വാഴയിൽ നിന്ന് നല്ല വിളവ് ലഭിക്കാനും രോഗപ്രതിരോധശേഷി ഉണ്ടാകാനും നല്ല ഇനം കന്നുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയ്ക്ക് പ്രധാനമായും രണ്ട് തരം കന്നുകളാണ് ഉള്ളത്. സൂചിക്കന്ന്, പീലിക്കന്ന്, വാൾ കന്ന് എന്നിങ്ങനെ അറിയപ്പെടുന്ന സ്വോർഡ് സക്കറും വെള്ളക്കന്ന് എന്നറിയപ്പെടുന്ന വാട്ടർ സക്കറും. മാതൃ വാഴയുടെ മാണത്തിന്റെ ഉൾഭാഗത്തുനിന്നാണ് സൂചിക്കന്നുകൾ ഉണ്ടാകുന്നത്. ഇതിന്റെ ചുവടിന് നല്ലവണ്ണമുണ്ടായിരിക്കും. മുകളിലേക്ക് പോകുന്തോറും കൂർത്ത് വരുന്നതും കാണാം. ഉയരം കുറഞ്ഞ വീതി കൂടിയ വെള്ളക്കന്നുകൾക്ക് കരുത്ത് കുറവായതിനാൽ ഇവ നടാൻ യോജിച്ചതല്ല. മൂന്ന് മുതൽ നാല് മാസം വരെ പ്രായമുള്ള സൂചിക്കന്നുകളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. മാണഭാഗത്തിന് 700 മുതൽ 1000 ഗ്രാം വരെ ഭാരവും 35 മുതൽ 45 സെന്റീമീറ്റർ വരെ ചുറ്റളവുമുള്ള കന്നുകളാണ് നല്ലത്. നല്ല വിളവ് നൽകുന്നതും രോഗകീടബാധ ഇല്ലാത്തതുമായ മാതൃവാഴയിൽ നിന്നും വേണം കന്നുകൾ തിരഞ്ഞെടുക്കാൻ. ഒരേ പ്രായവും വലിപ്പവുമുള്ള കന്നുകൾ ഒരുമിച്ച് നട്ടാൽ ഒരേസമയത്ത് വിളവെടുക്കാം.
മാതൃ വാഴയിൽ നിന്നും കുല വെട്ടി ഒരുമാസത്തിനകം കന്നുകൾ ശേഖരിക്കണം. കുല വെട്ടി 10 ദിവസത്തിനകം കന്നുകൾ ഇളക്കി മാറ്റുന്നത് മാണവണ്ടിന്റെ ആക്രമണം തടയാൻ സഹായിക്കും. നേന്ത്രവാഴക്കന്നിന്റെ തലപ്പ് മുറിച്ചു മാറ്റണം. 15 മുതൽ 20 സെന്റീമീറ്റർ മാത്രം ശേഷിപ്പിച്ചാണ് തലപ്പ് മുറിക്കേണ്ടത്. വേരുകളും വലിപ്പമേറിയ പാർശ്വ മുകുളങ്ങളും കേടുള്ള മാണഭാഗങ്ങളും നീക്കം ചെയ്യണം.
ഇങ്ങനെ തിരഞ്ഞെടുത്ത കന്നുകളെ ചെറുചൂടുവെള്ളത്തിൽ 20 മിനിറ്റ് നേരം മുക്കിവെച്ചാൽ നിമാവിരകളുടെ പകർച്ച തടയാം. അതിനുശേഷം ചാണകവും ചാരവും കലർത്തി യെ കുഴമ്പിൽ കന്ന് അരമണിക്കൂർ മുക്കിയെടുത്ത് മൂന്നുനാലു ദിവസം വെയിലത്ത് വച്ച് ഉണക്കണം. ഉണക്കിയ കണ്ണുകളെ 15 ദിവസം വരെ തണലിൽ സൂക്ഷിക്കാം. എന്നാൽ കഴിവതും വേഗം നടുന്നതാണ് നല്ലത്. നേന്ത്രൻ ഒഴികെയുള്ള മറ്റിനങ്ങളുടെ കന്നുകൾ ഉണക്കേണ്ടതില്ല.
മഴക്കാലത്താണ് നടുന്നതെങ്കിൽ കന്നുകൾ മുറിക്കാതിരിക്കുന്നതാണ് നല്ലത്. മുറിച്ചു നട്ടാൽ വെള്ളം കയറി ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. എന്നാൽ ഇലകൾ പകുതി മുറിച്ചുകളയുന്നത് നല്ലതാണ്. ഇപ്രകാരം കൃത്യമായി പരിചരിച്ച കന്നുകൾ അടിവളം ചേർത്ത് കുഴിയിൽ നിവർത്തി നടാം. വേനൽക്കാലത്ത് നടുകയാണെങ്കിൽ കുഴിയിൽ കരിയില കൊണ്ട് പുതയൊരുക്കുന്നതും നല്ലതാണ്.
നിലം തയ്യാറാക്കേണ്ടത് എങ്ങനെ?
50 സെന്റീമീറ്റർ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ കൂനകളിൽ നടുന്നതാണ് നല്ലത്. കുഴികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം
ഒരു കുഴിയിൽ 500 ഗ്രാം കുമ്മായം ചേർക്കാം . രണ്ടാഴ്ചയ്ക്കുശേഷം ഒരു കുഴിയിൽ 10 കിലോ ജൈവവളം ചേർക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകൾ നടാം.
വളപ്രയോഗം
വാഴ നട്ട് ഒരുമാസത്തിന് ശേഷം 86ഗ്രാം യൂറിയ, 325ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. വാഴക്കന്നിൽ നിന്ന് അല്പം അകലം പാലിച്ചുവേണം വളം നൽകാൻ. തൊട്ടടുത്ത മാസത്തിൽ 65ഗ്രാം യൂറിയ, 280ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം.മൂന്ന്, നാല്, അഞ്ച് മാസങ്ങളിൽ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. പിന്നീട് കുല പൂർണമായി വിടർന്ന ശേഷം 65ഗ്രാം യൂറിയ നൽകാം. ഇങ്ങനെ 6 തവണകളായി വളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
വേനൽ കാലത്ത് നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കളകൾ യഥാസമയം നീക്കം ചെയ്യണം. ചുവട്ടിൽ നിന്നും മുളയ്ക്കുന്ന കന്നുകൾ നശിപ്പിക്കണം. ഇടവിളയായി ചേന, ചേമ്പ് എന്നീ വിളകൾ നടാം.
Discussion about this post