ബോക്ക് ചോയ് എന്ന പേര് മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ നമ്മുടെ നാട്ടിലും ബോക്ക് ചോയ് കൃഷി ചെയ്യുന്നുണ്ട്. ചൈനീസ് കാബേജ് ഇനമായ ബോക്ക് ചോയ് രുചികരവും പോഷക കലവറയുമാണ്. കാബേജ്, ബ്രോക്കോളി, കാലെ, കോളിഫ്‌ളവര്‍, ടര്‍ണിപ് എന്നിവയടങ്ങിയ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് ബോക് ചോയ്.
ഒട്ടനവധി പോഷകങ്ങള്‍ അടങ്ങിയ ഇലക്കറിയാണിത്. ബ്രാസ്സിക്കാ റാപ (സബ്‌സ്പീഷ്യസ്)ചെനെന്‍സിസ് എന്നാണ് ശാസ്ത്രീയനാമം. ബോക് ചോയ് ഇലകള്‍ കടുക് ഇലകളോട് സാദൃശ്യമുള്ളതും കടും പച്ച നിറത്തില്‍ സ്പൂണ്‍ രൂപത്തില്‍ ചുവട്ടില്‍ നിന്നും അടുക്കുകളായി വളരുന്നതുമാണ്. ഇതില്‍ സാധാരണ കാബ്ബേജിലെപ്പോലെ വട്ടത്തിലാകാറില്ല. അമേരിക്കന്‍ രോഗ നിയന്ത്രണ കേന്ദ്രം (US Center for Disease Cotnrol ) 41 പ്രധാന പഴം, പച്ചക്കറി ഇനങ്ങളില്‍ നടത്തിയ പോക്ഷക സാന്ദ്രതാ പഠനത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ബോക്‌ചോയിക്കാണ്.
മറ്റ് ഇലക്കറികളില്‍ ഉള്ളതിലും അധികം പോഷകങ്ങള്‍ ബോക് ചോയില്‍ ഉണ്ട്. 21 പോഷകങ്ങളും 71 ലധികം ആന്റി ഓക്‌സിഡെന്റുകളുമുള്ളതായി കണക്കാക്കുന്നു. ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ചോലിന്‍, മഗ്‌നീസ്യം, നിയാസിന്‍, ചെമ്പ്, ഒമേഗ3 ഫാറ്റി ആസിഡ്‌സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിന്‍ A, വിറ്റാമിന്‍ A1, B2, B6, ഫ്‌ലേവനോയിട്‌സ്, ആന്റി ഓക്‌സിടെന്റ്‌സ് എന്നിവയൊക്കെയാണ് ബോക്‌ചോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പോക്ഷക ഘടകങ്ങള്‍.
ബോക്ക് ചോയി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയെല്ലാമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കും, എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും, രക്ത സമ്മര്‍ദ്ദം കുറയ്ക്കും, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു, നല്ല ഉറക്കം പ്രദാനം ചെയ്യും, ഓര്‍മ ശക്തി വര്‍ദ്ധിപ്പിക്കും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, ചര്‍മ്മ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.
വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബോക്‌ചോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാന്‍ പറ്റും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും ഭാഗിക തണലും ആര്‍ദ്രതയുള്ള അന്തരീക്ഷവുമാണ് ബോക് ചോയ് നന്നായി വളരാന്‍ ആവശ്യം. വിത്തുകളുപയോഗിച്ചാണ് കൃഷി. വിത്തുകള്‍ പാകി കിളിര്‍പ്പിച്ച തൈകള്‍ ഇളക്കി 6-8 ഇഞ്ച് അകലത്തില്‍ നടണം. വരികള്‍ തമ്മില്‍ 18-30 ഇഞ്ച് അകലം പാലിക്കേണ്ടതാണ്.
ഒരു ചെടിയില്‍ നിന്നും പല തവണ വിളവെടുക്കമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി ബോക്‌ചോയി ഉപയോഗിച്ച് വരുന്നു. ബോക്‌ചോയ് കൊണ്ട് മെഴുക്കുപുരട്ടി, തോരന്‍, സൂപ്പ്, സാലഡ്, സ്വാസ് എന്നിവയൊക്കെയുണ്ടാക്കാം
Discussion about this post