തണലോട് കൂടിയ ഭൂപ്രദേശങ്ങളില്‍ നട്ടുവളര്‍ത്താന്‍ സാധിക്കുന്ന ഒരു കിഴങ്ങുവിളയാണ് കൂവ അഥവാ ആരോറൂട്ട്. തെങ്ങ്, കവുങ്ങ്, വാഴത്തോപ്പുകളില്‍ ഇടവിളയായി കൂവ നട്ടുപിടിപ്പിക്കാം. ശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉത്തമ ആഹാരമാണിത്. കൂടാതെ ബേക്കറി ഉല്‍പ്പന്നങ്ങളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും മരുന്നുകളിലും ഒരു ചേരുവ കൂടിയാണ് കൂവപ്പൊടി. രോഗകീടബാധ ഒന്നും തന്നെ ഇതിനെ ബാധിക്കില്ലെന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.
കൃഷിരീതി
കിളച്ചൊരുക്കിയ സ്ഥലത്ത് ഒരടി അകലത്തില്‍ ചെറുകുഴികളെടുത്ത് വേണം കൂവ നടേണ്ടത്. കൂവ നടുമ്പോള്‍ സെന്റ് ഒന്നിന് 40 കിലോ ചാണകവും 6 കിലോ ചാരവും അടിവളമായി നല്‍കുന്നത് വിളവ് കൂട്ടുന്നതിന് സഹായിക്കും. വിളവെടുത്ത കൂവയുടെ കടകള്‍ ഞാറ്റടിയില്‍ നട്ടുനനച്ച് അതില്‍ നിന്നുണ്ടാകുന്ന ഇലകള്‍ മഴക്കാലമാകുമ്പോഴേക്കും നടുന്നതാണ് സാധാരണ പതിവ്. അല്ലെങ്കില്‍ ഒന്നോ രണ്ടോ മുകുളങ്ങളോട് കൂടി ഏകദേശം 25 ഗ്രാം തൂക്കം വരുന്ന കിഴങ്ങുകഷ്ണങ്ങളാണ് നടാനായി ഉപയോഗിക്കേണ്ടത്. ഇത് മറയ്ക്കത്തക്ക വിധത്തില്‍ കരിയില ഉപയോഗിച്ച് പുതയിടേണ്ടതാണ്. കൂടുതല്‍ രാസവളങ്ങള്‍ ഇവയ്ക്ക് ആവശ്യമില്ല. ഏകദേശം 500 ഗ്രാം വീതം യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ ഒരു സെന്റിനെന്ന കണക്കില്‍ നല്‍കാവുന്നതാണ്. 500 ഗ്രാം രാജ്‌ഫോസും പകുതി യൂറിയയും പൊട്ടാഷും അടിവളമായും ബാക്കി പകുതി യൂറിയയും പൊട്ടാഷും ഒരു മാസത്തിന് ശേഷം രണ്ടാം ഘഡുവായും നല്‍കാം. വളമിടുന്നതിന് മുമ്പ് കള പറിക്കുകയും വളമിട്ട ശേഷം മണ്ണ് കൂട്ടിക്കൊടുക്കുകയും വേണം.
7-8 മാസത്തിനുള്ളില്‍ കൂവ വിളവെടുക്കാവുന്നതാണ്. ഇലകള്‍ കരിഞ്ഞുവരുന്നതാണ് വിളവെടുപ്പിന്റെ ലക്ഷണം. പത്ത് കിലോ കൂവയില്‍ നിന്ന് ഏകദേശം ഒരു കിലോ കൂവപ്പൊടി വേര്‍തിരിച്ചെടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കാര്‍ഷിക സര്‍വകലാശാല
Discussion about this post