കാടുകളുടെ അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന പ്രശസ്ത ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിറ മിയാവാക്കി(93) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തരിശുഭൂമിയില്‍ സ്വാഭാവിക വനങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്ന ആശയം നടപ്പാക്കിയ സസ്യശാസ്ത്രജ്ഞനായിരുന്നു അകിറ മിയാവാക്കി.
150-200 വര്‍ഷങ്ങളെടുത്ത് രൂപം കൊള്ളുന്ന വനങ്ങളെ സമാന രീതിയില്‍ വെറും 30 വര്‍ഷം കൊണ്ട് സൃഷ്ടിച്ചെടുക്കാമെന്നതായിരുന്നു മിയാവാക്കിയുടെ ആശയം. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് മിയാവാക്കി ഈ ആശയം അവതരിപ്പിച്ചത്. തുടര്‍ന്ന് മിയാവാക്കിയുടെ ആശയം അംഗീകരിക്കപ്പെടുകയായിരുന്നു. 94 ലെ പാരിസ് ജൈവവൈവിധ്യ കോണ്‍ഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഈ ആശയം അംഗീകരിച്ചു.’മിയാവാക്കി കാടുകള്‍’ എന്ന വിശേഷണവുമായി ജപ്പാനിലും മറ്റ് നിരവധി രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകള്‍ രൂപംകൊണ്ടു.
മിയാവാക്കിയുടെ മികച്ച ആശയത്തിനും പ്രവര്‍ത്തനത്തിനുമായി ഒട്ടനേകം പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.പല സര്‍വകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഇന്‍ ഇക്കോളജി ഡയറക്ടറായും പ്രവര്‍ത്തിച്ചു.വനവല്‍ക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളായ ദ് ഹീലിങ് പവേഴ്‌സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്റ്റ് ദ് പീപ്പിള്‍ യു ലവ്, പ്ലാന്റ് ട്രീസ് തുടങ്ങിയവയുടെ കര്‍ത്താവാണ്.
2018ല്‍ തിരുവനന്തപുരത്ത് ആദ്യ മിയാവാക്കി വനത്തിനു തുടക്കമിട്ടു. ടൂറിസം വകുപ്പ്, കെഡിസ്‌ക് എന്നിവയ്ക്കു കീഴിലും സ്വകാര്യ ഭൂമിയിലുമായി എണ്‍പതോളം മിയാവാക്കി കാടുകള്‍ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.
Discussion about this post