ഉരുളക്കിഴങ്ങിന്റെ പകരക്കാരനാണ് എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ പരിചയപ്പെടുത്തുകയാണ് ഗോപു കൊടുങ്ങല്ലൂർ. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനാകുമെങ്കിലും അത്രത്തോളം രുചികരമല്ല.എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടുകൾക്കു മുൻപ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്റെ പതിന്മടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്.
കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിളയാണ് അടതാപ്പ്. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനുമാകും. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന് മുട്ടിന് കണക്കില്ലാതെ കായകൾ ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ള കായകൾ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായകളും ലഭിക്കാറുണ്ട്.സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗൺ നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.
വള്ളികളിൽ ഉണ്ടാകുന്ന മേക്കായയാണ് നടാനുപയോഗിക്കുന്നത്. ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്ന ശേഷമാണ് കൃഷിയിറക്കുന്നത്. കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം. ചെടികൾക്കിടയിലും വരികൾക്കിടയിലും 50 സെന്റിമീറ്റർ ഇടയകലം പാലിച്ചുകൊണ്ട് വേണം നടാൻ.ചൂട് കൂടിയ മാസങ്ങളിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്.ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഓരോ മാസവും കളകൾ നീക്കണം.
180 -200 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് നടത്താം .എന്നാൽ മണ്ണിനടിയിലുള്ള കിഴങ്ങു വിളവെടുക്കുന്നത് 2 മുതൽ 3 വർഷത്തിന് ശേഷമാണ് . ഒക്ടോബർ – നവംബർ മാസങ്ങളാണ് വിളവെടുക്കാൻ പറ്റിയ സമയം.
കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post