കേരളത്തില്‍ പൊതുവേ വാഴക്കൃഷി രണ്ട് തരമുണ്ട്. വാണിജ്യ കൃഷിയും വീട്ടുവളപ്പിലെ കൃഷിയും. വാണിജ്യാടിസ്ഥാനത്തില്‍ കൂടുതലായി ഏത്ത വാഴ, മിതമായ അളവില്‍ റോബസ്റ്റ, ഗ്രാന്‍ഡ് നൈന്‍, ഞാലിപ്പൂവന്‍, ചെങ്കദളി (കപ്പ വാഴ ), നാട്ടു പൂവന്‍ മുതലായവയാണ് കൃഷി ചെയ്യുന്നത്. വീട്ടു വളപ്പില്‍ പ്രധാനമായും പാളയന്‍ കോടന്‍ (മൈസൂര്‍ പൂവന്‍ ), ഞാലി പൂവന്‍ (രസ കദളീ ), പടറ്റി, മൊന്തന്‍, ചാരപ്പൂവന്‍, റോബസ്റ്റ മുതലായവയും കൃഷി ചെയ്യുന്നു.
ഏത്തവാഴ പൊതുവേ ഓണവാഴ എന്നും പൊടിവാഴ എന്നും രണ്ട് രീതിയില്‍ ചെയ്യുന്നു. ഓണവാഴയ്ക്ക് നന നിര്‍ബന്ധമാണ്. പൊടിവാഴ ഏറെക്കുറെ മഴയെ ആശ്രയിച്ചും ചെയ്യുന്നു. വീട്ടു വളപ്പിലെ വാഴകൃഷി ഒരു Low External Input dependent രീതി ആണ്. ചിട്ടയായ അകലമോ വളപ്രയോഗമോ നനയോ കീട രോഗ നിയന്ത്രണമോ അനുവര്‍ത്തിക്കാത്ത രീതി.
കേരളത്തില്‍ പാല്‍, ഇറച്ചി, മുട്ട എന്നിവയ്ക്ക് വില സ്ഥിരതയോ ഉയര്‍ച്ചയോ ഉണ്ട്. എന്നാല്‍ വാഴപ്പഴത്തിന് സ്ഥിര വില ഇല്ല.വില താഴ്ചയും പലപ്പോഴും ഉണ്ട്. അതിനാല്‍ തന്നെ അതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണം.
വാഴക്കൃഷിയുടെ ചെലവ് കുറയ്ക്കാന്‍ ഉള്ള ഒരു മാര്‍ഗമാണ് കുറ്റിവിള രീതി അഥവാ Rattooning. ഈ രീതി കരിമ്പ്, പൈനാപ്പിള്‍, ചില നാടന്‍ നെല്ലിനങ്ങള്‍ എന്നിവയില്‍ അനുവര്‍ത്തിക്കാറുണ്ട് . ഒരു തവണ നട്ടാല്‍ രണ്ടോ മൂന്നോ വിളവെടുപ്പ് കഴിഞ്ഞ് മാത്രമേ വീണ്ടും നടൂ.
എന്താണ് ഈ രീതിയുടെ ഗുണ ദോഷങ്ങള്‍.
ഗുണങ്ങള്‍ :
കുറഞ്ഞ കൃഷി ചെലവ്. ഒരു നിലമൊരുക്കല്‍, ഒരു നടീല്‍, മൂന്ന് കുല വെട്ടും.
ദോഷങ്ങള്‍ :
ഉയര്‍ന്ന അളവില്‍ കീട രോഗങ്ങള്‍, താരതമ്യേന കുറഞ്ഞ ഉല്‍പ്പാദനം.
ഏത്ത വാഴയില്‍ കുറ്റിവിള എടുക്കാതിരിക്കുകയാവും നല്ലത്. കാരണം മാണവണ്ട് (Rhizome weevil )ഏറ്റവും ഇഷ്ടപ്പെടുന്ന മാണം ഏത്തവാഴയുടേതാണ്. ആദ്യ കുല വെട്ടുമ്പോഴേക്കും തള്ള മാണത്തില്‍ ദ്വാരങ്ങള്‍ അവന്‍ ഉണ്ടാക്കിയിട്ടുണ്ടാകും. കന്നുകള്‍ നിര്‍ത്തിയാല്‍ നല്ലൊരു പങ്കും മണ്ടയടച്ചു പോകും. അല്ലെങ്കില്‍ പിന്നെ വലിയ അളവില്‍ വേപ്പിന്‍ പിണ്ണാക്കും മണ്ണില്‍ ഒഴിക്കുന്ന മാരക കീടനാശിനികളും വേണ്ടി വരും. ഓണവാഴ കുറ്റിവിള ആയി നിര്‍ത്തിയാല്‍ രണ്ടാം കുല മെയ് ജൂണ്‍ മാസത്തില്‍ വിളവെടുക്കേണ്ടി വരും. മൂന്നാം കുലയെക്കുറിച്ചു ആലോചിക്കുകയെ വേണ്ട.
എന്നാല്‍ റോബസ്റ്റ, ഗ്രാന്‍ഡ് നൈന്‍, ഞാലിപ്പൂവന്‍, പാളയന്‍ കോടന്‍, മൊന്തന്‍, പടറ്റി എന്നിവയെല്ലാം തന്നെ കുറ്റിവിള എടുക്കാന്‍ യോഗ്യര്‍ തന്നെ. നല്ല രീതിയില്‍ കുഴി എടുത്തു (അര മീറ്റര്‍ നീളം, വീതി, ആഴം )കുമ്മായം ചേര്‍ത്ത് മേല്മണ്ണിട്ടു പകുതി മൂടി രണ്ടാഴ്ച കഴിഞ്ഞു ഒരു പിള്ളക്കുഴി എടുത്തു ഒരുക്കിയ കന്നു ഇറക്കി വച്ചു, ചവിട്ടി ഉറപ്പിച്ചു, ചുറ്റും അടിസ്ഥാന വളമായി ചാണകപ്പൊടി ഒരു കുട്ട, കാല്‍ കിലോ വീതം എല്ലു പൊടി യും വേപ്പിന്‍ പിണ്ണാക്കും വശങ്ങളില്‍ ഇട്ടു ചപ്പു ചവറുകള്‍ മൂടി വേണം ചെയ്യാന്‍. പിന്നെ ചിട്ടയായ മേല്‍ വള പ്രയോഗങ്ങളും.
ഈ രീതി പിന്തുടരുമ്പോള്‍ തുടക്കത്തില്‍ തന്നെ ഇടയകലം അല്പം കൂട്ടി കൊടുക്കുന്നത് നന്നായിരിക്കും. ഒരു രണ്ടേകാല്‍ മീറ്റര്‍ ഒക്കെ അകലം നല്‍കാം. ഇല്ലെങ്കില്‍ ഇലപ്പുള്ളി രോഗം കൂടാന്‍ സാധ്യത ഉണ്ട്. കളകള്‍ യഥാ സമയം നീക്കം ചെയ്തില്ലെങ്കില്‍ രോഗങ്ങള്‍ കൂടും. ഉണങ്ങിയ ഇലകള്‍ അപ്പപ്പോള്‍ തന്നെ തടയോട് ചേര്‍ത്ത് മുറിച്ച് മാറ്റണം. ഓരോ നാലില വരുമ്പോഴും മണ്ണില്‍ ഈര്‍പ്പം നല്‍കി ഓരോ മേല്‍ വളം നല്‍കണം.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
കൊല്ലം
Discussion about this post