മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ഹൃഷികേശ് ജയസിംഗ് ധനെയുടെ ജീവിതം മാറ്റിമറിച്ചത് കറ്റാർവാഴ കൃഷിയാണ്. 2017ൽ തന്റെ അയൽക്കാരനായ കർഷനിൽ നിന്ന് 4000 കറ്റാർവാഴ തൈകൾ വാങ്ങിയാണ് ബിസിനസിന്റെ തുടക്കം. ഇന്ന് മൂന്ന് ഏക്കർ സ്ഥലത്താണ് ഹൃഷികേശിന്റെ കറ്റാർവാഴ കൃഷി. ഇതു മാത്രമല്ല മഹാരാഷ്ട്രയിലെ വമ്പൻ കോസ്മെറ്റിക് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കറ്റാർവാഴ വിൽക്കുന്നതും ഈ യുവകർഷകനാണ്. കൃഷിയോട് പണ്ട് തൊട്ടേ താൽപര്യമുള്ളതിനാൽ BSC അഗ്രികൾച്ചർ ആണ് പഠന വിഷയമായി തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ കൃഷി തന്നെയാണ് ഉപജീവനമാർഗ്ഗം ആക്കാൻ തീരുമാനിച്ചതും. പക്ഷേ കറ്റാർവാഴ കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ചില വിശ്വാസങ്ങൾ അനുസരിച്ച് കറ്റാർവാഴ കൃഷി ജീവിതത്തിൽ ദൗർഭാഗ്യം കൊണ്ടുവരുമെന്ന് വീട്ടുകാർ പറഞ്ഞു. ഇതിനാൽ കറ്റാർവാഴ കൃഷി ചെയ്യാനുള്ള ഹൃഷികേശിന്റെ തീരുമാനത്തെ വീട്ടുകാരെല്ലാവരും എതിർത്തു. പക്ഷേ ഋഷികേശ് അതിൽ നിന്ന് പിന്മാറിയില്ല.
കറ്റാർവാഴ കൃഷിയിൽ നിന്ന് സോപ്പ്, ഷാംപൂ,പലതരത്തിലുള്ള ജ്യൂസുകൾ തുടങ്ങി ഒട്ടേറെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് ലക്ഷങ്ങളുടെ ബിസിനസാണ് ഇപ്പോൾ ഈ യുവകർഷകൻ ചെയ്യുന്നത്. മാത്രമല്ല അദ്ദേഹം ആദ്യം താമസിച്ചിരുന്നത് മണ്ണുകൊണ്ട് നിർമ്മിച്ച ഒരു വീട്ടിൽ ആയിരുന്നു. ഇന്നിപ്പോൾ കറ്റാർവാഴ കൃഷിയിലൂടെ രണ്ടു നില വീടും ഫോർച്യൂണർ കാറും സ്വന്തമാക്കാൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടുകൂടി ഇദ്ദേഹം പറയുന്നു.
Discussion about this post