ഇടുക്കി ജില്ലയിലെ ഇരുപത് ഏക്കർ സ്വദേശികളായ ബിൻസി – ജയിംസ് ദമ്പതികൾ കൃഷി ഇഷ്ടപ്പെടുന്നവർക്കെല്ലാം സുപരിചിതരാണ്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളിൽ തളരാതെ കാർഷിക മേഖലയിൽ വിജയം കൈവരിച്ച ഇവർക്ക് പറയാനുള്ളതും ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ കാർഷിക ജീവിതത്തെ കുറിച്ചാണ്. 20l9ൽ സംസ്ഥാന സർക്കാർ മികച്ച കർഷക വനിതയായി തെരഞ്ഞെടുത്ത ബിൻസി ഇന്നും നൂറുമേനി വിളയിക്കുന്നത് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് തന്നെയാണ്.
കൂലിപ്പണിയിൽ നിന്ന് കൃഷിക്കാരിയിലേക്ക്
അല്ലൽ തീരാത്ത കാലത്താണ് ബിൻസിയുടെ മനസ്സിൽ കൃഷി എന്ന മോഹം വരുന്നത്. ഏലത്തോട്ടത്തിൽ തൊഴിലാളികളായിരുന്നു ബിൻസിയും ഭർത്താവ് ജെയിംസും. കൂലിപ്പണിക്കാരായ ഇവരുടെ തുച്ഛമായ വേതനം മൂന്ന് മക്കൾ അടങ്ങുന്ന കുടുംബത്തിൻറെ ചിലവുകൾ നിർവഹിക്കാൻ പ്രാപ്തമല്ലായിരുന്നു. ഈ ഘട്ടത്തിലാണ് വീട്ടിൽ അപ്രതീക്ഷിതമായി കടന്നുവന്ന ‘ചുരക്ക’ എന്ന അതിഥി ബിൻസിയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ചുരക്കയുടെ വളർച്ചയ്ക്കൊപ്പം ബിൻസിയുടെ മനസ്സിലും പച്ചക്കറി കൃഷി എന്ന ആഗ്രഹം വളർന്നു. അധികവളമോ പരിചരണമോ ലഭിക്കാതെ ചുരക്ക കൃഷിയിൽ നിന്ന് കിട്ടിയ വിളവ് വീടിനോട് ചേർന്നുള്ള ഒമ്പത് സെൻറ് സ്ഥലത്ത് പലവിധത്തിലുള്ള പച്ചക്കറികൾ നടാൻ കാരണമായി. 9 സെൻറ് സ്ഥലത്തെ കൃഷി വിജയമായതോടെ ഇടുക്കി അട്ടപ്പളം എന്ന സ്ഥലത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ വീണ്ടും കൃഷിയിറക്കി. ഈ സ്ഥലത്തിനോട് ചേർന്നുള്ള പശു തൊഴുത്തിൽ ആയിരുന്നു അക്കാലത്ത് ബിൻസിയും കുടുംബവും താമസിച്ചിരുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിൽ കാട് വെട്ടിതെളിച്ച് മണ്ണ് ഫലഭൂയിഷ്ടമാക്കി ബിൻസി കൃഷി ആരംഭിച്ചെങ്കിലും ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. 2018ലെ പ്രളയത്തിൽ കൃഷി പൂർണമായി നശിപ്പിക്കുകയും സാമ്പത്തികമായി ആ കുടുംബം തകരാൻ കാരണമാവുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ പ്രതീക്ഷകൾ കൈവിടാതെ ആ കുടുംബം പിന്നെയും കൃഷിയിലേക്ക് തിരിച്ചെത്തി.
