ബാൽസത്തെ അറിയാത്തവരായി ആരും ഉണ്ടാവില്ല. അതുപോലെത്തന്നെ ബാൽസം ഇല്ലാത്ത പൂന്തോട്ടങ്ങളും ഇല്ല. ഇംപേഷ്യൻസ് ബാൽസമിന എന്നാണ് ഈ അഴകിന്റെ ശാസ്ത്രനാമം. ഗാർഡൻ ബാൽസം, റോസ് ബാൽസം, സ്പോട്ടഡ് സ്നാപ്പ് വീഡ്, എന്നൊക്കെ ഇംഗ്ലീഷിലും വിളിക്കും. ഇന്ത്യയും മ്യാൻമറുമാണ് ബാൽസത്തിന്റെ ജന്മദേശം.
ഒരു വർഷം കൊണ്ട് ജീവിതചക്രം പൂർത്തിയാക്കുന്ന ചെടിയാണ് ബാൽസം. പെട്ടെന്ന് വളരും ഇവർ. ഒരു മീറ്ററിൽ താഴെ മാത്രമേ ഉയരം വയ്ക്കൂ. നീണ്ട് അഗ്രം കൂർത്ത ഇലകളാണ് ഇവയുടേത്. പിങ്ക്, ചുവപ്പ്, വെള്ള, എന്നിങ്ങനെ പല നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകും. ഒത്തിരി വിത്തുകൾ കാണാൻ സാധിക്കും ഇവയുടെ തോടിനുള്ളിൽ. പഴുക്കുമ്പോൾ തോട് പൊട്ടി വിത്തുകൾ പുറത്തു വരും.
അലങ്കാര സസ്യമായിട്ടാണ് ഇവയെ വളർത്തുന്നത്. നല്ല നീർ വാർച്ചയുള്ള വളക്കൂറുള്ള മണ്ണിൽ പെട്ടെന്ന് വളരും ഇവ. വിത്തുകൾ വഴിയാണ് പ്രത്യുൽപാദനം. നട്ട് നാല് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ മുളകൾ വരും. ചാണകപ്പൊടി ഉപയോഗിച്ച് നടീൽ മിശ്രിതം തയ്യാറാക്കാവുന്നതാണ്. പറിച്ചുനട്ടതിനുശേഷം ഒരാഴ്ചയോളം എല്ലാ ദിവസവും നനച്ചു കൊടുക്കണം.
മിതമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലോ തണൽ ഉള്ളിടത്തോ വളരുവാനാണ് ഇവർ ആഗ്രഹിക്കുന്നത്. വേനൽക്കാലത്ത് എല്ലാദിവസവും നനയ്ക്കേണ്ടതുണ്ട്. അതുപോലെതന്നെ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. തണ്ടുകൾ കൂടുതലായി മൂത്ത് കഴിഞ്ഞാൽ പൂക്കളുടെ എണ്ണം കുറയും. അങ്ങനെ വരുമ്പോൾ തണ്ട് ഒടിച്ച് പുതിയ ചെടികൾ ഉണ്ടാക്കി എടുക്കാവുന്നതാണ്.
Discussion about this post