ഇന്ത്യയിലെ ഏറ്റവും നല്ല മാമ്പഴം ഏതാണ്? തെലുങ്കരുടെ ബംഗനപ്പള്ളി തന്നെ. പാടുകളില്ലാത്ത സുവര്‍ണ നിറം, പഴച്ചാര്‍ വഴിഞ്ഞൊഴുകുന്ന, നാര് കുറഞ്ഞ (ഇല്ല എന്ന് തന്നെ പറയാം ) ദശ, ഹൃദ്യമായ ഗന്ധമുള്ള, പരന്ന മാങ്ങയണ്ടിയോട് കൂടിയ 350-400ഗ്രാം ശരാശരി തൂക്കം വരുന്ന രുചിബോംബാണിത്. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലെ ബംഗനപ്പള്ളിയാണ് ജന്മദേശം. 2017ല്‍ ഭൗമ സൂചിക പദവിയും കരസ്ഥമാക്കി.
ആന്ധ്രയില്‍ മാത്രം ഏതാണ്ട് മൂന്നര ലക്ഷം സ്ഥലത്തു കൃഷി ചെയ്യുന്നു. ഏതാണ്ട് 8 ലക്ഷം ആള്‍ക്കാര്‍ ഈ ഇനം കൃഷി ചെയ്തു ഉപജീവനം നടത്തുന്നു എന്ന് സര്‍ക്കാര്‍ കണക്ക്. ആന്ധ്രയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 5500 ടണ്‍ മാങ്ങ അമേരിക്കയിലേക്കും ഇംഗ്‌ളണ്ടിലേക്കും കയറ്റുമതി ചെയ്തു.
സാധാരണ കാലാവസ്ഥയില്‍ 10-12 ദിവസം വരെ കേട് കൂടാതെ ഇരിക്കും. പ്രത്യേക ഊഷ്മാവില്‍ മൂന്ന് മാസത്തോളവും. അത് തന്നെയാണ് ബംഗനപ്പള്ളിയുടെ പ്രധാന പ്രത്യേകത. കേരളത്തിലെ വിപണിയിലും ഇവന്‍ തന്നെ മുമ്പന്‍. കര്‍ശനമായി രുചി വിലയിരുത്തുന്ന ആള്‍ക്കാര്‍ പറയും വെറും ബംഗനപ്പള്ളി പോരാ, കര്‍ണൂല്‍ ബംഗനപ്പള്ളി തന്നെ കഴിക്കണം അവന്റെ തനി ഗുണം അറിയണമെങ്കില്‍ എന്ന്. ബനേഷാന്‍ എന്ന പേരിലും ബംഗനപ്പള്ളി മാമ്പഴം അറിയപ്പെടുന്നു.
രുചിയുള്ള മാങ്ങാ വിളയണം എങ്കില്‍ അത് മൂത്ത് വരുന്ന സമയത്തു അല്പം ചൂട് കൂടിയ വരണ്ട കാലാവസ്ഥ വേണം. തുടര്‍ച്ചയായി മഴ പെയ്താല്‍ രുചിക്കുറവ് വന്ന് എടുക്കാച്ചരക്കാകും ചക്കയെപ്പോലെ. മാങ്ങാ വിളവെടുപ്പ് ഒക്കെ കഴിഞ്ഞാല്‍ മാവില്‍ ഒരു ചെറിയ പ്രൂണിങ് നടത്താം. കേട് വന്നവ, അകത്തേക്ക് വളഞ്ഞു വളരുന്നവ, ബലം കുറഞ്ഞവ, വാര്‍ദ്ധക്യം ബാധിച്ചവ എന്നിങ്ങനെ ഉള്ള ശിഖരങ്ങള്‍ ശ്രദ്ധയോടെ ഇരിഞ്ഞു വരാത്ത രീതിയില്‍ മുറിച്ച് മാറ്റാം. മുറിപ്പാടില്‍ കുമിള്‍ നാശിനി കുഴമ്പ് പുരട്ടണം.
തായ് തടിയിലും ശിഖരങ്ങളിലും വെയില്‍ നന്നായി തട്ടുമ്പോഴാണ് മാവില്‍ പൂക്കാനുള്ള പ്രവണത ഉണ്ടാകുന്നത്. ജൂലൈ മാസത്തോടെ കൊമ്പ് കോതല്‍ പൂര്‍ത്തിയാക്കാം. ഓഗസ്റ്റ് മാസത്തില്‍ തടം തുറക്കാം. ആദ്യം കുമ്മായം നല്‍കാം. 14ദിവസത്തിന് ശേഷം ചാണകപ്പൊടി (മാവിന്റെ പ്രായം x5കിലോ ), യൂറിയ (പ്രായം x45ഗ്രാം ), റോക്ക് ഫോസ്‌ഫേറ്റ് (പ്രായം x100ഗ്രാം ), പൊട്ടാഷ് (പ്രായം x50ഗ്രാം )എന്ന അളവില്‍ വളങ്ങള്‍ നല്‍കാം.
സാധാരണ ഗതിയില്‍ ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ ആണ് മാവ് പൂക്കുക. അതിന് രണ്ട് മാസം മുന്‍പ് നന നിര്‍ത്തണം. പൊട്ടാസ്യം നൈട്രേറ്റ് 10ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇല കുളിര്‍ക്കെ തളിക്കുന്നത് പൂക്കാന്‍ പ്രേരണ നല്‍കും. പൂത്തു കഴിഞ്ഞാല്‍ മിതമായി നനയ്ക്കുന്നത് പൂ കൊഴിച്ചില്‍ തടയാനും നണികളുടെ എണ്ണം കൂടാനും സഹായിക്കും.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post