കോവിഡ് മഹാമാരി പരത്തുന്ന ആശങ്ക ഒരുവശത്തുണ്ടെങ്കിലും മലയാളികൾക്ക് ഓണം മറക്കാനാവില്ല. ആഘോഷങ്ങൾ അധികമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഈ ഓണവും നാം കൊണ്ടാടും. കഴിവതും വീടിനുള്ളിൽ കഴിയാനാണ് നാമിപ്പോൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അത്തപ്പൂക്കളങ്ങളൊരുക്കാനും ഓണക്കളികൾക്കുമായുള്ള ഒത്തുകൂടലും ഉണ്ടാവില്ല. എങ്കിലും അത്തമില്ലാതെന്തോണം… അല്ലേ?
തൊടിയിലും പറമ്പിലും വിരിഞ്ഞിരുന്ന പൂക്കൾ കൊണ്ടായിരുന്നു പണ്ടുകാലത്ത് ആകർഷകമായ പൂക്കളങ്ങളൊരുക്കിയിരുന്നത്. വഴിവക്കിലും തൊടിയിലുമെല്ലാം സമൃദ്ധമായി പൂത്തു നിന്നിരുന്ന അത്തരം പൂക്കളെ വീണ്ടും ഓർമ്മിക്കാനും സാധിക്കുമെങ്കിൽ അവ ഉപയോഗിച്ച് അത്തപ്പൂക്കളങ്ങൾ ഒരുക്കി ഓണത്തപ്പനെ വരവേൽക്കാനും ഈ അവസരം നമുക്ക് വിനിയോഗിക്കാം.
തുമ്പപ്പൂവ്
ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ് തുമ്പപൂവ്. തുമ്പപ്പൂചോറ് എന്നൊരു പ്രയോഗം തന്നെയുണ്ട്. അത്രയ്ക്ക് വെളുത്ത നിറമാണ് പൂക്കൾക്ക്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്. അത്തപ്പൂക്കളിലെ രാജാവാണ് തുമ്പ. ഒരിതൾ തുമ്പയെങ്കിലും അത്തപ്പൂവിലുണ്ടാവണമത്രേ. തുമ്പപ്പൂ കൊണ്ട് ഓണ രാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പന് നേദിക്കുന്ന ചടങ്ങ് കേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്.പൂവട എന്നാണ് ഇതിന് പേര്.
തുളസി
ഔഷധഗുണം കൊണ്ടുമാത്രമല്ല ആകർഷകമായ പച്ച നിറം കൊണ്ടും തുളസി ഒരു സവിശേഷ സസ്യമാണ്. തുമ്പയും തുളസിയും ചേർന്നാൽ തന്നെ അത്തപ്പൂക്കളം ആകർഷകമാകും.
മുക്കുറ്റി
കണ്ടാൽ തെങ്ങിന്റെ ഒരു ചെറു രൂപം പോലെ തോന്നുന്ന ചെടിയാണ് മുക്കുറ്റി മഞ്ഞ നിറത്തിലുള്ള ലോലമായ പൂക്കൾ കോളാമ്പിയുടെ ആകൃതിയിൽ ഉള്ളതാണ്.
ചെമ്പരത്തി
പല വർണ്ണങ്ങളിൽ ആകർഷകമായ പൂക്കളുള്ള ചെമ്പരത്തി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നായിരുന്നു.
കാക്കപ്പൂവ്
ആകർഷകമായ വയലറ്റ് നിറമാണ് കാക്കപ്പൂവിന്. കാക്കപ്പൂരാടത്തിന് കാക്കയോളം പൊക്കത്തിൽ കാക്കപ്പൂവിടണമെന്നാണ് പഴമൊഴി.
ശംഖുപുഷ്പം
വെളുത്ത നിറത്തിലും വയലറ്റ് നിറത്തിലും നമ്മുടെ തൊടികളിലെല്ലാം സമൃദ്ധമായി വളർന്നിരുന്ന വള്ളിച്ചെടിയാണ് ശംഖുപുഷ്പം. ഈ പൂക്കളുടെ സവിശേഷ ആകൃതി പൂക്കളങ്ങൾക്ക് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല.
അരിപ്പൂവ്
വർഷം മുഴുവൻ പൂവ് തരുന്ന കുറ്റിച്ചെടിയാണ് അരിപ്പൂവ് അഥവാ കൊങ്ങിണി. ഓറഞ്ച്, മഞ്ഞ, വെള്ള, ചുവപ്പ് തുടങ്ങി പല നിറങ്ങളിലുള്ള കൊങ്ങിണിപ്പൂക്കളുണ്ട്. പൂക്കളങ്ങൾക്ക് വ്യത്യസ്തമായ നിറങ്ങൾ നൽകാൻ അരിപ്പൂവിനാകും.
മന്ദാരം
വെള്ള, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ കാണുന്ന മന്ദാരം പൂക്കളത്തിന് മാറ്റുകൂട്ടുന്നു. ഇതളുകൾ ഇറുത്തെടുത്തും മുഴുവനായും പൂക്കളം അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്.
രാജമല്ലി
ഗ്രാമങ്ങളിൽ ധാരാളമായി കാണുന്ന മറ്റൊരു ചെടിയാണ് രാജമല്ലി. പൂക്കളും മൊട്ടുകളും പൂക്കളത്തിൽ ഉപയോഗിക്കാറുണ്ട്. രാജമല്ലിക്ക് മഞ്ഞ നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള പൂക്കളുണ്ട്.
കൃഷ്ണകിരീടം
ഓണപ്പൂക്കളത്തിലെ പ്രധാനിയാണ് കൃഷ്ണകിരീടം. ആകർഷകമായ ചുവന്ന നിറമാണ് ഇവയുടെ പ്രത്യേകത. ഓണപ്പൂവ് എന്ന പേരിലും കൃഷ്ണകിരീടം അറിയപ്പെടുന്നുണ്ട്.
പെരുവലം, കണ്ണാന്തളിപ്പൂവ്, ചെണ്ടുമല്ലി, അരളി, തൃത്താപ്പൂവ് എന്നിങ്ങനെ കേട്ടതും കേൾക്കാത്തതുമായ പൂക്കൾ ഇനിയും ധാരാളമുണ്ട്. അത്തപ്പൂക്കളത്തിൽ ഉപയോഗിക്കുന്ന പല പൂവുകൾക്കും വളരെയധികം ഔഷധഗുണങ്ങളുമുണ്ട്. എന്നാൽ ഇവയിൽ പലതും ഇന്ന് കണ്ടുകിട്ടാൻ തന്നെ പ്രയാസമാണ്. നാട്ടുപൂക്കളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കാൻ കൂടിയുള്ളതാകട്ടെ ഈ കോവിഡ് കാലം, അല്ല…. ഓണക്കാലം.
Discussion about this post