വീടുകളിൽ വളർത്തിയിരിക്കേണ്ട ഔഷധസസ്യങ്ങളിൽ ഒന്നാണ് ബ്രഹ്മി അഥവാ നീർബ്രഹ്മി. സമൂലം ഔഷധയോഗ്യമായ സസ്യമാണ് ബ്രഹ്മി. ബ്രഹ്മിഘൃതം, സരസ്വതാരിഷ്ടം, ബ്രഹ്മതൈലം തുടങ്ങി അനേകം ആയുർവേദൗഷധങ്ങളുടെ ചേരുവയാണിത്. ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള കഴിവ് ബ്രഹ്മിക്കുണ്ട്. നവജാത ശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്ത് കൊടുക്കാറുണ്ട്. കേശസംരക്ഷണത്തിന് ബ്രഹ്മി ചെടി വെളിച്ചെണ്ണയുമായി ചേർത്ത് കാച്ചി തലയിൽ തേക്കുന്നത് നല്ലതാണ്. ഉറക്കക്കുറവ് പരിഹരിക്കുന്നതിനും ബ്രഹ്മി നല്ല മരുന്നാണ്.
ചതുപ്പു നിലങ്ങളിലും നനവുള്ള മണ്ണിലുമാണ് ബ്രഹ്മി നന്നായി വളരുന്നത്. മൂന്ന് മുകുളങ്ങളുള്ള വള്ളികൾ നടാനായി ഉപയോഗിക്കാം. ചട്ടികളിലോ ഗ്രോബാഗുകളിലോ നിലത്തോ ബ്രഹ്മി നടാം. 5 സെന്റീമീറ്റർ താഴ്ചയിൽ മണ്ണൊരുക്കി 20 സെന്റീമീറ്റർ അകലത്തിൽ വള്ളികൾ നട്ടു കൊടുക്കാം. നന്നായി നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും ഈർപ്പം നിലനിൽക്കുന്ന മണ്ണാണ് ബ്രഹ്മിക്ക് നല്ലത്. നട്ട് നാല്-അഞ്ച് മാസം മുതൽ വിളവെടുത്ത്തുടങ്ങാം. മൂന്നുമാസത്തെ ഇടവേളകളിൽ വിളവെടുക്കാം. ഓരോ തവണ വിളവെടുത്ത ശേഷവും ചുവട്ടിൽ ജൈവവളം ചേർത്ത് കൊടുക്കണം.വിളവെടുത്ത ബ്രഹ്മി കഴുകി വെയിലിൽ ഉണക്കി ആറുമാസം വരെ സൂക്ഷിക്കാം.
Discussion about this post