ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ പഴങ്ങളുടെ കൂട്ടത്തില്‍ ബബ്ളി മാസ്സിനെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. ദേവനഹള്ളി ചക്കോട്ടയായി ഇപ്പോള്‍ ഇത് ലഭ്യമാണ്. സംഭവം, നമ്മുടെ കമ്പിളി നാരങ്ങയാണ്. Citrus maxima എന്നാണ് ശാസ്ത്രനാമം.
ബംഗളുരുവിലെ കെമ്പെഗൗഡ വിമാന താവളത്തിനു ചുറ്റുമുള്ള ബീരസാന്ദ്ര, ചന്നരായപട്ടണ, കുന്ദന, സൂപനഹള്ളി, ശിവനപുര തുടങ്ങിയ ഗ്രാമങ്ങളില്‍ കാണപ്പെടുന്ന കമ്പിളി നാരങ്ങയാണ് ദേവനഹള്ളി ചക്കോട്ട. വിമാന താവളത്തിനു സ്ഥലം ഏറ്റെടുത്തപ്പോള്‍ നഷ്ടമായ നൂറു കണക്കിന് നാരകമരങ്ങള്‍ക്കു പകരമായി വിമാന താവള അതോറിറ്റി ഈ ഇനത്തിന്റെ സംരക്ഷണത്തിനായി ഒരു ബയോ സെന്റര്‍ തന്നെ ആരംഭിച്ചു. ഒരിക്കല്‍ ഗാന്ധിജി നന്ദി ഹില്‍സ് സന്ദര്‍ശനത്തിനിടെ ഈ ഫലം രുചിക്കുകയും ഇതിനെ പരിരക്ഷിക്കണം എന്ന് പറയുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ വിമാനത്താവളം പണിഞ്ഞവര്‍ അത് വെട്ടിത്തള്ളി. ദേവനഹള്ളിയിലെ സമശീതോഷ്ണ കാലാവസ്ഥയും അവിടുത്തെ ചെമ്മണ്ണിന്റെ സവിശേഷതയും കുറഞ്ഞ മഴ നല്‍കുന്ന അതുല്യമായ മധുരം കലര്‍ന്ന പുളിയും ഒക്കെ ആണ് രണ്ട് രണ്ടര കിലോ തൂക്കം വരുന്ന ചുവന്ന അല്ലികള്‍ ഉള്ള ഈ നാരകഭീമനെ ജനപ്രിയനാക്കുന്നത്. 45 മുതല്‍ 60ദിവസം വരെ കേട് കൂടാതെ ഇരിക്കും. അതുതന്നെ ആണ് ഈ പഴത്തിനു സൂക്ഷ്മ ജീവികളെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധ ശേഷിനല്‍കുമെന്നതിന്റെ തെളിവ്. മൂപ്പെത്താന്‍ ഏകദേശം ഒന്‍പത് മാസത്തോളം എടുക്കും.
എന്തൊക്കെ ആണ് ബബ്ലിമാസിന്റെ ഗുണഗണങ്ങള്‍?
മൂത്രചൂട് മാറ്റുന്നു
വലിയ അളവില്‍ ഉള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ ക്രമപ്പെടുത്തുന്നു.
വിറ്റാമിന്‍ Aയുടെ നിറസാന്നിധ്യം തൊലിയുടെ ചുളിവുകള്‍ മാറ്റുന്നു,
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
വയറു നിറയ്ക്കാന്‍ കഴിവുള്ളതു കൊണ്ടും കുറഞ്ഞ കലോറി മൂല്യം ഉള്ളതുകൊണ്ടും പൊണ്ണത്തടി കുറയ്ക്കുന്നു.
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്നു
മുടിവളര്‍ച്ച കൂട്ടാനും നല്ലതാണ്
100-150 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ ഇപ്പോഴും ഉണ്ടത്രേ. പൂര്‍ണമായും ജൈവ രീതിയില്‍ വളര്‍ത്തി എടുക്കാന്‍ കമ്പിളി നാരകം പോലെ വേറൊരു നാരകവും ഇല്ല. ഭൗമ സൂചികാ പദവി ലഭിച്ചിട്ടുണ്ട്. തൈകള്‍ കിട്ടാനില്ലാതായതോടെ അന്യം നിന്ന് പോകാതെ സംരക്ഷിക്കാന്‍ ആളുകളുണ്ടായി. പതി വച്ചും ബഡ് ചെയ്തും ഒട്ടിച്ചും ഒക്കെ ആയിരക്കണക്കിന് തൈകളാണ് വിറ്റു പോകുന്നത്.
തയ്യാറാക്കിയത്:
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
കൊല്ലം
Discussion about this post