വലിയ മരങ്ങളെ ചെറിയ രൂപത്തിൽ ആക്കി വളർത്തിയെടുക്കുന്നതാണ് ബോൺസായി. ആലും മാവും തെങ്ങുമൊക്കെ ബോൺസായി രൂപത്തിൽ കാണുന്നത് തന്നെ ഒരു കൗതുകമാണ്. ചൈനയാണ് ബോൺസായ് ചെടികളുടെ ജന്മദേശം. പിന്നീട് ജപ്പാനിലും എത്തി ഈ വിദ്യ. ഇന്ന് ലോകം മുഴുവനും ഒരു വിഐപി പരിഗണനയാണ് ഈ കുഞ്ഞൻ ചെടികൾക്കുള്ളത്. വരുമാനം നേടിത്തരുന്നു എന്നതിനുമപ്പുറം ബോൺസായി ഒരു കലയാണ്. കൃഷിയുടെയും കലയുടേയും സംഗമമാണിത്.
ധാരാളം ശാഖകൾ ഉണ്ടാകുന്ന തരം ചെടികളാണ് ബോൺസായിക്കായി തിരഞ്ഞെടുക്കുക. അരയാൽ, പേരാൽ, വാളൻപുളി, കശുമാവ്, പ്ലാവ്, മാവ് എന്നിവയൊക്കെ അനുയോജ്യമാണ്. മണ്ണും ജൈവവളവും ചേർത്താണ് തൈകൾ നടേണ്ടത്. ആഴംകുറഞ്ഞ പരന്ന ചട്ടികൾ ആണ് നല്ലത്. ചെടികൾ നടുമ്പോൾ തായ് വേര് മുറിച്ചു മാറ്റിയിട്ട് വേണം നടുവാൻ. ആദ്യത്തെ പത്തുവർഷം ചെടികളെ ചട്ടിയിൽ സ്വതന്ത്രമായി വളരുവാൻ വിടുന്നു. അതിനുശേഷമാണ് നിയന്ത്രിച്ചു വളർത്തുന്നത്.
വെള്ളവും വളവുമെല്ലാം കൃത്യമായ അളവിൽ നൽകി പരിപാലിച്ചാണ് ചെടികളെ ബോൺസായി രൂപത്തിൽ ആക്കുന്നത്. വേരുകൾ കൃത്യമായി വെട്ടി കൊടുക്കുന്നതും ശാഖകളെ കമ്പി കെട്ടി ഒരുക്കുന്നതുമെല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. അതുപോലെതന്നെ റീപ്പോട്ടിങ്ങും വളരെ പ്രധാനമാണ്. പഴയതിൽ നിന്ന് പുതിയ ചട്ടിയിലേക്ക് മാറ്റി നടുന്നതിനെയാണ് റീപ്പോട്ടിങ് എന്ന് പറയുന്നത്. വിത്തിട്ട് മുളപ്പിച്ചെടുക്കുന്ന ചെടിയാണെങ്കിൽ ഏകദേശം 15 – 20 വർഷം എടുക്കും ബോൺസായി രൂപത്തിൽ ആകുവാൻ. അതുകൊണ്ടുതന്നെ ഒത്തിരി ക്ഷമയോടെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ബോൺസായി നിർമ്മാണം.
Discussion about this post