മേല്‍മണ്ണ് ഉപയോഗിച്ച് മുക്കാല്‍ഭാഗം മൂടിയശേഷം കാലാവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. വേനല്‍ക്കാലങ്ങളില്‍ തൈകള്‍ ദിവസവും നനയ്ക്കുകയും നന്നായി പുതയിട്ട് കഠിനമായ സൂര്യതാപമേല്‍ക്കാതെയും ശ്രദ്ധിക്കണം.
25 വര്‍ഷം പ്രായമായ ഒരു മരത്തില്‍ 50 മുതല്‍ 150 വരെ ഫലങ്ങള്‍ ലഭിക്കും. 300 മുതല്‍ 500 ഗ്രാം വരെ ഭാരം വരുന്ന കൊച്ചു ചക്ക പോലുള്ള ഫലങ്ങള്‍ പാകമെത്തുന്നതോടെ പച്ചനിറം വിട്ട് ഇളംമഞ്ഞ നിറമാകുന്നു. കേരളത്തില്‍ കടച്ചക്ക മേയ്-ജൂണ്‍ മാസങ്ങളില്‍ പാകമെത്തിത്തുടങ്ങും.
Discussion about this post