ഗുണമേന്മയിൽ മുൻപന്തിയിൽ ഉള്ള മലേഷ്യൻ തെങ്ങിൻ തൈകളും, കാർഷിക വിളകളുടെ വിത്തുകളും നൽകാമെന്ന് പറഞ്ഞ് കർഷകരുടെ കയ്യിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആനിക്കാട് പുന്നവേലി പടിഞ്ഞാറെമുറി വെളിയംകുന്ന് വി പി ജയിംസ് എന്ന ജോമോനാണ് പോലീസിൻറെ പിടിയിലായത്. കേരള മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിൻറെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചിട്ടാണ് ജോമോൻ തട്ടിപ്പ് നടത്തിയത്. ഈ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ജോമോൻ കർഷകരെ പരിചയപ്പെടുകയും, മേന്മയേറിയ വിത്തുകളും നൽകാമെന്ന് അറിയിച്ചാണ് പണം തട്ടിയത്. നിക്ഷേപമായി പണം വാങ്ങുന്നതാണ് രീതി. കേരള അഗ്രികൾച്ചറൽ ഫാമിന്റെ ഔദ്യോഗിക പ്രതിനിധി എന്ന നിലയിൽ സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിത്തുകളുടെ ഫോട്ടോയും വില വിവരങ്ങളും കാണിച്ചാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്.
വേങ്ങൽ വേലൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയിലാണ് പോലീസ് ജോമോനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിൻറെ കയ്യിൽ നിന്ന് പ്രതി 6 ലക്ഷത്തിലധികം രൂപയാണ് ഇതുവരെ തട്ടിയെടുത്തിരിക്കുന്നത്. ജോമോൻ ഇതേ രീതിയിൽ 60 ലക്ഷം രൂപ തട്ടിയെടുത്തതായി മറ്റൊരു വ്യക്തിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തൃശ്ശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് തട്ടിപ്പ് കൂടുതലായും നടത്തിയിരിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോട്ടയത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post