എറണാകുളം: കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപപദ്ധതി. ഇതിനോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇപ്പൊൾ അപേക്ഷിക്കാവുന്നതാണ്.
കാടുവെട്ട് യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻ സോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ , സ്പ്രേയറുകൾ, ഏണികൾ, വീൽ ബാരോ, കൊയ്ത്തുയന്ത്രം, ഞാറ് നടീൽ യന്ത്രം, നെല്ല് കുത്ത് മിൽ , ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് എന്നിവ സബ്സിഡിയോടെ ലഭിക്കും. ചെറുകിട കർഷകർക്ക് 50 മുതൽ 60 ശതമാനം സബ്സിഡി നിബന്ധനകളോടെ ലഭിക്കും. അംഗീകത കാർഷിക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കിൽ നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനവും സബ്സിഡിയായി ലഭിക്കും.
ഓൺലൈൻ പോർട്ടലായ http://agimachinery.nic.in സന്ദർശിച്ച് കർഷകർക്ക് രജിസ്റ്റർ ചെയ്യാം. അക്ഷയ കേന്ദ്രം, കൃഷിഭവൻ, ഡീലർമാർ, കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം എന്നിവ മുഖേനയും രജിസ്റ്റർ ചെയ്യണം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ ,കരം അടച്ച രസീത് / പാട്ട കരാർ, ബാങ്ക് പാസ്ബുക്കിൻ്റെ ആദ്യ പേജ് , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാൻ കാർഡ്/ വോട്ടർ ഐഡി /ഡ്രൈവിംഗ് ലൈസൻസ് എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8606069173, 9846761272
Discussion about this post