കൗതുകം നിറഞ്ഞ ഒരു കാര്‍ഷിക ഉല്‍പ്പന്നത്തെ പറ്റിയാണ് പറയുന്നത്. ഇത് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. എന്നാല്‍ ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. പറഞ്ഞുവരുന്നത് കായത്തെ കുറിച്ചാണ്. യൂറോപ്യന്‍മാര്‍ക്ക് കായമെന്നാല്‍ Devil’s Dung ആണ്. വൃത്തികെട്ട മണവും കയ്പ്പും ഉള്ള സാധനം. Aza -foetida. എന്നാല്‍ ഇന്ത്യക്കാരന് കായം ഇല്ലാതെ സാമ്പാറോ രസമോ കടലക്കറിയോ അച്ചാറോ ഉണ്ടോ? രസകരമെന്നു പറയട്ടെ ഇന്ത്യയുടെ വാര്‍ഷിക കായം ഉല്‍പ്പാദനം പൂജ്യം ആണ്. അത് മുഴുവന്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. 2019ല്‍ 942 കോടി രൂപ വില വരുന്ന 1514 ടണ്‍ കായമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ശീത മരുഭൂമികളില്‍ വളരുന്ന മാംസളമായ തായ് വേരോടുകൂടിയ Ferrula asafoetida എന്ന ചെടിയുടെ വേരിലെ മുറിവില്‍ നിന്നും സ്രവിക്കുന്ന ഗന്ധമുള്ള പശയാണ് കായം(oleo gum ). ഏതാണ്ട് ഒന്നര മീറ്ററോളം പൊക്കത്തില്‍ കായച്ചെടി വളരും. അംബെല്ലിഫെറെ എന്ന സസ്യകുടുംബാംഗം.കട്ട പിടിച്ച ആ സ്രവം ശുദ്ധീകരിച്ചു പൊടിച്ചു എടുക്കുന്നു. അവയില്‍ ഫെറൂലിക് ആസിഡ്, ഡൈ അല്ലൈല്‍ സള്‍ഫൈഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആ സവിശേഷ ഗന്ധം ലഭിക്കുന്നു.
ഇതേ ഗന്ധവസ്തുക്കള്‍ തന്നെ ആണ് വെളുത്തുള്ളിയിലും മറ്റും ഉള്ളതും. സംസ്‌കൃതത്തില്‍ ഹിന്ഗു എന്നും ഹിന്ദിയില്‍ ഹിങ്(Hing) എന്നും ഗ്രീക്കില്‍ അസ എന്നും അറിയപ്പെടുന്നു. ഇന്ത്യയില്‍ കാശ്മീരിരിലെ പ്രശസ്തമായ വിഭവമായ റോഗന്‍ ജോഷില്‍ തുടങ്ങി കേരളത്തിലെ സാമ്പാറില്‍ വരെ കറികളുടെ രുചി കൂട്ടാന്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഇവയുടെ ഉപയോഗം ഔഷധമായി മാത്രം പരിമിതപ്പെട്ടിരിക്കുന്നു. യൂറോപ്യന്മാര്‍ ഇതിനെ ചെകുത്താന്‍ കാഷ്ഠം എന്ന് വിളിക്കുന്നു.
എന്ത് കൊണ്ടാണ് ഇന്ത്യയില്‍ ഇത് ഉല്‍പ്പാദിപ്പിക്കാത്തത് ?
