ഇഞ്ചി
ഔഷധഗുണങ്ങള്‍ ഏറെ ഉള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി എന്ന സസ്യത്തിന്റെ ഭൂമിക്കടിയില്‍ വളരുന്ന കാണ്ഡമാണ് ഉപയോഗയോഗ്യം.നല്ല രീതിയിലുള്ള പരിചരണവും, വളവും നല്‍കേണ്ട കൃഷിയാണ് ഇഞ്ചി. നല്ല വളക്കൂറുള്ളതും, നീര്‍വാര്‍ച്ചയുള്ളതും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് അടിവളമായി ഉണങ്ങിയ ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ടു വാരം എടുത്തു ആ വാരത്തിലെ തടങ്ങളിലാണ് ഇഞ്ചി വിത്തുകള്‍ നടേണ്ടത്. തടത്തിലും ഉണങ്ങിയ ചാണകപ്പൊടി ച്ചേര്ത്തു മുകളില്‍ മണ്ണിട്ട് പച്ചയില പുതയിടണം. ഓരോപ്രവശ്യവും കളകള്‍ നീക്കം ചെയ്തു വളം ചേര്ത്ത് കഴിഞ്ഞാല്‍ മണ്ണ് കൂട്ടി കൊടുക്കണം. നട്ടു എട്ടു മാസമാകുമ്പോള്‍ ഇലകള്‍ ഉണങ്ങി തുടങ്ങുമ്പോഴാണ് ഇഞ്ചി വിളവെടുക്കേണ്ടത്. ചീയല്‍, തണ്ടുതുരപ്പന്‍, പുള്ളിക്കുത്ത് തുടങ്ങിയവയാണ് ഇഞ്ചിയെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങള്‍ ഇവയ്ക്ക് കുമിള്‍ നാശിനി, രാസകീടനാശിനി എന്നിവ ഫലപ്രദമാണ്.
കാബേജ്
ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്.വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. തൈകള്‍ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്, സൂപ്പര്‌ഫോസ്‌ഫേറ്റ് എന്നിവ ചേര്ത്ത് 50 രാ ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം.ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.
കാന്താരി മുളക്
ഏതു കാലാവസ്ഥയിലും നന്നായി വളര്ന്നു കായ്ക്കുന്ന മുളകിനം ആണ് കാന്താരി.മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്തു ഉണക്കിയ ശേഷം വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടി വളമായി ചാണകപൊടി, കമ്പോസ്റ്റ് ഇവയില്‍ ഏതെങ്കിലും നല്കാം. വേനല്‍ കാലത്ത് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് കീടബാധ ഏല്ക്കാത്ത മുളകിനം ആണ് കാന്താരി. 4-5 വര്‍ഷം വരെ ഒരു കാന്താരിയില്‍ നിന്നും കായ്ഫലം ലഭിക്കും. ഇത് ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.
വഴുതന (കത്തിരിക്ക)
എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്‍മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്‍ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക് ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്താല്‍ 3 വര്‍ഷത്തോളം വിളവു ലഭിക്കും.
ചേന
ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല് കി.ഗ്രാം തൂക്കവുമുള്ള ചേന കഷണങ്ങളായി മുറിച്ച് ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന് മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്‍ത്ത കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത് വച്ച് ബാക്കി മണ്ണിട്ട് മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട് കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന് 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്. നട്ട് ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്‍ നിന്ന് ഒന്നിലധികം കിളിര്‍പ്പ് വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്‍ക്കാലത്ത് ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. നടുമ്പോള്‍ മുതല്‍ തന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട് പുതയിടുന്നത് കളശല്യം ഒഴിവാക്കാനും ഈര്‍പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്‍ നിരന്നും പൂര്‍ണമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന് കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ് നല്‍കിയത്. ഗജേന്ദ്ര ഇനത്തിന് ഓരോ മൂടില്‍ നിന്നും ശരാശരി 2 കി.ഗ്രാം വിളവ് ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്‍മയും ചേര്‍ത്ത് കൊടുക്കുന്നത് കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട് 8-9 മാസങ്ങള്‍ കഴിഞ്ഞ് ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post