ലോക ബാങ്കിൻറെ സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തലയിൽ അഗ്രോ പാർക്ക് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ചകളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. 1980 ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കൃഷി വകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചേർത്തല പൊലിമയുടെ ഭാഗമായി കരപ്പുറത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന തരത്തിൽ പ്രത്യേക പ്രദർശന മേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേളയുടെ ഭാഗമായി 120 സ്റ്റാളുകളാണ് ഒരുക്കിയത്. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന ദ്വിതീയ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾക്കാണ് പ്രാധാന്യം നൽകിയത്. അതിലൂടെ ഒരു കോടിയിൽ അധികം രൂപയുടെ വിറ്റു വരവ് ഉണ്ടായി.
ദ്വിതീയ കാർഷിക മേഖലയിൽ ഇടപെടുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി കാബ്കോ ആരംഭിച്ചു. കാബ്കോയുടെ നേതൃത്വത്തിൽ കര്‍ഷകരുടെ വിളകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായി ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ സംരംഭകരുടെ ഭാവി സംരംഭങ്ങൾക്ക് അനുയോജ്യമായ വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനായി വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ മേളയുടെ ഭാഗമായി ഡിപിആർ ക്ലിനിക് നടത്തി. മേളയുടെ ഭാഗമായി നടന്ന വിവിധ സെമിനാറുകളിൽ 1200 ലധികം കർഷകർ പങ്കെടുത്തായും മന്ത്രി അറിയിച്ചു. 2023 നടന്ന ആദ്യ കരപ്പുറം കാഴ്ചകളുടെ ഭാഗമായി തീരുമാനിച്ച ചെറുധാന്യങ്ങളുടെ സംസ്കരണശാല ചേർത്തലയിൽ ആരംഭിക്കുവാൻ പോവുകയാണ്. ചേർത്തലയിൽ നടപ്പിലാക്കിയ കൂൺ ഗ്രാമം പദ്ധതിയിലൂടെ ഔഷധ മേൻമയുള്ള കൂണുകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ചേർത്തലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കിഴങ്ങ് വർഗ്ഗവിളകളുടെ പ്രദർശന തോട്ടവും വികസന പരിപാടികളും നടപ്പിലാക്കി.
തണ്ണീർമുക്കം മുഹമ്മ പഞ്ചായത്തുകളിൽ കൃഷി വിജ്ഞാൻ കേന്ദ്രയുടെ പ്രവർത്തനമാരംഭിച്ചൂ. എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് സെമിനാറുകളിൽ ഉയർന്നവന്ന ആശയങ്ങളെ ഉൾക്കൊള്ളിച്ച് മൂന്ന് മാസത്തിനകം ചേർത്തല പൊലിമയുടെ പദ്ധതി രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു
Content summery : Agriculture Minister P Prasad said that an agro park will be established in Cherthala as part of the KERA project being implemented with the help of the World Bank.
Discussion about this post