നമ്മുടെ കാലാവസ്ഥ തീരെ അനുയോജ്യമല്ല എന്നത് തന്നെ. എന്നാല്‍ CSIRന് കീഴില്‍ ഉള്ള ഹിമാചല്‍ പ്രദേശിലെ പാലന്‍പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോ റിസോഴ്‌സ് അത് ഒരു വെല്ലുവിളിയായി എടുത്തിരിക്കുകയാണ്. അവര്‍ ഇറാനില്‍ നിന്നും മറ്റും ആറു ഇനത്തില്‍ പെട്ട കായം വിത്തുകള്‍ കൊണ്ട് വന്നു കൃത്രിമ സാഹചര്യത്തില്‍ മുളപ്പിച്ചു ലാഹുല്‍ -സ്പിതി മേഖലയില്‍ ഒരു ഹെക്ടര്‍ സ്ഥലത്തു പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട് . ഏതാണ്ട് അഞ്ചു വര്‍ഷം എടുക്കും കറയെടുത്തു തുടങ്ങാന്‍. വിജയമെങ്കില്‍ 300ഹെക്ടറില്‍ കൃഷി ചെയ്യാന്‍ ആണ് തീരുമാനം. 40ഡിഗ്രി മുതല്‍ മൈനസ് 4ഡിഗ്രി വരെ ഉള്ള ഊഷ്മാവ് സഹിക്കുക എന്നതാണ് വെല്ലുവിളി. 20സെന്റി മീറ്ററില്‍ കൂടുതല്‍ വാര്‍ഷിക മഴയും ഉണ്ടാകാന്‍ പാടില്ല. ഇതൊരു ചെറിയ വെല്ലുവിളി അല്ല. കൊണ്ട് വന്ന വിത്തുകളുടെ അങ്കുരണ ശേഷിയോ വെറും രണ്ട് ശതമാനം മാത്രം. ഹിമാലയ താഴ്വാരങ്ങളില്‍ എവിടെയെങ്കിലും ഇത് പച്ച പിടിച്ചാല്‍ വര്‍ഷം ആയിരം കോടി രൂപ നമ്മുടെ കര്‍ഷകര്‍ക്ക് കിട്ടും.
ഒരു മരത്തില്‍ നിന്നും കഷ്ടിച്ച് അരകിലോയില്‍ കൂടുതല്‍ കറ കിട്ടാറില്ല. നമ്മള്‍ വിപണിയില്‍ നിന്നും വാങ്ങുന്ന കായപ്പൊടി യഥാര്‍ഥത്തില്‍ അറിയപ്പെടുന്നത് Compounded Asafoetida എന്നാണ്. അതായത് കായം, അരിപ്പൊടി അല്ലെങ്കില്‍ ഗോതമ്പു പൊടി എന്നിവയില്‍ കലര്‍ത്തി കിട്ടുന്ന സാധനം. തെക്കേ ഇന്ത്യയില്‍ അരിപ്പൊടി കലര്‍ന്നതും ഉത്തരേന്ത്യയില്‍ ഗോതമ്പു പൊടി കലര്‍ന്നതും.അതിനോടൊപ്പം പശയും ചേര്‍ക്കും.
ചില വിഭാഗം ബ്രാഹ്‌മണരും ജൈന മതക്കാരും ഉള്ളി കഴിക്കാറില്ല. അവര്‍ ഉള്ളിയ്ക്കു പകരം കറികളില്‍ കായം ഉപയോഗിക്കുന്നു. ഇന്ത്യക്കാരുടെ കായം ഉപയോഗത്തെ കുറിച്ച് BC 600 ഓളം പഴക്കമുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.കറികള്‍ക്ക് സ്വാദ് നല്‍കുന്നതിനൊപ്പം കായം നല്ല ഒരു ഔഷധം കൂടി ആണ്. വയറു വേദന, ഗ്യാസ്, അമിതാര്‍ത്താവം എന്നിവയ്‌ക്കൊക്കെ കായം നല്ല മരുന്നാണ്.
കായം രണ്ടിനം ഉണ്ട്. വെളുത്ത കാബൂളി കായം. പാല്‍ കായം. വെള്ളത്തില്‍ നന്നായി അലിയും. മറ്റേത് Hing Laal. ചുവന്ന കട്ടിയുള്ള കായം. അത് എണ്ണയില്‍ മാത്രമേ അലിയൂ.
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post