പന്നൽ വർഗ്ഗത്തിൽപെട്ട കുഞ്ഞൻ പായലാണ് അസോള. പിൽക്കാലത്ത് കർഷകരുടെ സുഹൃത്തായി മാറിയിട്ടുണ്ട് ഈ ഇത്തിരിക്കുഞ്ഞൻ. കാരണം മറ്റൊന്നുമല്ല, അന്തരീക്ഷത്തിലുള്ള നൈട്രജൻ മണ്ണിലേക്ക് ചേർക്കാനുള്ള വലിയ കഴിവാണ് അസോളയെ പ്രിയപ്പെട്ടതാക്കുന്നത്. അന്തരീക്ഷത്തിലെ നൈട്രജൻ എല്ലാവർക്കുമൊന്നും പിടി കൊടുക്കാറില്ല. പയർ ചെടികൾക്കും നീല ഹരിത പായലുകൾക്കുമൊക്കെയാണ് നൈട്രജനെ മെരുക്കി മണ്ണിൽ ചേർക്കാൻ കഴിവുള്ളത്. ഇലയുടെ അടിഭാഗത്ത് വളരുന്ന നീല ഹരിത പായൽ ആയ അനാബീനയാണ് അസോളയെ ഇതിനു സഹായിക്കുന്നത്. വളരെ വേഗത്തിൽ വളരാൻ കഴിയും എന്നതാണ് അസോളയുടെ മറ്റൊരു പ്രത്യേകത. വളർത്താനുള്ള ചിലവും താരതമ്യേന കുറവാണ്. എന്നാൽ ഗുണമാണെങ്കിൽ വളരെ കൂടുതലും. സസ്യ മൂലകങ്ങൾ കൊണ്ട് സമ്പന്നമായ അസോളയിൽ 25 ശതമാനം മുതൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിട്ടുണ്ട്. കാലിത്തീറ്റയായും കോഴിത്തീറ്റയായും കമ്പോസ്റ്റ് നിർമ്മിക്കാനും ബയോഗ്യാസിലുമെല്ലാം അസോള ഉപയോഗിക്കുന്നുണ്ട്. നെൽപ്പാടങ്ങളിലെ പ്രധാന ജൈവവളമാണ് അസോള. വീടുകളിലെ കൃഷിക്കും നല്ലതാണ്. മണ്ണിൽ നേരിട്ട് ചേർത്ത്കൊടുത്താൽ മതിയാകും.
എങ്ങനെ കൃഷി ചെയ്യാം?
അസോള കൃഷി ചെയ്യാൻ ഭാഗികമായി തണലുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 2 മീറ്റർ നീളവും ഒരു മീറ്റർ വീതിയും 20 സെന്റീമീറ്റർ ആഴവുമുള്ള കുഴികൾ എടുത്തോ , നിരപ്പാക്കിയ തറയിൽ ഇതേ അളവിൽ ഇഷ്ടിക നിരത്തിയോ അസോള കൃഷി ചെയ്യാം. കുഴികളിൽ അല്ലെങ്കിൽ തറയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഷീറ്റുകളോ ചാക്കുകളോ വിരിക്കാം. അതിനു മുകളിലാണ് സിൽപോളിൻ ഷീറ്റുകൾ വിരിക്കേണ്ടത്. 2.8 മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള സിൽപോളിൻ ഷീറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. 150 ഗേജ് കനമുണ്ടായിരിക്കണം. വശങ്ങൾ ഇഷ്ടികയോ കല്ലോ ഉപയോഗിച്ച് ഉറപ്പിക്കണം. ഷീറ്റുകൾ പറന്നു പോകാതിരിക്കാനാണിത്. അതിനുള്ളിലേക്ക് അരിച്ച വളക്കൂറുള്ള 25 കിലോഗ്രാം മണ്ണ് ചേർക്കണം. ഏകദേശം രണ്ട് കുട്ടയോളം വരും. കുഴിയിൽ ഇത് നന്നായി നിരത്തണം. അതിനു മുകളിലായി 30 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസും 5 കിലോഗ്രാം പച്ചച്ചാണകവും വെള്ളത്തിൽ ചേർത്തിളക്കിയത് ഒഴിച്ചു കൊടുക്കാം. പിന്നീട് കുഴിയിലേക്ക് 10 സെന്റീമീറ്റർ ഉയരത്തിൽ വെള്ളം നിറയ്ക്കാം. ഒരു ചതുരശ്ര മീറ്ററിന് 500 ഗ്രാം അസോള വിത്തായി പാകണം. ഇത്രയുമായാൽ അസോള വളർത്താനുള്ള സജ്ജീകരണങ്ങൾ റെഡി.
രണ്ടാഴ്ചയ്ക്കുള്ളിൽ ടാങ്ക് അസോള കൊണ്ട് നിറയും. ദിവസേന അരക്കിലോ മുതൽ ഒരു കിലോ അസോള വരെ വിളവെടുക്കാം. ദിവസേന വിളവെടുക്കുകയാണെങ്കിൽ ആഴ്ചതോറും 10ഗ്രാം രാജ്ഫോസും ഒരു കിലോഗ്രാം ചാണകവും കുഴിയിൽ ചേർക്കാൻ മറക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ കാൽഭാഗം വെള്ളം മാറ്റി പുതിയ വെള്ളമൊഴിക്കണം. മാസത്തിലൊരിക്കൽ 5 കിലോഗ്രാം മണ്ണ് മാറ്റി പുതിയത് ചേർക്കണം. ആറുമാസം കഴിയുമ്പോൾ പുതിയതായി വീണ്ടും കൃഷി ആരംഭിക്കണം.
Discussion about this post