കേരളത്തിലെ കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതും ഔഷധമൂല്യങ്ങളുള്ളതുമായ ബഹുവർഷിയായ ഇലക്കറിയാണ് ബസല്ല. മലബാർ സ്പിനാച്ച് , സിലോൺ ചീര, വള്ളിച്ചീര എന്നീ പേരുകളിലും ബസല്ല അറിയപ്പെടുന്നുണ്ട്. വഷളച്ചീര എന്നും പറയാറുണ്ട്. ഇന്ത്യയാണ് ബസല്ലയുടെ ജന്മദേശം. ബസല്ല സാധാരണയായി രണ്ടുതരത്തിൽ കാണപ്പെടാറുണ്ട്. ചുവന്ന തണ്ടുള്ള ബസല്ല റൂബ്രയും പച്ച തണ്ടുകളുള്ള ബസല്ല ആൽബയും. പച്ച ഇനമാണ് കൂടുതൽ രുചികരം. ബസല്ലയുടെ മൂക്കാത്ത ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂക്കാത്ത പുതിയ ഇലകൾ സാലഡ്, ജ്യൂസ് എന്നിവ തയ്യാറാക്കാനായി ഉപയോഗിക്കാം. മൂപ്പെത്തിയ വലിയ ഇലകൾ സൂപ്പുകൾ, കറികൾ എന്നിവയിലും ഉപയോഗിക്കാം.
അനേകം ഔഷധഗുണങ്ങളുള്ള വഷളച്ചീരയിൽ വൈറ്റമിൻ എ, സി, ഇരുമ്പ്, കാൽസ്യം, ഫൈബർ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം ഫ്ലാവനോയ്ഡുകൾ, സ്റ്റിറോയ്ഡുകൾ മറ്റ് അവശ്യ മൂലകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.സൗത്ത്- ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ മലേറിയ, വായിലെ അൾസർ, വയറുവേദന, ക്രമം തെറ്റിയ ആർത്തവം തുടങ്ങി അനേകം രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും ബസല്ലയുടെ ഇലച്ചാറ് പുരട്ടാറുണ്ട്.ചുവന്ന ഇനത്തിൽ കരോട്ടിനോയ്ഡകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വർധിപ്പിക്കുന്നതിനും കൊളസ്ട്രോളിന്റെ ആഗിരണം കുറയ്ക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും എല്ലുകളുടെ ശക്തിക്ഷയം കുറയ്ക്കുന്നതിനുമെല്ലാം ബസല്ലച്ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയുടെ കായയിൽ അടങ്ങിയിട്ടുള്ള പർപ്പിൾ നിറം വിഷമില്ലാത്തതും പ്രകൃതിദത്തവുമായ നിറമായി ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കാം.
മെയ് – ജൂൺ മാസങ്ങളിൽ വള്ളിച്ചീര നടാം. 30 സെന്റീമീറ്റർ നീളമുള്ള തണ്ടുകൾ നട്ടും വിത്തുകൾ മുളപ്പിച്ചും വള്ളിച്ചീര വളർത്താം. തണ്ടുകൾ നട്ട് വളർത്തുകയാണെങ്കിൽ ഒന്നര മാസത്തിൽ വിളവെടുപ്പ് ആരംഭിക്കാം. എന്നാൽ വിത്തിട്ട് മുളപ്പിക്കുകയാണെങ്കിൽ മൂന്നു മാസത്തിനു ശേഷം മാത്രം വിളവെടുക്കാം. പച്ചക്കറിവിളയെന്ന പോലെ ഒരു അലങ്കാരസസ്യമായി വളർത്താനും ഉതകുന്ന വിളയാണ് വള്ളിച്ചീര അഥവാ ബസല്ല
Discussion about this post