അത്തി മരങ്ങളെ അറിയാത്തവരായി ആരാണുള്ളത്? പുരാതന കാലം മുതൽ തന്നെ അത്തിപ്പഴത്തിനായി ഇവയെ കൃഷി ചെയ്തിരുന്നു. സാംസ്കാരികപരമായും ഒത്തിരി പ്രാധാന്യമുണ്ട് അത്തി മരങ്ങൾക്ക്. മൊറേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. മൾബറിയുടെ കുടുംബം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് അത്തി മരങ്ങൾ കൂടുതലായുള്ളത്.
അത്തി മരത്തിന്റെ പൂങ്കുലകൾ എടുത്തുപറയത്തക്ക പ്രത്യേകതയുള്ളതാണ്. സിംഗോണിയം എന്നാണ് സസ്യശാസ്ത്രത്തിൽ അതിന് പേര്. ഇതിനുള്ളിലാണ് ചെറിയ ചെറിയ പൂക്കൾ ഉണ്ടാകുന്നത്. അത്തി പൂക്കളുടെ പരാഗണവും പ്രത്യേകതയുള്ളതാണ്. ഒരു പ്രത്യേക ജനുസ്സിൽപ്പെട്ട വണ്ടുകൾക്ക് മാത്രമേ അത്തി പൂക്കളുടെ പരാഗണം നടത്തുവാൻ പറ്റൂ. അത്തിമരവും വണ്ടും തമ്മിലുള്ള ബന്ധം ഒത്തിരി നാളത്തെ പരിണാമത്തിന്റെ ഫലമാണ്. കോ-എവലൂഷൻ എന്നാണ് ശാസ്ത്രത്തിൽ അതിനു പേര്.
മുട്ടയിടുന്നതിനുള്ള സ്ഥലം അന്വേഷിച്ചാണ് വണ്ട് അത്തിപ്പഴങ്ങൾ സന്ദർശിക്കുന്നത്. പറ്റിയ സ്ഥലം തിരിഞ്ഞു പിടിക്കുന്നതിനിടയിൽ പൂമ്പൊടികളെല്ലാം വണ്ടിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുന്നു. അങ്ങനെ പരാഗണം നടക്കുകയും ചെയ്യും. പരാഗണത്തിന് പ്രത്യുപകാരമായി വണ്ടിന് മുട്ടയിടുന്നതിനുള്ള സ്ഥലവും പിന്നീട് വണ്ടിന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും അത്തി മരം തന്നെ കൊടുക്കും.
ആവാസ വ്യവസ്ഥയിൽ ഒത്തിരി പ്രാധാന്യമുള്ള വൃക്ഷമാണ് അത്തി. മൂലക്കല്ല് എന്നൊക്കെ വേണമെങ്കിൽ പറയാം. എപ്പോഴും പഴങ്ങൾ ഉണ്ടാകും അത്തിയിൽ. വരൾച്ച സമയത്ത് ഉഷ്ണമേഖല കാടുകളിലെ ജീവികളുടെ ആശ്രയ കേന്ദ്രമാണ് അത്തി മരങ്ങൾ.
പുരാതന ഈജിപ്തിൽ മമ്മികളുടെ നിർമ്മാണത്തിനായി അത്തിമരത്തിന്റെ തടിയിൽ നിന്നുള്ള ഒരു തരം പശ ഉപയോഗിച്ചിരുന്നു. മതപരമായും ഒത്തിരി പ്രാധാന്യമുണ്ട് അത്തിമരങ്ങൾക്ക്. ഫലഭൂയിഷ്ടിയുടെ പ്രതീകമായിട്ടാണ് അത്തി മരങ്ങളെ കാണുന്നത്.
Discussion about this post