പെരിയാറിന്റെ സൗന്ദര്യത്തിൽ ‘ബിൻസി ഫാം’
പ്രളയം പഠിപ്പിച്ച പാഠങ്ങളിൽ നിന്ന് ബിൻസി പടുത്തുയർത്തിയതാണ് വണ്ടിപ്പെരിയാർ വള്ളക്കടവിലെ ബിൻസി ഫാം. 20 സെന്റിലാണ് ബിൻസിയുടെ ഈ ഫാം. പാട്ടത്തിനെടുത്ത ഭൂമിയിൽ തന്നെയാണ് ഇവിടെയും കൃഷി. ഒരിഞ്ച് സ്ഥലം ബാക്കിയില്ലാതെ എല്ലാവിധ വിളകളും ഇവിടെ കൃഷി ചെയ്യുന്നു. കൃഷിയിടത്തിൽ ഏറിയ പങ്കും ബിൻസി കൃഷി ചെയ്യുന്നതും ബീൻസ് ആണ്. 700 ചുവടോളം ഇവിടെ ബീൻസ് കൃഷി ചെയ്യുന്നു. ബീൻസിൽ മികച്ച വിളവ് ലഭിക്കുന്ന മുരിങ്ങ ബീൻസും, ഹോസ്ദുർഗ് ബീൻസുമാണ് കൃഷി ചെയ്യുന്നത്. അധികം കീടരോഗ സാധ്യത ഇല്ലാത്തതും ഹൈറേഞ്ച് മേഖലയ്ക്ക് ഈ കൃഷി അനുയോജ്യമായതുകൊണ്ടും ബീൻസ് കൃഷിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ മികച്ച വിളവ് നൽകുന്ന സ്നോവൈറ്റ് കുക്കുമ്പറും ആപ്പിൾ തക്കാളിയും കോളിഫ്ലവറും കാബേജും ബ്രോക്കോളിയുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഇതിനൊപ്പം ഒടിയൻ തേനീച്ച പെട്ടികളും കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിളകളിലെ പരാഗണം വർദ്ധിപ്പിച്ച് ഉത്പാദനം ഉയർത്താൻ ഈ തേനീച്ചകൾ സഹായകമാകും എന്നതാണ് ഇതിൻറെ ഒരു മേന്മ. വെർട്ടിക്കൽ രീതിയിൽ വലകൾ ഒരുക്കി തക്കാളി ചെടി പടർത്തി കൃഷി ചെയ്യുന്ന രീതിയും ഈ ഫാമിൻറെ ആകർഷണീയതയാണ്. പെരിയാറിന്റെ സൗന്ദര്യം ആവോളം ആവാഹിക്കുന്ന ഈ ഫാം കുറേക്കൂടി വിപുലപ്പെടുത്താനാണ് ബിൻസിയുടെ ഇപ്പോഴത്തെ ആഗ്രഹം
ജീവിതം പച്ചപിടിപ്പിച്ച ഓൺലൈൻ വിപണി
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ബിൻസി ജയിംസ്. തൻറെ ഫാമിലെ ഓരോ വിളവെടുപ്പും ബിൻസി തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ആദ്യം കൗതുകത്തിന് പുറത്തായിരുന്നു ചിത്രങ്ങൾ പേജിൽ പങ്കുവെച്ചതെങ്കിൽ പിന്നീട് ബിൻസിയുടെ വിശേഷങ്ങൾ അറിയാൻ പേജിൽ ആളുകളും എത്തിത്തുടങ്ങി. ഇപ്പോൾ ‘ബിൻസി ഫാം’ കാണാൻ ദൂര ദേശങ്ങളിൽ നിന്ന് വരെ സന്ദർശകർ എത്തുന്നു. സന്ദർശകർ എത്തുന്നത് മാത്രമല്ല ബിൻസി ഫാമിനോട് ചേർന്ന് നടത്തുന്ന ചെറിയ ഒരു ഷോപ്പിൽ നിന്ന് വിത്തുകളും, മറ്റു മൂല്യ വർദ്ധിത ഉത്പന്നങ്ങളും വാങ്ങുവാനും ആവശ്യക്കാർ ഏറെയായി. ബിൻസി കൃഷി ഇറക്കുന്ന വിത്തുകൾ പാക്കറ്റിന് പത്തു രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചും നൽകുന്നുണ്ട്. ഓൺലൈൻ വിപണി ഉപയോഗപ്പെടുത്തി സീസണിൽ 42,000 രൂപയുടെ വിത്ത് വരെ ഇങ്ങനെ വിറ്റുപോയ അനുഭവം ബിൻസിക്കുണ്ട്. ഓൺലൈനിലെ ഈ വിൽപ്പന തന്നെയാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുവാനും പ്രേരിപ്പിച്ചത്. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആവശ്യക്കാരിലേക്ക് ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിപണി കണ്ടെത്തിയത് വരുമാനം ഇരട്ടിക്കാൻ കൂടുതൽ സഹായിച്ചിട്ടുണ്ടെന്ന് ബിൻസി പറയുന്നു.
