സഫാവു പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണുന്ന ഫലച്ചെടിയാണ് സഫാവു. ആഫ്രിക്കന്‍ പിയര്‍ എന്നും വെണ്ണപ്പഴം എന്നും ഇത് അറിയപ്പെടുന്നു. ആഫ്രിക്കയില്‍ കോംഗോ, കാമറൂണ്‍, നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളിലാണ് സഫാവു കൂടുതല്‍ കണ്ടുവരുന്നത്. ഇവിടങ്ങളിലെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ഈ പഴം. കേരളത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത ഈ പഴം കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. നാലഞ്ചു വര്‍ഷം കൊണ്ട് നാട്ടില്‍ സഫാവു ഫലമണിയും.
വെണ്ണയുടെ രുചിയുള്ള ഈ പഴം വയലറ്റ്, നീല, കരിനീല നിറങ്ങളില്‍ കാണപ്പെടുന്നു. ഇതിന്റെ കായ്കള്‍ക്ക് 7 സെന്റിമീറ്റര്‍ വരെ വലിപ്പം ഉണ്ടാകാറുണ്ട്. വേനല്‍ക്കാലത്ത് ശാഖാഗ്രങ്ങളിലാണ് കായ്കള്‍ കൂട്ടമായി വിരിയുന്നത്. ഒരു കുലയില്‍ തന്നെ പത്തോളം കായ്കകളുണ്ടാകും. ചെറുവഴുതനയുടെ രൂപത്തിലുള്ള ഈ പഴങ്ങള്‍ നാല് മാസം കൊണ്ട് വിളഞ്ഞു പഴുക്കും. ഇത് നേരിട്ടോ പുഴുങ്ങിയോ സാലഡായോ വറുത്തോ കഴിക്കാം. നൂറു ഗ്രാം പഴത്തില്‍ 650 കലോറിയും നല്ലൊരളവ് പ്രോട്ടീനും അടങ്ങിയിരിക്കുന്നു. സഫാവു പഴത്തിന്റെ വിത്തില്‍ നിന്നെടുക്കുന്ന എണ്ണയില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
സഫാവു വൃക്ഷങ്ങളുടെ പൂക്കാലം ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇവ വളര്‍ത്താന്‍ പരിചരണവും കുറച്ചുമതി. വിത്താണ് നടീല്‍ വസ്തു. വെള്ളക്കെട്ട് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമല്ല. ചെറുകുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് നടാം. ഇടത്തരം തണുപ്പുള്ള പ്രദേശങ്ങളിലും സഫാവു വളരും. ഇടയ്ക്ക് മുകള്‍ നാമ്പ് നുള്ളുന്നത് കൂടുതല്‍ ശാഖകള്‍ വളരാന്‍ സഹായിക്കും.
Discussion about this post