ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന മില്ലറ്റുകളിൽ ഒന്നാണ് ബജ്റ. പുരാതന കാലം മുതൽ തന്നെ ഇന്ത്യയിലും ആഫ്രിക്കയിലും ബജ്റ കൃഷി ചെയ്തിരുന്നു. പേൾ മില്ലറ്റ് എന്നാണ് ബജ്റ അറിയപ്പെടുന്നത്. സെൻക്രസ്സ് അമേരിക്കാനസ്സ് എന്നാണ് ശാസ്ത്രനാമം. പുൽച്ചെടിയാണ് ബജ്റ. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്.
അര മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരം വയ്ക്കും ബജ്റയ്ക്ക്. നീളമുള്ള കതിരുകൾ. മഞ്ഞയും കാപ്പിയും ചാരനിറവുമൊക്കെ കതിരിൽ കാണാം. വരണ്ട കാലാവസ്ഥയെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട് ബജ്റയ്ക്ക്. അതുകൊണ്ടുതന്നെ ചോളത്തിനും ഗോതമ്പിനുമൊക്കെ പ്രതിരോധിക്കാൻ കഴിയാത്ത കാലാവസ്ഥയിലും ബജ്റ വളരും.
ഏറ്റവുമധികം ബജ്റ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജസ്ഥാനാണ് ബജ്റ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. ഒത്തിരി ഹൈബ്രിഡ് ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ബജ്റയുടെ ആദ്യത്തെ ഹൈബ്രിഡ് ഇനമാണ് എച്ച് ബി വൺ. ആഫ്രിക്കയ്ക്കാണ് ബജ്റ ഉല്പാദനത്തിൽ രണ്ടാം സ്ഥാനം. ആഫ്രിക്കയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ബജ്റ.
ബ്രഡ്ഡ്, റൊട്ടി, ദോശ, ഇഡ്ഡലി, എന്നീ വിഭവങ്ങളൊക്കെ ബജ്റ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ജനറ്റിക് എഞ്ചിനീയറിംഗ് വഴി ഇരുമ്പ് ഒത്തിരി അടങ്ങിയിട്ടുള്ള ബജ്റ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവികസിത രാജ്യങ്ങളിലെ ജനങ്ങൾക്ക് പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി വികസിപ്പിച്ചെടുത്തതാണിത്.
Discussion about this post