മഴമറയിൽ നിന്ന് മനം നിറയെ
തുറസായ സ്ഥലത്തേക്കാൾ കൂടുതൽ വിളവ് ലഭിക്കുന്നതാണ് മഴമറ കൃഷി. ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ച് പയറും ബീൻസും പാവലുമൊക്കെ ഇവിടെ പന്തലുകളിൽ നിറയുന്നു. ഹൈറേഞ്ച് കാലാവസ്ഥ ആയതിനാൽ ശീതകാല പച്ചക്കറികളും എപ്പോഴും ഇവിടെ കൃഷി ചെയ്യുന്നു.
മൾച്ചിങ് കൃഷിയും വളപ്രയോഗവും
തീർത്തും ജൈവ രീതിയിലാണ് ബിൻസിയുടെ കൃഷി. ആദ്യഘട്ടത്തിൽ ഏല കൃഷിയിൽ രാസവളങ്ങൾ ഉപയോഗപ്പെടുത്തി കൃഷി ചെയ്തപ്പോൾ നഷ്ടം ഉണ്ടായതുകൊണ്ട് തന്നെ അന്നുതൊട്ടേ തീർത്തും ജൈവ രീതിയിലാണ് ബിൻസി കൃഷി ചെയ്യുന്നത്. വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് തുടങ്ങിയവ പുളിപ്പിച്ചു ഉണ്ടാക്കുന്ന മിശ്രിതം ചെടികൾക്ക് കരുത്ത് പകരുവാൻ ഉപയോഗിക്കുന്നു. കീടങ്ങളെ നിയന്ത്രിക്കുവാൻ ബിൻസി നിർമ്മിക്കുന്ന ജൈവ കീടനാശിനികളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. മൾച്ചിങ് ഉപയോഗിച്ചിട്ടുള്ള കൃത്യത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. തുള്ളിനന രീതിയാണ് കൃഷിയിടത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൾച്ചിങ് ഷീറ്റിനുള്ളിൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത നടീൽ മിശ്രിതമാണ് നിറയ്ക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായി ഓരോ വിളകളും മാറിമാറി കൃഷി ചെയ്തതാണ് ബിൻസി ലാഭം ഉറപ്പിക്കുന്നത്. ജീവാണു വളമായ വാം കൃഷിയിടത്തിൽ തന്നെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കൃഷിയിലേക്ക് ഇറങ്ങുന്ന ഓരോരുത്തരോടും ബിൻസിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ ലാഭം മാത്രം ലക്ഷ്യമിട്ട് കൃഷിയിലേക്ക് ഇറങ്ങരുത്. കൃഷി മനസ്സിൽ നൽകുന്ന സന്തോഷവും ഒന്ന് വേറെ തന്നെയാണ്. വിപണി തിരിച്ചറിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയാൽ ഒരു പരിധിവരെ നഷ്ട സാധ്യതയെ ഒഴിവാക്കാനും കഴിയും.
Discussion about this post