1998 മുതല്‍ 2004 വരെ കേരള ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലും (KHDP) വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളത്തിലും (VFPCK) പ്രവര്‍ത്തിക്കാനിടയാപ്പോള്‍, കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കാര്‍ഷിക വിപണനം എത്ര പ്രധാനമാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കര്‍ഷകന് പ്രാമുഖ്യമുള്ള ‘സ്വാശ്രയ കര്‍ഷക വിപണി’ എന്ന ആശയം ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയത് യൂറോപ്യന്‍ സാമ്പത്തിക സമൂഹത്തിന്റെ പിന്തുണയോടെ കേരളത്തില്‍ നടപ്പിലാക്കിയ KHDP ആണ്. സ്വാശ്രയ കര്‍ഷക വിപണികളില്‍ മിക്കവാറും ഇടങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്യുന്ന രീതി ആണ് പിന്തുടരുന്നത്.അതുകൊണ്ട് തന്നെ ഒരേ ദിവസം ഒരേ ഉല്‍പ്പന്നത്തിന് പല വിലകള്‍ ലേലത്തില്‍ ലഭിക്കുന്നത് കണ്ടിട്ടുണ്ട്. ഒരേ തൂക്കമുള്ള കുലകള്‍ ആണെങ്കില്‍ പോലും അവയില്‍ മുഴുപ്പും ആകര്‍ഷകമായ നിറവും കൂടുതല്‍ ഉള്ള കുല മികച്ച വിലയ്ക്ക് വിറ്റു പോകുന്നത് കാണാം. അപ്പോള്‍ തൂക്കമല്ല പ്രധാനം, അതിന്റെ ഭംഗിയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കാം.
യൂറോപ്യന്‍ വിപണികളില്‍ വരുന്ന വാഴപ്പഴങ്ങളുടെ തൊലിയില്‍ ഒരു കറുത്ത പാട് പോലും കാണാന്‍ കഴിയില്ല. അത്തരം കായ്കള്‍ പാക്ക് ഹൗസുകളില്‍ തന്നെ വേര്‍തിരിച്ചു മാറ്റുന്നു. ഒരു ഉപഭോക്താവ് ആദ്യം കണ്ണുകൊണ്ടാണ് ഉല്പന്നം വാങ്ങണമോ എന്ന് തീരുമാനിക്കുന്നത്. കാണാന്‍ ഭംഗിയില്ലാത്ത ഉല്പന്നങ്ങള്‍, എത്ര കഴിക്കാന്‍ സുരക്ഷിതമാണ് എന്ന് പറഞ്ഞാലും ആള്‍ക്കാര്‍ വാങ്ങാന്‍ കൂട്ടാക്കിയെന്നു വരില്ല.
വാഴക്കുല പൊതിയുന്നത്, അതിന്റെ ഗുണമേന്മ വലിയ അളവില്‍ വര്‍ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. പണ്ട് കാലത്ത്, ഇന്നും, ചിലയിടങ്ങളില്‍ ഉണങ്ങിയ വാഴയില കൊണ്ട് വാഴക്കുല പൊതിയാറുണ്ട്. ഒരു പരിധി വരെ അത് നല്ലത് തന്നെ. പക്ഷെ അത് ചിലപ്പോള്‍ കായ്കളില്‍ ഉരസല്‍ ഉണ്ടാകാന്‍ കാരണമാകും. ഇലപ്പുള്ളി രോഗമുണ്ടാക്കുന്ന ഫംഗസ് കായില്‍ കറുപ്പ് പാടുകള്‍ വീഴ്ത്തും. ഉണങ്ങിയ ഇലകള്‍ക്കിടയില്‍ പക്ഷികള്‍ കൂട് കൂട്ടിയേക്കാം. കുല വിളവെടുക്കാന്‍ ആയോ എന്നറിയാനും ചിലപ്പോള്‍ കഴിഞ്ഞെന്നും വരില്ല.
