നൈട്രജൻ എന്ന പ്രധാന മൂലകത്തെ ചെടിക്ക് ലഭ്യമാക്കാൻ കഴിവുള്ള സൂക്ഷ്മജീവിയാണ് അസോസ്പൈറില്ലം. അസോസ്പൈറില്ലം ജീവാണുവളം ഇന്ന് പാക്കറ്റുകളിൽ ലഭ്യമാണ്. വിളകളുടെ വേരുകളുടെ വളർച്ചയും പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും അസോസ്പൈറില്ലം സഹായിക്കും. അസോസ്പൈറില്ലം ഉപയോഗിക്കുന്നത് വഴി നൈട്രജൻ വളങ്ങളുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാനാകും. പയർവർഗ്ഗങ്ങൾ ഒഴികെയുള്ള പച്ചക്കറികൾക്കും നെല്ലിനും ഉത്തമ ജീവാണുവളമാണ് അസോസ്പൈറില്ലം.
മൂന്നുതരത്തിൽ അസോസ്പൈറില്ലം ഉപയോഗിക്കാം
1.വിത്ത് പരിചരണത്തിന് ഉപയോഗിക്കേണ്ട രീതി
വിത്ത് പരിചരണത്തിന് ഉപയോഗിക്കുമ്പോൾ ഒരു കിലോ വിത്തിന് 50 ഗ്രാം അസോസ്പൈറില്ലം എന്ന തോതിൽ ഉപയോഗിക്കാം. വിത്തുകൾ ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ എടുത്ത് കഞ്ഞി വെള്ളം തളിച്ച് ഈർപ്പം വരുത്തണം. ശേഷം അസോസ്പൈറില്ലം കൾച്ചർ അതിലേക്കിട്ട് നന്നായി ഇളക്കി പുരട്ടി ചേർക്കണം. അരമണിക്കൂർ തണലത്തു വച്ച് ഈർപ്പം കുറച്ച് വിത്ത് വിതയ്ക്കാം.
2.തൈകളുടെ വേരിൽ ഉപയോഗിക്കേണ്ട രീതി
പറിച്ചു നടുന്നതിന് മുൻപ് 500 ഗ്രാം കൾച്ചർ 750 മില്ലി ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 20 മിനിറ്റ് തൈകൾ മുക്കിവച്ചശേഷം നടാം. തൈകളുടെ എണ്ണത്തിനനുസരിച്ച് ആനുപാതികമായി അളവ് കുറയ്ക്കാം.
3.മണ്ണിൽ കലർത്തുമ്പോൾ
അസോസ്പൈറില്ലം കൾച്ചറും ജൈവവളവും1:25 എന്ന അനുപാതത്തിൽ യോജിപ്പിച്ച് മണ്ണിലേക്ക് ചേർക്കാം. 25 കിലോ ജൈവവളത്തോടൊപ്പം ഒരു കിലോ അസോസ്പൈറില്ലം ചേർക്കാം. ഹ്രസ്വകാല വിളകൾക്ക് ഏക്കറിന് ഒരു കിലോയും മറ്റു വിളകൾക്ക് രണ്ട് കിലോയും എന്ന തോതിലാണ് ചേർക്കേണ്ടത്. ദീർഘകാല വിളകളുടെ ചുവട്ടിൽ കുഴിയൊന്നിന് 10 ഗ്രാം എന്ന തോതിൽ ചാരം കലരാത്ത ജൈവവളവുമായി കലർത്തിയും ഉപയോഗിക്കാം. അസോസ്പൈറില്ലം രാസവളങ്ങളുമായോ മറ്റ് രാസവസ്തുക്കളുമായോ കലർത്തരുത്.
Discussion about this post