ഒരു പാവം പക്ഷിയുടെ കൂട് ഇളക്കി കൊണ്ട് വന്ന് സൂപ്പ് ഉണ്ടാക്കി പണമുണ്ടാക്കുക.. പാവം പക്ഷി പിന്നെയും കൂടുണ്ടാക്കുക.. കഷ്ടം തന്നെ…ചൈനക്കാരാണ് ഈ സൂപ്പിന്റെ വലിയ ആരാധകര്‍. ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും തായ്ലന്‍ഡിലും ഒക്കെ സാധാരണയായി കാണുന്ന Black Nest Swiflet (Aerodramus maximus )എന്ന പാവം പക്ഷിക്കുഞ്ഞന്റെ കൂടാണ് ഇത്തരത്തില്‍ വിളവെടുത്ത് അവരെ വഴിയാധാരമാക്കുന്നത്. ഈ വിഭാഗം പക്ഷികളിലെ ആണുങ്ങള്‍ ഏതാണ്ട് 35ദിവസം കൊണ്ട് തന്റെ ഉമിനീര് കൊണ്ട് മെനഞ്ഞുണ്ടാക്കുന്ന തുപ്പല്‍ക്കൂടാണ് താരം. അതില്‍ ഏതാണ്ട് അന്‍പതു ശതമാനം പ്രോട്ടീന്‍ ആണത്രേ. കൂടാതെ കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം ഒക്കെ സമൃദ്ധമായി ഉണ്ടത്രേ.
ഈ പക്ഷികള്‍ ഗുഹകളിലും വലിയ കെട്ടിടങ്ങളുടെ മുകള്‍ ഭിത്തികളിലും ഒക്കെ ഉണ്ടാക്കി ഒട്ടിച്ചു വയ്ക്കുന്ന കൂടുകള്‍ കഷ്ടപ്പെട്ട് ഏണി ചാരി വിളവെടുക്കുകയാണ് പതിവ്. ചില്ലറ വിലയൊന്നുമല്ല വിപണിയില്‍. ഏതാണ്ട് 3000 ഡോളര്‍ വരും ഒരു പൗണ്ട് തുപ്പല്‍ക്കൂടിന്. ഒരു ചുവന്ന നിറമുള്ള കൂടാണ് എങ്കില്‍ വില 10000 ഡോളറിനു മുകളില്‍ പോകും. ഒരു വര്‍ഷം ഏതാണ്ട് രണ്ടു ബില്യണ്‍ ഡോളര്‍ ബിസിനസ് വരും തുപ്പല്‍ക്കൂടിന്റേത്. ഈ വിലക്കൂടുതല്‍ കാരണം ഈ വിഭവത്തെ ‘Caviar of the East ‘എന്നാണ് വിളിക്കുന്നത്. Caviar എന്നത് വിലയേറിയ ഒരു തരം മീന്‍മുട്ട ആണ്.
അനിയന്ത്രിതമായ കൂട് വിളവെടുപ്പ് കാരണം ഈ പക്ഷികളുടെ ആവാസ വ്യവസ്ഥയും എണ്ണവുമൊക്കെ ഒരു കാലത്ത് തകരാറില്‍ ആയിരുന്നു. ഇപ്പോള്‍ മെച്ചപ്പെട്ട് വരുന്നുണ്ട്.
ഹോങ്കോങ് ആണ് തുപ്പല്‍ക്കൂടിന്റെ പ്രധാന വാണിജ്യകേന്ദ്രം.
വാല്‍കഷ്ണം: ഇന്‍ഡോനേഷ്യയിലും മറ്റും ഇപ്പോള്‍ കടല്‍ത്തീരങ്ങളില്‍ ഈ പക്ഷികള്‍ക്ക് കൂടു വയ്ക്കാന്‍ വേണ്ടിമാത്രം വലിയ പൊക്കമുള്ള കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ട് വരുമാനം ഉണ്ടാക്കുന്ന വിദ്വാന്മാര്‍ ഉണ്ട്. Swiflet Hotel എന്നാണിവ അറിയപ്പെടുന്നത്. ഈ ഉയര്‍ന്ന ഭിത്തിയുള്ള ആള്‍താമസമില്ലാത്ത കെട്ടിടങ്ങളില്‍ ഈ പാവം പക്ഷികള്‍ കൂടൊരുക്കുകയും അവ ഇടയ്ക്കിടെ എണികള്‍ ഉപയോഗിച്ച് വിളവെടുക്കുകയും ചെയ്യുന്നു. ഒരു പക്ഷി വര്‍ഷത്തില്‍ മൂന്ന് തവണ കൂടുണ്ടാക്കുമത്രേ. സൂപ്പുണ്ടാക്കുമ്പോള്‍ ഒരു തരം ജെല്ലി പോലെ ഈ തുപ്പല്‍ക്കൂട് അതില്‍ കിടക്കും. ഇതില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ RFID (Radio Frequency Idenfification Test )ഒക്കെ പ്രാബല്യത്തില്‍ ഉണ്ട്. ഇന്‍ഡോനേഷ്യക്കാര്‍ വര്‍ഷത്തില്‍ ചില്ലറയൊന്നുമല്ല, ഏതാണ്ട് 2000ടണ്‍ തുപ്പല്‍ക്കൂട് വിളവെടുത്ത് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
Discussion about this post