വഴുതനവർഗ വിളകളിൽ (Solanaceae family ) പ്രമുഖർ നാല് പേരാണ്.
ഉരുളക്കിഴങ്ങ്, തക്കാളി, വഴുതന, മുളക് എന്നിവർ.ഇവയിൽ ഉരുളക്കിഴങ്ങ് ഒഴികെയുള്ള മൂന്ന് വിളകളും കേരളത്തിൽ വ്യാപകമായി കൃഷി ചെയ്ത് വരുന്നു. ഹൈ റേഞ്ചുകളിൽ ഉരുളക്കിഴങ്ങും.ഇവയ്ക്ക് വരുന്ന ഏതാണ്ടെല്ലാരോഗങ്ങൾക്കും ചികിത്സയുണ്ടെങ്കിലും ഒരുത്തന്റെ മുന്നിൽ എല്ലാവരേയും അടിയറവ് പറയും. അതേ.വാട്ടരോഗം തന്നെ.
Fungus മൂലവും ബാക്റ്റീരിയ മൂലവും വാട്ടം വരാം.പക്ഷെ ബാക്ടരിയൽ വാട്ടമാണ് കടുപ്പം. വന്നാൽ പിന്നെ പോയി എന്ന് പറയാം. കാട്ടുതീയുടെ വേഗത്തിൽ പടരും. രോഗം ബാധിച്ച ചെടിയിലോ മണ്ണിലോ തൊട്ട ശേഷം നമ്മൾ അറിയാതെ നമ്മുടെ കയ്യോ, നമ്മുടെ കാർഷികോപകരണങ്ങളോ എന്തിന് നമ്മുടെ ചെരുപ്പിൽ പറ്റിയിരിക്കുന്ന അല്പം മണ്ണോ മതിയാകും പുതിയൊരു ചെടിയിൽ ഈ രോഗം വരാൻ. ഒരിയ്ക്കൽ മണ്ണിൽ വന്ന് പെട്ടാൽ ഇവൻ പിന്നെ പോകില്ല.പിന്നെ ഈ വർഗ്ഗത്തിൽ പെടാത്ത വിളകൾ (മരച്ചീനി, ചേന, കാച്ചിൽ, വെണ്ട, ചീര, പയർ എന്നിവ )ചെയ്താൽ ചിലപ്പോൾ രോഗ സാധ്യത കുറയും
ചെടികളിൽ ഈ രോഗം വരുവാനുള്ള കാരണം
മണ്ണിൽ തക്കം പാർത്തു കിടക്കുന്ന ഈ ബാക്റ്റീരിയ ചെടിയുടെ വേരുകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന സൂക്ഷ്മ ദ്വാരങ്ങൾ വഴിയോ, കാർഷിക ഉപകരണങ്ങൾ വഴിയോ മറ്റോ ഉണ്ടാകുന്ന മുറിവുകളിലൂടെയോ അകത്തു കയറിക്കൂടുന്നു. അല്ലെങ്കിൽ മണ്ണിൽ ഉള്ള നിമാവിരകൾ (Radopholus പോലെയുള്ളവർ ) മുഖേനയും ഉണ്ടാകാം. ചെറിയ കീറലുകളുണ്ടാക്കി അതിലൂടെ അകത്ത് കടന്നാൽ പിന്നെ വിധ്വ0സക പ്രവർത്തനങ്ങൾ തുടങ്ങുകയായി. ചെടിയുടെ എല്ലാ തണ്ടുകളിലേക്കും ഇലകളിലേയ്ക്കും വെള്ളം കൊണ്ടെത്തിയ്ക്കുന്ന സൈലം വെസ്സലുകൾ തകർക്കും അനിയന്ത്രിതമായി പെരുകുന്ന ബാക്ടരിയകളും അവ ഉൽപാദിപ്പിക്കുന്ന ചില കൊഴുത്ത വസ്തുക്കളും എല്ലാം കൂടിചേർന്ന് ഈ നാളികൾ അടയുന്നതോടെ മുകളിലേക്ക് വെള്ളം എത്താതാകും.തൽഫലമായി മണ്ണിൽ വേണ്ടത്ര വെള്ളം ഉള്ളപ്പോഴും ചെടികൾ വാടാൻ തുടങ്ങും. പിന്നെ നന വഴി ഒരു തടത്തിൽ നിന്നും അടുത്തതിലേക്കും അതിൽ നിന്നും അടുത്തതിലേക്കും.
