കേരളത്തിലെ കാർഷികമേഖലയിലെ പുതിയ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഈ പദ്ധതി പ്രകാരം കർഷകർ, കർഷക ഉൽപാദന സംഘടനകൾ (എഫ് പി ഒ ) പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, മാർക്കറ്റിംഗ് സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും. ഇ – മാർക്കറ്റിംഗ് പ്ലാറ്റ്ഫോം, വെയർ ഹൗസുകൾ, സി ലോസ്, പാക്ക് ഹൗസുകൾ, അസയിങ് യൂണിറ്റ്, സോർട്ടിംഗ്- ഗ്രേഡിങ് യൂണിറ്റുകൾ, എന്നിവയുൾപ്പെടെയുള്ള സപ്ലൈ ചെയിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക. ഓൺലൈൻ പോർട്ടൽ മുഖേന നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
ഇതിനായി agriinfra.dac.gov.in എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി രൂപപ്പെടുത്തി സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനായി രണ്ടുകോടി രൂപ വരെ സംരംഭകർക്ക് ഈട് നൽകേണ്ടതില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല ക്രെഡിറ്റ് ഇൻസെന്റീവ് സ്കീം പ്രകാരം 3 ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നിലവിൽ തിരഞ്ഞെടുത്ത ബാങ്കുകൾ വഴിയാകും വായ്പ ലഭ്യമാക്കുക. യൂക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിന്ദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ.
Discussion about this post