ആയതിനാല്‍ ദ്വാരങ്ങള്‍ ഇട്ട പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമായി കാണുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കരാര്‍ കൃഷി നടത്തുന്ന കുത്തക കമ്പനികളായ ചിക്ക്വിറ്റ, ഡോള്‍ പോലെ ഉള്ള കമ്പനികള്‍ പത്തു ശതമാനം ദ്വാരങ്ങള്‍ ഇട്ട നീല കവറുകള്‍ ആണ് വാഴക്കുലകള്‍ പൊതിയാന്‍ ഉപയോഗിക്കുന്നത്. ആ പ്രക്രിയയെ Bagging അഥവാ Skirting എന്ന് വിളിക്കും. Loosely woven fabric കൊണ്ടുള്ള കവറുകളും ഉപയോഗിക്കുന്നുണ്ട്. സൂക്ഷിച്ചുപയോഗിച്ചാല്‍ ഇവ വീണ്ടുമുപയോഗിക്കാം. വെള്ള നിറത്തില്‍ ഉള്ള ദ്വാരമിട്ട കവറുകളും ഉപയോഗിക്കുന്നുണ്ട്. 200 മീറ്ററോളം നീളത്തില്‍ ഉള്ള റോള്‍ ആയി ആണ് ഇവ മാര്‍ക്കറ്റില്‍ ലഭിക്കുക. വഴക്കുലയുടെ നീളം അനുസരിച്ചു അവ മുറിച്ച് പൊതിയാനായി ഉപയോഗിക്കാം. പൊതിയുമ്പോള്‍ അടിവശം തുറന്ന് കിടക്കുന്നത് ഉള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ സഹായിക്കും. വാഴക്കുല ഇത്തരത്തില്‍ പൊതിയുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.
1. കവറിനുള്ളില്‍ ചൂട് അര ഡിഗ്രി മുതല്‍ ഏഴു ഡിഗ്രി വരെ കൂടുതല്‍ ആകാറുണ്ട്. ആയതിനാല്‍ നാല് ദിവസം മുതല്‍ പതിനാല് ദിവസം വരെ മൂപ്പ് വേഗത്തിലാകാന്‍ സഹായിക്കും.
2. ഫംഗസ് ബാധ, പൂപ്പേന്‍ ആക്രമണം എന്നിവയെ ചെറുക്കുന്നതിനാല്‍ നല്ല നിറം ലഭിക്കും.
3. അണ്ണാന്‍, വാവല്‍, പക്ഷികള്‍ എന്നിവയുടെ സന്ദര്‍ശനം തടയുന്നതിനാല്‍ വരകള്‍, കീറലുകള്‍ എന്നിവ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
4. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ കായില്‍ പറ്റാതെ കാക്കുന്നു.
5. കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കുലയില്‍ തട്ടാതെ സംരക്ഷിക്കുന്നു.
6. കവറിനുള്ളില്‍ ഉള്ള ചൂടും നീരാവിയും കോശങ്ങളെ വികസിപ്പിക്കുന്നതിനാല്‍ അതിന്റെ മാംസളതയും തൂക്കവും വര്‍ധിക്കുന്നു.
നീല നിറത്തില്‍ ഉള്ള കവറുകള്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളെ ഒരു പരിധിവരെ കവറിനകത്തേയ്ക്ക് കടക്കാതെ സംരക്ഷിക്കുന്നു.
ആയതിനാല്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ വളരെ പ്രധാനമായ ഇക്കാലത്ത്, വാഴക്കുലകള്‍ കൂമ്പൊടിച്ച ഉടന്‍ തന്നെ പൊതിയുന്നത് എന്തുകൊണ്ടും നല്ലത് തന്നെ.
പൊതിഞ്ഞും പൊതിയാതെയും നിര്‍ത്തിയ രണ്ട് വാഴക്കുലകളുടെ ചിത്രങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു. അവയുടെ വ്യത്യാസം കണ്ടു മനസിലാക്കുക.
തയ്യാറാക്കിയത് :
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post