എങ്ങനെ പ്രതിരോധിക്കാം
1. പ്രതിരോധ ശേഷിയുള്ള ചില ഇനങ്ങൾ ഉണ്ട്. വഴുതനയിൽ ശ്വേത, ഹരിത. തക്കാളിയിൽ ശക്തി, മുക്തി. മുളകിൽ ഉജ്വല, മഞ്ജരി എന്നിവ.അവ ശേഖരിച്ചു നടുക.
പക്ഷെ ഇവയിൽ പലതിനും ചിലപ്പോൾ നമ്മുടെ പ്രാദേശിക വിപണിയിൽ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല എന്ന് വരാം
2. അപ്പോൾ പിന്നെ രണ്ടാമത്തെ വഴി രോഗപ്രതിരോധ ശേഷിയുള്ള ഇനത്തിൽ, അത്യുല്പാദന ശേഷിയുള്ള ഇനം ഒട്ടിച്ചു (graft )ചേർക്കുക.
ചുണ്ടങ്ങയിൽ സങ്കര ഇനം വഴുതനയും ശക്തി, മുക്തി പോലുള്ള ഇനങ്ങളിൽ സങ്കര ഇനം തക്കാളിയും ഉജ്വല പോലെയുള്ള റൂട്ട് സ്റ്റോക്കിൽ സങ്കര ഇനം മുളകുകളും ഒട്ടിച്ചു ചേർക്കാം.
ഒരു പക്ഷെ ഇതായിരിക്കും ഏറ്റവും നല്ല വഴി.
3. ഒരേ മണ്ണിൽ തുടർച്ചയായി വഴുതന വർഗ വിളകൾ ചെയ്യാതിരിക്കുക.
4. വിള പരിക്രമം (crop rotation )പിന്തുടരുക
5. മണ്ണിൽ LTP പ്രോട്ടോകോൾ കൃത്യമായി പാലിക്കുക.
Liming :-മണ്ണ് ഒരുക്കുമ്പോൾ കൃത്യമായ അളവിൽ കുമ്മായ വസ്തുക്കൾ ചേർത്തിളക്കി ഈർപ്പം നൽകി രണ്ടാഴ്ച ഇടുക
Trichoderma :-സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് പൊടി -Trichoderma മിശ്രിതം അടിവളത്തോടൊപ്പം ഓരോ തടത്തിലും ചേർത്ത് കൊടുക്കുക
Pseudomonas :-വിത്തിൽ പുരട്ടുന്നത് മുതൽ രണ്ടാഴ്ച കൂടുമ്പോൾ 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് ബാക്റ്റീരിയ യെ നിയന്ത്രിക്കാം.
7. ജൈവ തീവ്രവാദം ഒന്നും Ralstonia യുടെ അടുത്ത് നടക്കില്ല. രാസം തന്നെ ഏൽക്കില്ല. പിന്നെയല്ലേ ജൈവം? പോത്തിനെന്തു ഏത്തവാഴ?രോഗം കാണുന്ന മാത്രയിൽ ആ തടത്തിന് ചുറ്റും കിടങ്ങു തീർത്തു അതിനെ ഒറ്റപ്പെടുത്തുക.
8.ആ തടം നനയ്ക്കാതിരിക്കുക.
9.അതിൽ കിളച്ച ഉപകരണങ്ങൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കുക. ഒപ്പം നമ്മുടെ കൈകളും.ഒരു കാരണവശാലും രോഗം ബാധിച്ച തടത്തിലെ മണ്ണ് മറ്റൊരു തടത്തിലേക്കു പോകാതെ നോക്കുക.
10. മുൻ കരുതലായി വേണമെങ്കിൽ കോപ്പർ ഓക്സി ക്ലോക്റൈഡ് (COC)മണ്ണിൽ ഒഴിച്ച് കുതിർക്കുക. ചില തരം ആന്റിബയോട്ടിക്കുകൾ (Streptocycline, Kasugamycin എന്നിവ )കുമിൾ നാശിനികളുമായി ചേർത്ത് വിദഗ്ധരുടെ ഉപദേശപ്രകാരം ചെയ്യാം.
എഴുതി തയ്യാറാക്കിയത്
പ്രമോദ് മാധവൻ ,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിങ് ലേബർട്ടറി, ആലപ്പുഴ
Discussion about this post